Football

2026 ഫിഫ ലോകകപ്പ്; ഡിസംബര്‍ അഞ്ചിന് നറുക്കെടുപ്പ്

ഫൈനലിന് മുന്‍പ് സ്‌പെയിന്‍-അര്‍ജന്റീന, ഫ്രാന്‍സ്-ഇംഗ്ലണ്ട് മല്‍സരമുണ്ടാവില്ല

2026 ഫിഫ ലോകകപ്പ്; ഡിസംബര്‍ അഞ്ചിന് നറുക്കെടുപ്പ്
X

വാഷിങ്ടണ്‍: 2026 ഫിഫ ലോകകപ്പ് ടീം നറുക്കെടുപ്പ് വരുന്ന ഡിസംബര്‍ അഞ്ചിന്. അടുത്ത വര്‍ഷം അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ ആരൊക്കെ, ഏതെല്ലാം ഗ്രൂപ്പില്‍ അണിനിരക്കുമെന്നത് ഡിസംബര്‍ അഞ്ചിന് അറിയാം. അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയിലാണ് 48 ടീമുകളുടെ നറുക്കെടുപ്പ് നടക്കുന്നത്. 48 ടീമുകളെ ഉള്‍പ്പെടുത്തിയുള്ള ആദ്യ ഫിഫ ലോകകപ്പാണ് അടുത്ത വര്‍ഷം അരങ്ങേറുന്നത്. അതേസമയം ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. 42 ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന ആറു സ്ഥാനങ്ങള്‍ക്കുള്ള പ്ലേ ഓഫ് മല്‍സരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കും. ഈ സ്ഥാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഡിസംബര്‍ അഞ്ചിന് നറുക്കെടുപ്പ് നടക്കുന്നത്.


ഫിഫ റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള നാലു ടീമുകളായ സ്‌പെയിന്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ സെമി വരെ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കിയാണ് ഫിഫ ഫിക്‌സ്ചര്‍ തയ്യാറാക്കിയിരിക്കുന്നത്. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ സ്‌പെയിനും രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും തമ്മില്‍ ഫൈനലിനു മുന്‍പ് മുഖാമുഖമെത്തില്ല. മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സും നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലും ഫൈനലിനു മുന്‍പൊരു പോരാട്ടവുമുണ്ടാവില്ല. ഗ്രൂപ്പ് റൗണ്ടിനു ശേഷം രണ്ടു ഭാഗങ്ങളായാണ് നോക്കൗട്ട്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി വരെ മല്‍സരങ്ങള്‍ നടക്കുന്നത്. മുന്‍നിര ടീമുകള്‍ ഗ്രൂപ്പിലെ മല്‍സരത്തിനു ശേഷം രണ്ടുവഴിക്കാവും മുന്നോട്ടു കുതിക്കുന്നത് എന്നതിനാല്‍ ഫൈനലിനു മുന്‍പ് ഒരു ഏറ്റുമുട്ടല്‍ ഒഴിവാകും.


48 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ 12 ഗ്രൂപ്പുകളിലായാണ് ആദ്യ ഘട്ട മല്‍സരങ്ങള്‍ നടക്കുക. ഗ്രൂപ്പില്‍ നിന്നുള്ള മികച്ച രണ്ടു ടീമുകളും, മൂന്നാം സ്ഥാനക്കാരിലെ മികച്ച എട്ടുപേരും 32 ടീമുകള്‍ കളിക്കുന്ന നോക്കൗട്ടില്‍ ഇടം നേടും. ലോകകപ്പിലേക്ക് ശേഷിക്കുന്ന ആറു സ്ഥാനങ്ങള്‍ക്കായി 18 ടീമുകളാണ് മാര്‍ച്ചില്‍ നടക്കുന്ന പ്ലേ ഓഫില്‍ ഏറ്റുമുട്ടുന്നത്. നാലു തവണ ലോകജേതാക്കളായ ഇറ്റലിയും പ്ലേ ഓഫില്‍ കളിക്കും. ഇവരെയെല്ലാം നാലാം പോട്ടിലാണ് നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇറ്റലി യോഗ്യത നേടിയാല്‍, ലോകറാങ്കിങ്ങിലെ 12ാം സ്ഥാനക്കാര്‍ പോട്ട് ഒന്നിലുള്ള മുന്‍നിരക്കാരുമായി ഗ്രൂപ്പ് മല്‍സരത്തിന് വഴിയൊരുങ്ങും.


Next Story

RELATED STORIES

Share it