Feature

രോഗം വില്ലനായി; സെര്‍ജിയോ അഗ്വേറോയുടെ കരിയറിന് വിരാമം

ജീവിതത്തില്‍ എടുത്ത ഏറ്റവും വേദനയേറിയ തീരുമാനമാണ് വിരമിക്കല്‍ പ്രഖ്യാപനമെന്നും താരം പറഞ്ഞു.

രോഗം വില്ലനായി; സെര്‍ജിയോ അഗ്വേറോയുടെ കരിയറിന് വിരാമം
X

അര്‍ജന്റീനയുടെ ബാഴ്‌സലോണ സൂപ്പര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോയുടെ ഫുട്‌ബോള്‍ കരിയറിന് അവസാനം. അടുത്തിടെ ഹൃദയസംബന്ധമായ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് താരം ഇന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ക്യാംപ് നൗവിലാണ് പ്രഖ്യാപനം നടത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയിലെ നീണ്ട കരിയറിന് ശേഷം ഈ സീസണിലാണ് താരം ബാഴ്‌സയിലെത്തിയത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് ബാഴ്‌സയ്ക്കായി മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്നു. തുടര്‍ന്ന് അടുത്തിടെയാണ് ടീമില്‍ തിരിച്ചെത്തിയത്. അവസാനമായി ആല്‍വ്‌സിനെതിരേയാണ് കളിച്ചത്.

ആല്‍വ്‌സിനെതിരായ മല്‍സരത്തിനിടെ താരത്തിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൃദയമിടിപ്പ് സ്വാഭാവികമല്ലെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് താരം കറ്റാലന്‍സിനായി കളിച്ചിരുന്നില്ല. തുടര്‍ന്ന് അഗ്വേറ കരിയര്‍ അവസാനിപ്പിക്കുന്നു എന്ന് തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ താരം അത് നിഷേധിക്കുകയും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം രോഗ വിവരങ്ങള്‍ പുറത്ത് വിടുമെന്നും അറിയിച്ചിരുന്നു. താരത്തിന്റെ ഹൃദയത്തിന് തകരാറുണ്ടെന്നും ഫുട്‌ബോളില്‍ തുടര്‍ന്ന് കളിക്കാന്‍ ആകില്ലെന്നും ഡോക്ടര്‍മാര്‍ വിധി എഴുതുകയായിരുന്നു.


തുടര്‍ന്ന് ഇന്ന് ക്യാംപ് നൗവിലാണ് വിരമിക്കല്‍ വാര്‍ത്ത പ്രഖ്യാപിച്ചത്. 33കാരനായ അഗ്വേറ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായിരുന്നു.2011ലാണ് അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. കഴിഞ്ഞ വര്‍ഷമാണ് താരം സിറ്റിയില്‍ നിന്ന് വിടപറഞ്ഞത്. മോശം ഫോമിനെ തുടര്‍ന്ന് ക്ലബ്ബില്‍ അവസരം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു വിടവാങ്ങല്‍. മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വിദേശ താരമെന്ന റെക്കോഡ് അഗ്വേറയുടെ(184) പേരിലാണ്. സിറ്റിയ്ക്കായി നിരവധി കിരീടങ്ങള്‍ നേടിയ താരമാണ്. 2005ലും 2007ലും അര്‍ജന്റീനയ്ക്കായി അണ്ടര്‍ 20 ലോകകപ്പ് നേടിയിരുന്നു. 427 കരിയര്‍ ഗോളുകളും 20 പ്രധാന കിരീടങ്ങളും അഗ്വേറയുടെ അക്കൗണ്ടിലുണ്ട്. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മകളുടെ ഭര്‍ത്താവാണ് അഗ്വേറോ.അര്‍ജന്റീനയ്ക്കായി 101 മല്‍സരങ്ങളില്‍ നിന്നായി 42 ഗോളുകള്‍ നേടിയിട്ടുണ്ട്.

ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള സമയമാണിതെന്നും ജീവിതത്തില്‍ എടുത്ത ഏറ്റവും വേദനയേറിയ തീരുമാനമാണ് വിരമിക്കല്‍ പ്രഖ്യാപനമെന്നും താരം പറഞ്ഞു.







Next Story

RELATED STORIES

Share it