Feature

കുട്ടിക്രിക്കറ്റിലെ കിരീടത്തിനായി തീപ്പാറും പോരാട്ടം; ദുബയില്‍ ഇനി ട്വന്റി-20 ലോകകപ്പ് ആരവം

ഉദ്ഘാടന മല്‍സരത്തില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.

കുട്ടിക്രിക്കറ്റിലെ കിരീടത്തിനായി തീപ്പാറും പോരാട്ടം; ദുബയില്‍ ഇനി ട്വന്റി-20 ലോകകപ്പ് ആരവം
X


ദുബയ്: കുട്ടിക്രിക്കറ്റിലെ രാജാക്കന്‍മാര്‍ക്കായുള്ള പോരാട്ടത്തിന് നാളെ ദുബയില്‍ തുടക്കമാവും. ഐപിഎല്ലിന്റെ വെടിക്കെട്ടിന് വേദിയായ ദുബയ്, ഷാര്‍ജ , അബുദാബി എന്നിവിടങ്ങളിലായാണ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. ഏഴാമത് ട്വന്റി-20 ലോകകപ്പിന്റെ എഡിഷനാണ് നാളെ തുടക്കമാവുന്നത്. ഇന്ത്യയില്‍ നടക്കേണ്ട ടൂര്‍ണ്ണമെന്റ് കൊവിഡിനെ തുടര്‍ന്ന് ദുബയിലേക്ക് മാറ്റുകയായിരുന്നു. നിലവിലെ ചാംപ്യന്‍മാര്‍ വെസ്റ്റ്ഇന്‍ഡീസാണ്. ഇന്ത്യയാണ് കിരീട ഫേവററ്റുകള്‍. സന്നാഹ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയും തോല്‍പ്പിച്ച ഇന്ത്യ മികച്ച ഫോമിലാണ്. യോഗ്യതാ റൗണ്ടിലെ അവസാന മല്‍സരം ഇന്ന് പൂര്‍ത്തിയാകുന്നതോടെ സൂപ്പര്‍ 12ലേക്കുള്ള നാലാം സ്ഥാനക്കാരെ ഇന്നറിയാം. ശ്രീലങ്ക, ബംഗ്ലാദേശ്, സ്‌കോട്ട്‌ലന്റ് എന്നിവരാണ് സൂപ്പര്‍ 12ല്‍ എത്തിയ മറ്റ് ടീമുകള്‍.


സൂപ്പര്‍ 12ല്‍ രണ്ട് ഗ്രൂപ്പുകളായി 12 ടീമുകള്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, വെസ്റ്റ്ഇന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവരാണ് അണിനിരക്കുന്നത്.ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്റ്, അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്‌ലന്റ്, ഗ്രൂപ്പ് എയിലെ നമീബിയ അയര്‍ലന്റ് മല്‍സരത്തിലെ വിജയികള്‍ എന്നിവര്‍ ഏറ്റുമുട്ടും.


നാളെ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 3.30ന് അബുദാബിയിലാണ് മല്‍സരം. ദുബായില്‍ രാത്രി 7.30ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഇംഗ്ലണ്ടും ചാംപ്യന്‍മാരായ വെസ്റ്റ്ഇന്‍ഡീസും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.ചിരവൈരികളായ പാകിസ്ഥാനുമായി രാത്രി 7.30ന് ദുബയിലാണ് മല്‍സരം. ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശും ശ്രീലങ്കയും ഏറ്റുമുട്ടും. ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് ഇന്ത്യയുടെ മുഴുവന്‍ താരങ്ങളും മികച്ച ഫോമിലാണ്. കാണികള്‍ക്ക് 70 ശതമാനം പ്രവേശനമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്.




Next Story

RELATED STORIES

Share it