അഞ്ചുവര്‍ഷത്തിന് ശേഷം ആദ്യ ടെസ്റ്റ് ജയവുമായി സിംബാബ്‌വെ

അഞ്ചുവര്‍ഷത്തിന് ശേഷം ആദ്യ ടെസ്റ്റ്  ജയവുമായി സിംബാബ്‌വെ

ധാക്ക: അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി സിംബാബ്‌വെയുടെ ഗംഭീരതിരിച്ചുവരവ്. സമീപകാലത്ത് ക്രിക്കറ്റ് ലോകത്ത് അഫ്ഗാനിസ്ഥാനും സ്‌കോട്ട്‌ലാന്റും പോലെ കുഞ്ഞു രാജ്യങ്ങള്‍ വലിയ കുതിപ്പ് നടത്തിയപ്പോള്‍ ശ്രീലങ്കയും സിംബാബ്‌വെയുമൊക്കെ തങ്ങളുടെ പ്രാതപത്തിന്റെ നിഴല്‍ മാത്രമായി മാറിയിരുന്നു.

151 റണ്‍സിനാണ് ബംഗ്ലാദേശിനെതിരായ സിംബാബ്‌വെ ജയം. രണ്ടാം ഇന്നിങ്‌സില്‍ 321 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് അവസാനദിനം 169 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ സ്വന്തം മണ്ണില്‍ നാണം കെട്ട് തലതാഴ്ത്തി ബംഗ്ലാദേശ് കൂടാരം കയറി. 17 വര്‍ഷത്തിനുശേഷമാണ് സിംബാബ്‌വെ വിദേശമണ്ണില്‍ ഒരു ടെസ്റ്റില്‍ ജയം നേടുന്നത്.

2001 നവംബറിലാണ് ഇതിന് മുമ്പ് സിംബാബ്‌വെ വിദേശമണ്ണില്‍ ഒരു ടെസ്റ്റ് ജയിച്ചത്. വിദേശത്ത് സിംബാബ്‌വെ നേടുന്ന മൂന്നാമത്തെ ജയമാണിത്. രണ്ടാം ഇന്നിങ്‌സില്‍ 21 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ബ്രണ്ടന്‍ മാവുട്ടയുടെ പ്രകടനമാണ് സിംബാബ്‌വെയ്ക്ക് ജയം എളുപ്പമാക്കിയത്.

മൂന്നു വിക്കറ്റുമായി ബംഗ്ലാദേശിന്റെ നടുവൊടിച്ച സിക്കന്ദര്‍ റാസയും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. 43 റണ്‍സെടുത്ത ഇമ്രുല്‍ കെയ്‌സും 38 റണ്‍സെടുത്ത ആരിഫുള്‍ ഹഖും മാത്രമേ ബംഗ്ലാ നിരയില്‍ ചെറിയ ചെറുത്തുനില്‍പ്പെങ്കിലും നടത്താനായുള്ളൂ. ബംഗ്ലാദേശിന്റെ അവസാന മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ പൂജ്യത്തിന് പുറത്തായി.
RELATED STORIES

Share it
Top