Cricket

ലോകകപ്പ്; ബംഗ്ലാ കടുവകളെ മെരുക്കാന്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 257 റണ്‍സ്

ലിട്ടണെക്കാള്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത് യുവതാരം തന്‍സിദാണ്.

ലോകകപ്പ്; ബംഗ്ലാ കടുവകളെ മെരുക്കാന്‍ ഇന്ത്യയ്ക്ക് ലക്ഷ്യം 257 റണ്‍സ്
X

പൂനെ: ലോകകപ്പില്‍ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ട് ബംഗ്ലാദേശിനെതിരേ ഇറങ്ങിയ ഇന്ത്യയ്ക്ക് ജയിക്കാന്‍ 257 റണ്‍സ് വേണം. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ലിട്ടണ്‍ ദാസിന്റെയും തന്‍സിദ് ഹസന്റെയും അര്‍ധസെഞ്ചുറികളും അവസാന ഓവറുകളിലെ മഹ്‌മുദുള്ളയുടെ ചെറുത്തുനില്‍പ്പുമാണ് ബംഗ്ലാദേശിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ബംഗ്ലാദേശിനായില്ല.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ തന്‍സിദ് ഹസനും ലിട്ടണ്‍ ദാസും ചേര്‍ന്ന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ യാതൊരു കൂസലുമില്ലാതെ നേരിട്ട ഇരുവരും അനായാസം സ്‌കോര്‍ ഉയര്‍ത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ ആധിപത്യം പുലര്‍ത്താനും ബംഗ്ലാദേശിന് സാധിച്ചു. ഇതിനിടെ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തി. മത്സരത്തിന്റെ ഒമ്പതാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്.

ഹാര്‍ദിക് എറിഞ്ഞ ഒമ്പതാം ഓവറിലെ മൂന്നാം പന്തില്‍ ബംഗ്ലാദേശ് ഓപ്പണര്‍ തന്‍സിദ് ഹസന്‍ ഒരു സ്‌ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി നേടിയിരുന്നു. ഈ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉടന്‍ ടീം ഫിസിയോ എത്തി താരത്തെ പരിശോധിച്ചു. പിന്നീട് ബൗള്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും താരത്തിന് സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹം മൈതാനം വിട്ടു. വിരാട് കോലിയാണ് ഓവറിലെ ശേഷിച്ച പന്തുകള്‍ ബൗള്‍ ചെയ്തത്.

ലിട്ടണെക്കാള്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത് യുവതാരം തന്‍സിദാണ്. താരം അര്‍ധസെഞ്ചുറി നേടുകയും ചെയ്തു. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയതിനുപിന്നാലെ തന്‍സിദിനെ കുല്‍ദീപ് യാദവ് പുറത്താക്കി. 43 പന്തില്‍ അഞ്ച് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 51 റണ്‍സെടുത്ത തന്‍സിദിനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തന്‍സിദ് പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 97-ല്‍ എത്തിയിരുന്നു. പിന്നാലെ ലിട്ടണ്‍ ദാസും അര്‍ധസെഞ്ചുറി നേടി. തന്‍സിദിന് പകരം നായകന്‍ നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോ ക്രീസിലെത്തി. എന്നാല്‍ വെറും എട്ടുറണ്‍സെടുത്ത താരത്തെ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ ബംഗ്ലാദേശ് പതറി.

പിന്നാലെ വന്ന മെഹ്ദി ഹസ്സന്‍ മിറാസിനും ക്രീസിലുറച്ചുനില്‍ക്കാനായില്ല. വെറും മൂന്ന് റണ്‍സ് മാത്രമെടുത്ത മിറാസിനെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുലിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ബംഗ്ലാദേശ് വലിയ തിരിച്ചടി നേരിട്ടു. വിക്കറ്റ് നഷ്ടപ്പെടാതെ 97 റണ്‍സ് എന്ന സ്‌കോറില്‍ നിന്ന് മൂന്നിന് 129 എന്ന നിലയിലേക്ക് ബംഗ്ലാദേശ് വഴുതിവീണു. മിറാസിന് പുറകേ മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണര്‍ ലിട്ടണ്‍ ദാസും മടങ്ങി. 88 പന്തുകളില്‍ നിന്ന് ഏഴ് ബൗണ്ടറിയുടെ സഹായത്തോടെ 66 റണ്‍സെടുത്ത താരത്തെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. മികച്ച തുടക്കത്തിനുശേഷം ബംഗ്ലാദേശ് അപ്രതീക്ഷിതമായ തകര്‍ച്ച നേരിട്ടു. പിന്നീട് ക്രീസിലൊന്നിച്ച തൗഹിദ് ഹൃദോയിയും മുഷ്ഫിഖുര്‍ റഹീമും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വിജയിച്ചില്ല. ടീം സ്‌കോര്‍ 179-ല്‍ നില്‍ക്കേ ഹൃദോയിയെ ശാര്‍ദൂല്‍ ഠാക്കൂര്‍ പുറത്താക്കി. 16 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

ആറാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച സീനിയര്‍ താരങ്ങളായ മുഷ്ഫിഖുര്‍ റഹീമും മഹ്‌മുദുള്ളയും ചേര്‍ന്ന് ടീം സ്‌കോര്‍ 200 കടത്തി. എന്നാല്‍ ഈ കൂട്ടുകെട്ടിനും അധികം ആയുസ്സുണ്ടായില്ല. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിച്ചുവന്ന മുഷ്ഫിഖുറിനെ പുറത്താക്കി ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. 38 റണ്‍സെടുത്ത താരം ജഡേജയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. എട്ടാമനായി വന്ന നസും അഹമ്മദിനെ ചേര്‍ത്തുനിര്‍ത്തി മഹ്‌മുദുള്ള അവസാന ഓവറില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. രണ്ട് ബൗണ്ടറികള്‍ നേടിക്കൊണ്ട് നസുമും മഹ്‌മുദുള്ളയ്ക്ക പിന്തുണയേകി. എന്നാല്‍ 47-ാം ഓവറിലെ അഞ്ചാം പന്തില്‍ നസുമിനെ രാഹുലിന്റെ കൈയ്യിലെത്തിച്ച് സിറാജ് ബംഗ്ലാദേശിന് തിരിച്ചടി നല്‍കി. 14 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

ഒരു വശത്ത് വിക്കറ്റ് കൊഴിയുമ്പോഴും മറുവശത്ത് പിടിച്ചുനിന്ന വെറ്ററന്‍ താരം മഹ്‌മുദുള്ളയുടെ ഉശിരന്‍ പ്രകടനമാണ് ബംഗ്ലാദേശിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഒടുവില്‍ അവസാന ഓവറില്‍ ബുംറയുടെ അത്യുഗ്രന്‍ യോര്‍ക്കറില്‍ മഹ്‌മുദുള്ള ക്ലീന്‍ ബൗള്‍ഡായി. 36 പന്തില്‍ 46 റണ്‍സെടുത്ത ശേഷമാണ് താരം ക്രീസ് വിട്ടത്. ഷൊറീഫുളും (7) മുസ്താഫിസുറും (1) പുറത്താവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ശാര്‍ദൂല്‍ ഠാക്കൂറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.





Next Story

RELATED STORIES

Share it