Feature

കോഹ്‌ലി ഇന്ത്യയ്ക്ക് ബാധ്യതയോ? വിശ്രമം പുറത്തേക്കുള്ള വാതില്‍

71 ഇന്നിങ്‌സുകള്‍ സെഞ്ചുറി ഇല്ലാതെ കടന്നുപോയി.

കോഹ്‌ലി ഇന്ത്യയ്ക്ക് ബാധ്യതയോ? വിശ്രമം പുറത്തേക്കുള്ള വാതില്‍
X



ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത താരമാണ് വിരാട് കോഹ്‌ലി. ഇന്ത്യയ്ക്ക് റെക്കോഡ് വിജയങ്ങള്‍ നല്‍കിയ ക്യാപ്റ്റന്‍. റെക്കോഡുകളുടെ കളിതോഴന്‍.കര്‍ക്കശകാരന്‍. ആര്‍സിബിക്കൊപ്പം കിരീടമില്ലെങ്കിലും ടീമിന്റെ അമരക്കാരന്‍. ഇങ്ങനെ പോവുന്നു കിങ് കോഹ്‌ലിയെന്ന വിരാട് കോഹ്‌ലിയുടെ നേട്ടങ്ങള്‍. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കോഹ്‌ലി പഴയ കോഹ്‌ലിയല്ല. താരത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്ക് ലോകകപ്പ് അടക്കം തുടരെ തുടരെ തോല്‍വികള്‍. വ്യക്തിഗതാ മികവും മോശം. സെഞ്ചുറികളുടെ കളിതോഴന്‍ സെഞ്ചുറി നേടിയിട്ട് മൂന്ന് വര്‍ഷം. 2019ലാണ് അവസാനം സെഞ്ചുറി നേടിയത്. ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലാണ് അവസാനം സെഞ്ചുറി നേടിയത്. 71 ഇന്നിങ്‌സുകള്‍ സെഞ്ചുറി ഇല്ലാതെ കടന്നുപോയി.


മോശം ഫോമിനെ തുടര്‍ന്ന് ബിസിസിഐ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി. ഐപിഎല്ലില്‍ ആര്‍സിബിയ്ക്കായി കിരീടം നേടാത്ത കോഹ്‌ലി കഴിഞ്ഞ സീസണിന്റെ അവസാനം ക്യാപ്റ്റന്‍ സ്ഥാനവും രാജിവച്ചു. ക്യാപ്റ്റന്റെ തലപ്പാവില്ലാതെ താരം പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഏവരും കരുതി. എന്നാല്‍ നായകസ്ഥാനമില്ലെങ്കിലും കിങ് കോഹ്‌ലിയെന്ന പദവി താരത്തിന് തിരിച്ചടിയായി. സമ്മര്‍ദ്ധങ്ങള്‍ക്കടിമപ്പെട്ട കോഹ്‌ലി തിരിച്ചുവരവ് നടത്താനാവാതെ മോശം ഫോം തുടരുകയാണ്.



ഐപിഎല്ലില്‍ ഇത്തവണ രണ്ട് തവണ ആര്‍സിബിയ്ക്കായി ഗോള്‍ഡന്‍ ഡക്കായി. നിരവധി മല്‍സരങ്ങളില്‍ സ്‌കോര്‍ 10ന് താഴെ. ഗുജാറത്ത് ടൈറ്റന്‍സിനെതിരേ അര്‍ദ്ധസെഞ്ചുറിയും മുംബൈക്കെതിരേ 48 റണ്‍സും മാത്രമാണ് ഈ ഐപിഎല്ലിലെ താരത്തിന് എടുത്ത് പറയത്തക്ക നേട്ടം. 10മല്‍സരങ്ങളില്‍ നിന്ന് വെറും 186 റണ്‍സാണ് സമ്പാദ്യം. ശരാശരി 20.67ഉം. തുടര്‍ച്ചയായ 15 ഇന്നിങ്‌സുകള്‍ക്ക് ശേഷമാണ് താരം ഐപിഎല്ലില്‍ ഒരു അര്‍ദ്ധസെഞ്ചുറി നേടിയത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ നാല് സെഞ്ചുറി നേടിയ ഏകതാരം കോഹ്‌ലിയാണ്. 2016ല്‍ നാല് സെഞ്ചുറിയും ഏഴ് അര്‍ദ്ധസെഞ്ചുറിയുമാണ് താരം നേടിയത്. ആകെ 973 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 152.03.എന്നാല്‍ ഇതിന്റെ നാലിലൊന്ന് പ്രകടനം നടത്താന്‍ താരത്തിന് കഴിയുന്നില്ല.


ഇനി ചോദ്യം വിരാട് കോഹ്‌ലിയുടെ ഭാവിയാണ്.ഇതിനോടകം തന്നെ താരത്തിന് പിന്തുണയുമായി നിരവധി താരങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. താരത്തിന് വിശ്രമം നല്‍കാനാണ് ഏവരുടെയും ആവശ്യം. സമ്മര്‍ദ്ധങ്ങള്‍ക്കടിമപ്പെടുന്ന കോഹ്‌ലി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് ഫോം വീണ്ടെടുക്കണമെന്നാണ് മുന്‍ കോച്ച് രവി ശാസ്ത്രയടക്കമുള്ളവരുടെ ഉപദേശം. ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുമ്പ് താരം ഫോമിലെത്തേണ്ടതുണ്ട്. കളിക്കാര്‍ക്ക് പഞ്ഞമില്ലാത്ത ഇന്ത്യന്‍ ടീമിന് കോഹ്‌ലിയുടെ കുറവ് ഒരു കുറവായിരിക്കില്ല. കഴിവ് കൊണ്ട് താരസമ്പന്നമാണ് ഇന്ത്യയുടെ യുവക്രിക്കറ്റര്‍മാര്‍. അവസരത്തിനൊത്ത് തിളങ്ങുന്ന യുവതാരങ്ങളുടെ കൂട്ടം തന്നെ ഇന്ത്യയ്ക്കുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കോഹ്‌ലിയെ ടീമില്‍ നിലനിര്‍ത്തി ബിസിസിഐ ഒരു പരീക്ഷണത്തിന് മുതിരില്ല.


ഐപിഎല്ലിന് ശേഷം നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് കോഹ്‌ലിയെ മാറ്റി നിര്‍ത്താനാണ് ബിസിസിഐയുടെ ആലോചന. തുടര്‍ന്നുള്ള അയര്‍ലന്റ് പര്യടനത്തില്‍ നിന്നും താരത്തെ ഒഴിവാക്കും. വിശ്രമം എന്ന പദമാണ് കിങ് കോഹ്‌ലിക്ക് വേണ്ടി ബിസിസിഐ ഉപയോഗിച്ചത്. എന്നാല്‍ ഒരു പുറത്താക്കല്‍ തന്നെയാണ് ഇത് അര്‍ത്ഥാക്കുന്നത്. അയര്‍ലന്റ് പര്യടനത്തിന് ശേഷം നടക്കുന്ന തുടര്‍ന്നുള്ള പരമ്പരയിലും താരത്തിന്റെ സ്ഥാനം എന്താവുമെന്ന് കണ്ടറിയേണ്ടതുണ്ട്. ഹാര്‍ദ്ദിക്ക് പാണ്ഡെ, അഭിഷേക് ശര്‍മ്മ, പൃഥ്വി ഷാ,സഞ്ജു സാംസണ്‍ എന്നിവര്‍ ടീമിലേക്ക് ഇടം നേടി തിളങ്ങിയാല്‍ കോഹ്‌ലി ഇനിയുള്ള കാലം പുറത്തിരിക്കേണ്ടി വരും.ആര്‍സിബിയുടെ തുടര്‍ മല്‍സരങ്ങളില്‍ തിളങ്ങി ടീമിനെ പ്ലേ ഓഫിലെത്തിക്കുന്ന പ്രകടനം കോഹ് ലി പുറത്തെടുത്താല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട് . കിങ് കോഹ്‌ലിയില്‍ നിന്ന് ഒരു സെഞ്ചുറി വീണാല്‍ അത് താരത്തിന്റെ ടീമിലെ സ്ഥാനത്തിന് തന്നെ മുതല്‍കൂട്ടാവും.




Next Story

RELATED STORIES

Share it