Cricket

മോയിന്‍ അലിക്കെതിരായ തസ്ലീമയുടെ ട്വീറ്റില്‍ പ്രതിഷേധം തുടരുന്നു

എന്നാല്‍ ചെന്നൈ മദ്യ കമ്പനിയുടെ ലോഗോ ജെഴ്‌സിയില്‍ നിന്നും മാറ്റിയിട്ടുണ്ട്.

മോയിന്‍ അലിക്കെതിരായ തസ്ലീമയുടെ ട്വീറ്റില്‍ പ്രതിഷേധം തുടരുന്നു
X


ചെന്നൈ; ഇംഗ്ലിഷ് ക്രിക്കറ്റര്‍ മോയിന്‍ അലിക്കെതിരേ പ്രമുഖ എഴുത്തുകാരി തസ്ലീമാ നസ്‌റിന്‍ നടത്തിയ വിവാദ ട്വീറ്റില്‍ പ്രതിഷേധം തുടരുന്നു. ഇംഗ്ലിഷ് താരങ്ങളായ ബെന്‍ ഡക്കെറ്റ്, ജൊഫ്രാ ആര്‍ച്ചര്‍, സാഖ്വിബ് മുഹമ്മദ് എന്നിവരാണ് ട്വീറ്റിനെതിരേ രംഗത്ത് വന്നത്. മോയിന്‍ അലി ക്രിക്കറ്റര്‍ ആയിരുന്നില്ലെങ്കില്‍ സിറിയയില്‍ പോയി ഐഎസില്‍ ചേരുമെന്നായിരുന്നു വിവാദ ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമയുടെ ട്വീറ്റ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇത്തവണ ഇറങ്ങുന്ന മോയിന്‍ അലി ചെന്നൈയുടെ ജെഴ്‌സിയില്‍ നിന്ന് മദ്യ കമ്പനിയുടെ ലോഗോ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ ആയിരുന്നു തസ്ലീമയുടെ ട്വീറ്റ്.


എന്നാല്‍ ട്വീറ്റ് വിവാദമായതോടെ താന്‍ തമാശയ്ക്കാണ് ട്വീറ്റ് ചെയ്‌തെന്ന വിശദീകരണവുമായി തസ്ലീമ വീണ്ടും എത്തുകയായിരുന്നു. ഇതിനെതിരേയാണ് താരങ്ങള്‍ പ്രതികരിച്ചത്. നിങ്ങള്‍ പറഞ്ഞത് തമാശ ആയിരുന്നോ എന്ന മറു ട്വീറ്റുമായാണ് ജൊഫ്രാ ആര്‍ച്ചര്‍ രംഗത്തെത്തിയത്. ആര്‍ക്കും ചിരി വരുന്നില്ലെന്നും കഴിയുമെങ്കില്‍ ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്നും ആര്‍ച്ചര്‍ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കകം വിവാദ എഴുത്തുകാരിയുടെ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. അതിനിടെ മദ്യ കമ്പനിയുടെ ലോഗോ മാറ്റാന്‍ മോയിന്‍ അലി ആവശ്യപ്പെട്ടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചു. എന്നാല്‍ ചെന്നൈ മദ്യ കമ്പനിയുടെ ലോഗോ ജെഴ്‌സിയില്‍ നിന്നും മാറ്റിയിട്ടുണ്ട്. തസ്ലീമയുടെ വംശീയാധിക്ഷേപത്തിനെതിരേ നടപടിയെടുക്കണമെന്ന് ട്വിറ്ററില്‍ നിരവധി പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.




Next Story

RELATED STORIES

Share it