Cricket

വാതുവെയ്പ്പ് റിപോര്‍ട്ട് ചെയ്തില്ല; ഷാക്കിബിന് വിലക്ക് വന്നേക്കും

വാതുവെയ്പ്പ് റിപോര്‍ട്ട് ചെയ്തില്ല; ഷാക്കിബിന് വിലക്ക് വന്നേക്കും
X

ധക്ക: ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബുൽ ഹസ്സന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക് വന്നേക്കും. രണ്ട് വര്‍ഷം മുമ്പ് വാതുവെയ്പ്പുകാര്‍ തന്നെ സമീപിച്ചെന്ന് ഷാക്കിബ് അടുത്തിടെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഐസിസിയെ അറിയിച്ചില്ലെന്നാണ് താരത്തിനെതിരേയുള്ള കുറ്റം. ഇതേ തുടര്‍ന്ന് ഷാക്കിബിനെ 18 മാസത്തേക്ക് ഐസിസി വിലക്കിയേക്കുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നിലവില്‍ ബംഗ്ലാദേശിന്റെ ട്വന്റി-20, ടെസ്റ്റ് ഫോര്‍മാറ്റുകളുടെ കാപ്റ്റനാണ് ഷാക്കിബുൽ ഹസ്സന്‍. അതിനിടെ മൂന്ന് ദിവസമായി ധക്കയില്‍ നടക്കുന്ന പരിശീലന മല്‍സരത്തില്‍ ഒരു ദിവസം മാത്രമാണ് താരം പങ്കെടുത്തത്. ഇന്ത്യയ്‌ക്കെതിരേ അടുത്ത മാസം മൂന്നിന് ആരംഭിക്കുന്ന പരമ്പരയില്‍ താരം കളിക്കില്ലെന്നും റിപോര്‍ട്ട് ഉണ്ട്. ഇതേ തുടര്‍ന്നാണ് ഷാക്കിബ് പരിശീലന മല്‍സരത്തില്‍ കളിക്കാതിരുന്നത്.

കൂടാതെ സ്വകാര്യ ടെലിക്കോം കമ്പനിയുമായി ഷാക്കിബ് പരസ്യത്തിലേര്‍പ്പെട്ടത് നിയമവിരുദ്ധമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയും താരത്തിന് ബിസിബിയുടെ വക താക്കിത് ലഭിച്ചേക്കും. ദിവസങ്ങള്‍ക്ക് മുമ്പ് ബിസിബിക്കെതിരേ ഷാക്കിബ് അടങ്ങുന്ന സംഘം സമരം നടത്തിയിരുന്നു. വേതന വര്‍ധന ആവശ്യപ്പെട്ടായിരുന്നു താരങ്ങളുടെ സമരം. പിന്നീട് താരങ്ങളുടെ ആവശ്യങ്ങള്‍ സമ്മതിച്ച് ബോര്‍ഡ് സമരം ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരേ താരങ്ങളെ അണിനിരത്തിയതിനും ബോര്‍ഡ് ഷാക്കിബിനെ ശാസിച്ചിരുന്നു. അതിനിടെ ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും.


Next Story

RELATED STORIES

Share it