Cricket

ഏഷ്യാകപ്പ് റണ്ണേഴ്‌സ് അപ്പിനുള്ള ചെക്ക് വലിച്ചെറിഞ്ഞ് സല്‍മാന്‍ അലി ആഗ; കൂകി വിളിച്ച് കാണികള്‍

ഏഷ്യാകപ്പ് റണ്ണേഴ്‌സ് അപ്പിനുള്ള ചെക്ക് വലിച്ചെറിഞ്ഞ് സല്‍മാന്‍ അലി ആഗ; കൂകി വിളിച്ച് കാണികള്‍
X

ദുബായ്: നിരവധി വിവാദങ്ങള്‍ക്ക് സാക്ഷ്യം കുറിച്ച ഏഷ്യാകപ്പ് ഫൈനലിലെ പുരസ്‌കാര ചടങ്ങില്‍ റണ്ണേഴ്‌സ് അപ്പിന് ലഭിച്ച ചെക്ക് ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രതിനിധി അമീനുല്‍ ഇസ് ലാമിന്റെ കൈയില്‍ നിന്നും ചെക്ക് വാങ്ങിയ സല്‍മാന്‍ അലി ഉടന്‍ തന്നെ അത് ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ പോവുന്നതിന് മുമ്പാണ് തനിക്ക് ലഭിച്ച ചെക്ക് താരം വലിച്ചെറിയുന്നത്. ഇതോടെ ഗ്യാലറിയില്‍ ഉണ്ടായിരുന്ന കാണികള്‍ കൂകി വിളിച്ചു.എന്നാല്‍ സല്‍മാന്‍ അലി ചിരിച്ചുകൊണ്ട് അത് തള്ളുകയായിരുനന്നു. താരത്തിന്റെ ഈ നടപടിക്കെതിരേ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മല്‍സരത്തില്‍ പരാജയപ്പെട്ടതിന്റെ അമര്‍ഷമാണ് ചെക്ക് വലിച്ചെറിഞ്ഞതിലൂടെ താരം കാണിച്ചത്.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കെതിരായ പരാജയം ഉള്‍ക്കൊള്ളുക വളരെ ബുദ്ധിമുട്ടാണെന്നാണ് മല്‍സരശേഷം ആഗ പറഞ്ഞത്. ബാറ്റിങ്ങില്‍ നന്നായി ഫിനിഷ് ചെയ്യാന്‍ സാധിക്കാത്തതാണ് തിരിച്ചടിയായി. കഴിയാവുന്നതെല്ലാം ചെയ്‌തെന്നും എന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും നന്നായി ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ലെന്നും ഇതാണ് തോല്‍വിക്ക് കാരണമായതെന്നുമാണ് ആഗ പറയുന്നത്.

പാകിസ്താന്‍ ഫൈനലില്‍ തോറ്റെങ്കിലും ഇന്ത്യയെ നന്നായി വിറപ്പിക്കാന്‍ അവര്‍ക്കായിരുന്നു. പേരുകേട്ട ഇന്ത്യയുടെ ബാറ്റിങ് നിരയെ പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ ഞെട്ടിക്കാന്‍ പാക് ബൗളര്‍മാര്‍ക്കായി. 20 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്താനായിരുന്നു. എന്നാല്‍ തിലക് വര്‍മയുടെ അര്‍ധ സെഞ്ചുറി പ്രകടനം പാക് ടീമിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു. 53 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 69 റണ്‍സോടെ തിലക് വര്‍മ പുറത്താവാതെ നിന്നു.അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.



Next Story

RELATED STORIES

Share it