Cricket

ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും പാക് ട്വന്റി-20 സ്‌ക്വാഡില്‍ നിന്നൊഴിവാക്കി പിസിബി

ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും പാക് ട്വന്റി-20 സ്‌ക്വാഡില്‍ നിന്നൊഴിവാക്കി പിസിബി
X

കറാച്ചി: പാക് ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങളായ ബാബര്‍ അസമിനെയും മുഹമ്മദ് റിസ്വാനെയും തഴഞ്ഞ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു. ബാബറിനെയും റിസ്വാനെയും ഒഴിവാക്കിയാണ് പിസിബിയുടെ പ്രഖ്യാപനം. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ടീമിലേയ്ക്ക് മടങ്ങിയെത്താന്‍ തയ്യാറെടുക്കുന്ന ബാബറിനും റിസ്വാനും പിസിബിയുടെ തീരുമാനം കനത്ത തിരിച്ചടിയായി മാറി.

ട്വന്റി-20 ലോകകപ്പിന് പിന്നാലെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നീ ടീമുകള്‍ക്ക് എതിരെ നടന്ന ട്വന്റി-20 പരമ്പരകള്‍ പാകിസ്താന്‍ കൈവിട്ടിരുന്നു. ഇതോടെ, ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ബാബറിനും റിസ്വാനും ടീമിലിടം ലഭിച്ചിരുന്നില്ല. 4-1ന് പാകിസ്താന്‍ പരമ്പര കൈവിടുകയും ചെയ്തു.

ഇതോടെ വീണ്ടും ബാബറിനും റിസ്വാനും ടീമിലേയ്ക്ക് ക്ഷണം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇരുവരെയും പൂര്‍ണമായി അവഗണിച്ചാണ് പിസിബിയുടെ പുതിയ ടീം പ്രഖ്യാപനം എത്തിയിരിക്കുന്നത്. ട്വന്റി-20 ലോകകപ്പിന് ശേഷം കളിച്ച 11 മത്സരങ്ങളില്‍ 9 എണ്ണത്തിലും പരാജയം ഏറ്റുവാങ്ങിയതും പിസിബിയുടെ തീരുമാനത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സൂചന.

2026 ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി സംഘടിപ്പിക്കുന്ന ട്വന്റി-20 ലോകകപ്പിന് മികച്ച രീതിയില്‍ തയ്യാറെടുക്കാന്‍ ബംഗ്ലാദേശ് പരമ്പര സഹായിക്കുമെന്നാണ് പിസിബിയുടെ വിലയിരുത്തല്‍. ബംഗ്ലാദേശിനെതിരെ സല്‍മാന്‍ അലി ആഗയാണ് പാകിസ്ഥാനെ നയിക്കുക. ഷദാബ് ഖാനാണ് വൈസ് ക്യാപ്റ്റന്‍.



ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് പുറത്തായ പ്രമുഖ കളിക്കാരില്‍ ബാബറിനും റിസ്വാനും പുറമെ, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ ഖാന്‍, മുഹമ്മദ് അബ്ബാസ്, സുഫിയാന്‍ മുഖീം എന്നിവരും ഉള്‍പ്പെടുന്നു. അതേസമയം, ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന സെയിം അയൂബ്, ഫഹീം അഷ്റഫ്, ഹസന്‍ അലി, ഹുസൈന്‍ തലത്ത്, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, സാഹിബ്സാദ ഫര്‍ഹാന്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. പിഎസ്എല്ലിലെ കളിക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ടീമിനെ തിരഞ്ഞെടുത്തതെന്ന് പിസിബി അറിയിച്ചു. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് നടക്കുക.



ടീം: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുശ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസിം ജൂനിയര്‍, മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, നസീം ഷാ, സാഹിബ്‌സാദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍), സയിം അയൂബ്.






Next Story

RELATED STORIES

Share it