Cricket

ലോകകപ്പ്; പാക് വീരഗാഥ അവസാനിച്ചു; ഓസിസ്-കിവി ഫൈനല്‍

ഓസ്‌ട്രേലിയ പാകിസ്താനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.

ലോകകപ്പ്; പാക് വീരഗാഥ അവസാനിച്ചു; ഓസിസ്-കിവി ഫൈനല്‍
X


ദുബയ്: ട്വന്റി-20 ലോകകപ്പിലെ പാക് വീരഗാഥകള്‍ക്ക് പര്യവസാനം. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ പാകിസ്താനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ അവരുടെ സ്വപ്‌ന കുതിപ്പിന് അവസാനമാവുകയായിരുന്നു. മാര്‍ക്കസ് സ്റ്റോണിസും (40*), മാത്യു വെയ്ഡും (41) നടത്തിയ ശക്തമായ ചെറുത്ത് നില്‍പ്പാണ് ഓസിസിന് ഫൈനലിലേക്കുള്ള ടിക്കറ്റ് നല്‍കിയത്. 177 റണ്‍സ് എന്ന ലക്ഷ്യം ഒരു ഓവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസിസ് നേടിയെടുക്കുകയായിരുന്നു.


നാല് വിക്കറ്റ് നേടി പാക് താരം ഷഹദാബ് തിളങ്ങിയെങ്കിലും സ്റ്റോണിസിനെയും വെയ്ഡിനെ പൂട്ടാന്‍ കഴിഞ്ഞില്ല. വാര്‍ണര്‍ (49) മികച്ച തുടക്കമാണ് കംഗാരുക്കള്‍ക്ക് നല്‍കിയത്. എന്നാല്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് റണ്ണൊന്നുമെടുക്കാതെ പുറത്തായി . തുടര്‍ന്ന് വന്ന മിച്ചല്‍ മാര്‍ഷ് 28 റണ്‍സെടുത്ത് പിടിച്ചു നിന്നു. ഇതിനിടെ വന്ന സ്റ്റീവ് സ്മിത്തും (5) മാക്‌സ് വെല്ലും (7) പുറത്തായി. വാര്‍ണര്‍, മാര്‍ഷ്,സ്മിത്ത്, മാക്‌സ്‌വെല്‍ എന്നീ വമ്പന്‍മാരുടെ വിക്കറ്റുകളാണ് ഷഹദാബ് നേടിയത്. ഇത് പാകിസ്താന് വിജയ പ്രതീക്ഷയും നല്‍കിയിരുന്നു. എന്നാല്‍ സ്റ്റോണിസും വെയ്ഡ് പാക് പ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയായിരുന്നു.


ഗ്രൂപ്പ് രണ്ടില്‍ അഞ്ചില്‍ അഞ്ച് ജയവുമായാണ് പാക് ടീം സെമിയിലെത്തിയത്. മല്‍സരം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിച്ചതും പാക് ടീമിനായിരുന്നു. എന്നാല്‍ കിരീട ഫേവററ്റുകള്‍ അല്ലാത്ത ഓസിസ് നിരയ്ക്ക് മുന്നില്‍ പാക് വീര്യം തകരുകയായിരുന്നു. നിര്‍ണ്ണായക ഘട്ടത്തില്‍ ഓസിസ് ഫോമിലേക്കുയര്‍ന്നപ്പോള്‍ നഷ്ടപ്പെട്ടത് പാകിസ്താന്റെ കിരീട സ്വപ്‌നങ്ങളാണ്. ഫൈനലില്‍ ഓസിസ് ന്യൂസിലന്റിനെ നേരിടും. ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ന്യൂസിലന്റ് കലാശകൊട്ടിന് യോഗ്യത നേടിയത്. പാകിസ്താന്റെ ട്വന്റിയിലെ 16 മല്‍സരങ്ങളുടെ സ്വപ്‌ന കുതിപ്പാണ് അവരുടെ പ്രിയപ്പെട്ട ദുബയില്‍ അവസാനമായത്. 2015 നവംബര്‍ 30ന് ശേഷം ആദ്യമായാണ് ഹോം ഗ്രൗണ്ടിന് തുല്യമായ ദുബയില്‍ പാക് പട തോല്‍ക്കുന്നത്.


നേരത്തെ ടോസ് ലഭിച്ച ഓസ്‌ട്രേലിയ പാകിസ്താനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. ടീമിലെ സൂപ്പര്‍ ഹീറോ മുഹമ്മദ് റിസ്‌വാനാണ് ടോപ്പ് സ്‌കോറര്‍ (67). ഓപ്പണിങില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമുമൊത്ത് മികച്ച കൂട്ടുകെട്ടാണ് റിസ്‌വാന്‍ പണിതത്. ബാബര്‍ 39 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് വന്ന ഫഖര്‍ പുറത്താവാതെ 55 റണ്‍സും നേടി. ആസിഫ് അലി, ശുഹൈബ് മാലിഖ്, ഹഫീസ് എന്നിവര്‍ ഇന്ന് പെട്ടെന്ന് പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും കമ്മിന്‍സ്, സാമ്പ എന്നിവര്‍ ഓസിസിനായി ഓരോ വിക്കറ്റും നേടി.




Next Story

RELATED STORIES

Share it