Cricket

നവരാത്രി ; ഏകദിന ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം മാറ്റിവച്ചേക്കും

ഏകദേശം ഒരു ലക്ഷത്തോളമാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി.

നവരാത്രി ; ഏകദിന ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം മാറ്റിവച്ചേക്കും
X

അഹ്‌മദാബാദ്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ തീയതി മാറാന്‍ സാധ്യത. നവരാത്രി ഉത്സവം കണക്കിലെടുത്ത് മത്സരം മറ്റൊരു ദിവസം നടത്തിയേക്കുമെന്നാണ് സൂചന. ഒക്ടോബര്‍ 15ന് അഹമ്മദാബാദില്‍ വെച്ചായിരുന്നു മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. നവരാത്രിയുടെ ആദ്യ ദിവസമാണ് ഒക്ടോബര്‍ 15. ഗുജറാത്തിലുടനീളം ആഘോഷിക്കുന്ന സുപ്രധാന ഉത്സവങ്ങളില്‍ ഒന്നാണ് നവരാത്രി.

സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് തീരുമാനം പുനഃപരിശോധിക്കാന്‍ ബിസിസിഐ ആലോചിക്കുകയാണ്. ക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യ പാകിസ്ഥാന്‍ ടീമുകളുടെ പോരാട്ടത്തിന് ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. മത്സരത്തിന്റെ ടിക്കറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റഴിയുന്ന സാഹചര്യമാണുള്ളത്. ഇതിനിടയില്‍ മുന്‍ നിശ്ചയിച്ച തീയതി പ്രകാരം യാത്ര തീരുമാനിക്കുകയും, ഹോട്ടലുകളില്‍ ബുക്കിംഗ് നടത്തുകയും ചെയ്ത ആരാധകര്‍ക്ക് തീരുമാനം തിരിച്ചടിയാവും.

'നവരാത്രി ഉത്സവം നടക്കുന്നതിനാല്‍ മത്സരം മാറ്റണമെന്ന് സുരക്ഷാ ഏജന്‍സികള്‍ ബിസിസിഐയെ അറിയിച്ച സാഹചര്യത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ ലോകകപ്പ് മത്സരത്തിന്റെ തീയതി മാറ്റിയേക്കും. സുരക്ഷാ ഏജന്‍സികള്‍ ഇതിനെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും വിഷയം ചര്‍ച്ചയിലാണെന്നും ഉടന്‍ തീരുമാനമെടുക്കുമെന്നും ബിസിസിഐയുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ പറഞ്ഞു. ഇത് എളുപ്പമുള്ള കാര്യമല്ല, ഏതൊരു മത്സരത്തിനും പിന്നില്‍ നിരവധി കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്, അതിനാല്‍ ഇവയൊക്കെ പരിശോധിച്ചുവേണം തീരുമാനം എടുക്കാന്‍' അടുത്ത വൃത്തങ്ങള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ഇന്ത്യ-പാക് പോരാട്ടം ഉള്‍പ്പെടെ നാല് നിര്‍ണായക മത്സരങ്ങള്‍ക്കാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ആതിഥേയത്വം വഹിക്കുക. ന്യൂസിലന്‍ഡും ഇംഗ്ലണ്ടും തമ്മിലുള്ള ടൂര്‍ണമെന്റ് ഓപ്പണര്‍, ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരം, ഫൈനല്‍ എന്നിവയാണ് ഇവിടെ നടക്കുക. ഏകദേശം ഒരു ലക്ഷത്തോളമാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി.


Next Story

RELATED STORIES

Share it