Cricket

ഏഷ്യാ കപ്പ് കിരീടത്തിന് ഉപാധികളുമായി മൊഹ്‌സിന്‍ നഖ് വി; ഇന്ത്യ സ്വന്തം ചെലവില്‍ പരിപാടി സംഘടിപ്പിക്കണം, മെഡലും ട്രോഫിയും കൈമാറുന്നതും താന്‍ തന്നെ: നഖ് വി

ഏഷ്യാ കപ്പ് കിരീടത്തിന് ഉപാധികളുമായി മൊഹ്‌സിന്‍ നഖ് വി; ഇന്ത്യ സ്വന്തം ചെലവില്‍ പരിപാടി സംഘടിപ്പിക്കണം, മെഡലും ട്രോഫിയും കൈമാറുന്നതും താന്‍ തന്നെ: നഖ് വി
X

ദുബായ്: ഏഷ്യാകപ്പ് കിരീട വിവാദം തുടരുന്നു. ഇന്ത്യക്ക് കിരീടം ലഭിക്കണമെങ്കില്‍ പുതിയ ഉപാധികളുമായി എത്തിയിരിക്കുകയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനും പാകിസ്താന്‍ മന്ത്രിയുമായ മൊഹ്‌സിന്‍ നഖ് വി. ഇന്ത്യക്ക് താന്‍ തന്നെ കിരീടം കൈമാറും. ഇതിനായി ഇന്ത്യ സ്വന്തം ചെലവില്‍ പരിപാടി സംഘടിപ്പിക്കണം. അവിടെവച്ച് താന്‍ മെഡലും ട്രോഫിയും കൈമാറാമെന്നാണ് മൊഹ്‌സിന്റെ നിലപാട്. എന്നാല്‍ ബിസിസി ഐ ഇത് അംഗീകരിക്കില്ലെന്നുറപ്പാണ്.

മൊഹ്‌സിന്റെ ആവശ്യത്തിന് ഇന്ത്യ വഴങ്ങില്ലെന്നുറപ്പാണ്. നിയമപരമായിത്തന്നെ ഇക്കാര്യത്തെ നേരിടാനാവും ബിസിസി ഐ ശ്രമിക്കുക. ഇന്ന് ബിസിസി ഐ ഭാരവാഹികള്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഭാരവാഹികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇത് ഫലം കാണാത്ത പക്ഷം ബിസിസി ഐ കടുത്ത നീക്കങ്ങളിലേക്ക് കടന്നേക്കും. ഐസിസിയില്‍ പരാതിയടക്കം നല്‍കാനുള്ള സാധ്യത കൂടുതലാണ്. മൊഹ്‌സിന്‍ ആവശ്യപ്പെടുന്നത് പ്രകാരം ഇന്ത്യ സ്വന്തം ചെലവില്‍ സമ്മാനദാന ചടങ്ങ് സംഘടിപ്പിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. ഈ സാഹചര്യത്തില്‍ വലിയ നിയമ പോരാട്ടത്തിലേക്ക് നീങ്ങാനുള്ള സാധ്യതകളേറെയാണ്.

ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കപ്പ് നേടിയെടുത്തത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവനും പാകിസ്താന്‍ മന്ത്രിയുമായ മൊഹ്‌സിന്‍ നാഖ് വിയാണ് ഇന്ത്യക്ക് കിരീടം കൈമാറാനെത്തിയത്.മൊഹ്‌സിന്റെ കൈയില്‍ നിന്ന് ചാംപ്യന്മാരുടെ കിരീടം ഏറ്റുവാങ്ങില്ലെന്ന കടുത്ത തീരുമാനം ഇന്ത്യ എടുത്തതോടെ സമ്മാനദാന ചടങ്ങ് മുടങ്ങി. ഇന്ത്യ സാങ്കല്‍പ്പിക കിരീടം ഉപയോഗിച്ചാണ് ഏഷ്യാ കപ്പ് കിരീട നേട്ടം ആഘോഷിച്ചത്. ഇതിന് പിന്നാലെ മൊഹ്‌സിനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഭാരവാഹികളും കിരീടവും മെഡലുകളും കൊണ്ട് പോയി. ഇന്ത്യ സമ്മാനദാന ചടങ്ങ് ബഹിഷ്‌കരിച്ചെന്ന് മൊഹ്‌സിന്‍ പറയുമ്പോള്‍ തങ്ങള്‍ക്ക് കിരീടം തന്നിട്ടില്ലെന്നാണ് സൂര്യകുമാര്‍ യാദവ് പറയുന്നത്.

ഇന്ത്യക്ക് മുന്നില്‍ തല താഴ്ത്തി നില്‍ക്കുന്ന പാകിസ്താന് നിലവില്‍ ആശ്വസിക്കാനുള്ളത് ഈ ട്രോഫി നല്‍കാത്തത് മാത്രമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ മൊഹ്‌സിനും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും അല്‍പ്പം വാശി കാട്ടുമെന്ന് തന്നെ പറയാം. ചാംപ്യന്മാരായിട്ടും കിരീടം നല്‍കാത്തത് ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ വിചിത്ര സംഭവമാണ്.




Next Story

RELATED STORIES

Share it