Cricket

ഐപിഎല്‍; ബെംഗളൂരുവിനും ഡല്‍ഹിക്കും തിരിച്ചടി; നാട്ടിലേക്കു പോയ ഓസിസ് താരങ്ങള്‍ തിരിച്ചുവരില്ല

ഐപിഎല്‍; ബെംഗളൂരുവിനും ഡല്‍ഹിക്കും തിരിച്ചടി; നാട്ടിലേക്കു പോയ ഓസിസ് താരങ്ങള്‍ തിരിച്ചുവരില്ല
X

മുംബൈ: ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ തുടങ്ങുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനും തിരിച്ചടി. ഓസ്‌ട്രേലിയന്‍ പേസര്‍മാരായ ജോഷ് ഹെയ്‌സല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും ലീഗിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ കളിക്കാനായി ഇന്ത്യയിലെത്തില്ല. ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തിവച്ചതോടെ വിദേശ താരങ്ങളെല്ലാം സ്വന്തം നാടുകളിലേക്കു പോയിരുന്നു. മല്‍സരങ്ങള്‍ ഈയാഴ്ച തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഫ്രാഞ്ചൈസികളെല്ലാം താരങ്ങളെ തിരികെ വിളിച്ചു.

എന്നാല്‍ ഇന്ത്യയിലേക്കു വരുന്ന കാര്യത്തില്‍ മറ്റ് ഓസ്‌ട്രേലിയന്‍ താരങ്ങളൊന്നും അന്തിമ തീരുമാനമെടുത്തിട്ടില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനുള്ളതിനാല്‍ പ്രധാന താരങ്ങളൊന്നും ഇന്ത്യയിലേക്കു വരാന്‍ സാധ്യതയില്ല. ഐപിഎല്‍ കളിക്കുന്ന കാര്യത്തില്‍ താരങ്ങള്‍ എന്തു തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കുമെന്നാണു ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നിലപാട്. താരങ്ങളുടെ സുരക്ഷ കൂടി പരിഗണിച്ച് ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായും ബിസിസിഐയുമായും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രസ്താവനയില്‍ അറിയിച്ചു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചതിനാല്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ഇനി ഐപിഎലില്‍ ഇറങ്ങാന്‍ സാധ്യതയില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു വേണ്ടി തയാറെടുക്കാനാകും കമിന്‍സിന്റെ തീരുമാനം. മേയ് 17നാണ് ഐപിഎല്‍ മല്‍സരങ്ങള്‍ പുനരാരംഭിക്കുന്നത്. ജൂണ്‍ മൂന്നിനാണു ഫൈനല്‍ മത്സരം നടക്കേണ്ടത്.






Next Story

RELATED STORIES

Share it