Sub Lead

സണ്‍റൈസേഴ്‌സിന്റെ ചിറകരിഞ്ഞ് നൈറ്റ് റൈഡേഴ്‌സിന് ഐപിഎല്‍ കിരീടം

സണ്‍റൈസേഴ്‌സിന്റെ ചിറകരിഞ്ഞ് നൈറ്റ് റൈഡേഴ്‌സിന് ഐപിഎല്‍ കിരീടം
X

ചെന്നൈ: കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് ഐപിഎല്ലില്‍ മൂന്നാം കിരീടം. ഇന്ന് നടന്ന ഫൈനലില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 114 റണ്‍സ് ലക്ഷ്യം 10.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത പിന്തുടര്‍ന്നു. വെങ്കിടേഷ് അയ്യര്‍ (26 പന്തില്‍ 52 റണ്‍സ്), റഹ്‌മാനുള്ള ഗുര്‍ബാസ് (32 പന്തില്‍ 39 റണ്‍സ്) എന്നിവര്‍ ചേര്‍ന്നാണ് കൊല്‍ക്കത്താ ജയം അനായാസമാക്കിയത്. സുനില്‍ നരേയ്ന്‍ (6), റഹ്‌മാനുള്ള എന്നിവരുടെ വിക്കറ്റുകളാണ് കെകെആറിന് നഷ്ടമായത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആറ് റണ്‍സെടുത്ത് പുറത്താവതാതെ നിന്നു.

പേര് കേട്ട സണ്‍റൈസേഴ്‌സ് ബാറ്റിങ് നിരയെ നേരത്തെ പിടിച്ച് കെട്ടിയതോടെ കൊല്‍ക്കത്ത ജയം ഉറപ്പിച്ചിരുന്നു. 18.3 ഓവറില്‍ 113 റണ്‍സിന് ഹൈദരാബാദിനെ പുറത്താക്കിയാണ് കൊല്‍ക്കത്ത കരുത്ത് തെളിയിച്ചത്.

ഐപിഎല്‍ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറാണിത്. 19 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 23 പന്തുകള്‍ നേരിട്ട എയ്ഡന്‍ മര്‍ക്‌റാം 20 റണ്‍സെടുത്തു പുറത്തായി. ഹൈദരാബാദിന്റെ ഏഴു താരങ്ങള്‍ രണ്ടക്കം കടക്കാതെ മടങ്ങി.



കൊല്‍ക്കത്തയ്ക്കായി ആന്ദ്രെ റസ്സല്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ടും വൈഭവ് അറോറ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. പവര്‍ പ്ലേയില്‍ തന്നെ ഹൈദരാബാദിന്റെ മൂന്നു വിക്കറ്റുകള്‍ കൊല്‍ക്കത്ത പേസര്‍മാര്‍ വീഴ്ത്തിയിരുന്നു. അഭിഷേക് ശര്‍മ (അഞ്ച് പന്തില്‍ രണ്ട്), ട്രാവിസ് ഹെഡ് (പൂജ്യം), രാഹുല്‍ ത്രിപാഠി (13 പന്തില്‍ ഒന്‍പത്) എന്നിവരാണു പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഞ്ചാം പന്തില്‍ അഭിഷേകിന്റെ വിക്കറ്റ് തെറിച്ചു. വൈഭവ് അറോറയെറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ ട്രാവിസ് ഹെഡിനെ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുല്ല ഗുര്‍ബാസ് പിടിച്ചെടുത്തു.

സ്റ്റാര്‍ക്കിനെ നേരിടുന്നതിനിടെ രാഹുല്‍ ത്രിപാഠിയുടെ ബാറ്റില്‍ തട്ടി ഉയര്‍ന്നുപൊങ്ങിയ പന്ത് രമണ്‍ദീപ് സിങ് പിടിച്ചാണ് ഹൈദരാബാദിന്റെ മൂന്നാം വിക്കറ്റ് വീഴ്ത്തിയത്. സ്റ്റാര്‍ക്കും അറോറയും ചേര്‍ന്ന് പവര്‍പ്ലേ ഓവറുകള്‍ എറിഞ്ഞു തീര്‍ത്തപ്പോള്‍ മൂന്നിന് 40 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്. 10 പന്തില്‍ 13 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡി സ്പിന്നര്‍ ഹര്‍ഷിത് റാണയുടെ പന്തിലാണു പുറത്തായത്. 10 ഓവര്‍ പിന്നിടുമ്പോള്‍ ഹൈദരാബാദ് നേടിയത് നാലു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ്. തൊട്ടുപിന്നാലെ റസ്സലിനെ സിക്‌സടിക്കാന്‍ ശ്രമിച്ച എയ്ഡന്‍ മര്‍ക്‌റാമിനു പിഴച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുത്താണ് മര്‍ക്‌റാം പുറത്തായത്. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഷഹബാസ് അഹമ്മദ് (ഏഴു പന്തില്‍ എട്ട്) മടങ്ങി.


അബ്ദുല്‍ സമദും വന്നപോലെ മടങ്ങിയതോടെ ഏഴിന് 77 എന്ന നിലയിലായി ഹൈദരാബാദ്. ഹര്‍ഷിത് റാണയെറിഞ്ഞ 15ാം ഓവറിലെ ആദ്യ പന്തില്‍ ഹെന്റിച് ക്ലാസന്‍ (17 പന്തില്‍ 16) ബോള്‍ഡായി. 16.4 ഓവറിലാണ് (100 പന്തുകള്‍) ഹൈദരാബാദ് 100 റണ്‍സ് കടന്നത്. നാലു റണ്‍സെടുത്ത ജയ്‌ദേവ് ഉനദ്ഘട്ട് സുനില്‍ നരെയ്‌ന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി. അംപയര്‍ ഔട്ട് അനുവദിച്ചില്ലെങ്കിലും ഡിആര്‍എസ് എടുത്ത് കൊല്‍ക്കത്ത വിക്കറ്റു സ്വന്തമാക്കി. 19ാം ഓവറില്‍ ക്യാപ്റ്റന്‍ കമിന്‍സിനെ റസ്സല്‍ പുറത്താക്കിയതോടെ ഹൈദരാബാദിന്റെ പോരാട്ടം 113 റണ്‍സില്‍ അവസാനിച്ചു.




Next Story

RELATED STORIES

Share it