Cricket

ഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്‌സ്

ഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്‌സ്
X

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് സീസണിലെ രണ്ടാം തോല്‍വി. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ആണ് ബെംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ചത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം. ബെംഗളൂരു ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത, മൂന്നോവറും ഒരു പന്തും ബാക്കി നില്‍ക്കേ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്ത് മറികടന്നു.

വെങ്കടേഷ് അയ്യരുടെ അര്‍ധ സെഞ്ചുറിയും ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടിന്റെയും സുനില്‍ നരെയ്ന്റെയും കൂറ്റനടികളാണ് കൊല്‍ക്കത്തയ്ക്ക് ജയം സാധ്യമാക്കിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും മികച്ച പ്രകടനം നടത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിരാട് കോഹ്‌ലിയുടെ ചിറകിലേറിയാണ് ബെംഗളൂരു ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. 59 പന്തുകളില്‍ 83 റണ്‍സ് നേടിയ കോലിയാണ് ബെംഗളൂരു നിരയിലെ ടോപ് സ്‌കോറര്‍. ക്ലാസനെ മറികടന്ന് ഓറഞ്ച് ക്യാപ്പിനുള്ള മത്സരത്തില്‍ ഒന്നാമതെത്താനും കോഹ്‌ലിക്കായി.

കൊല്‍ക്കത്തയ്ക്കുവേണ്ടി ആന്ദ്രേ റസല്‍ നാല് ഓവറില്‍ 22 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റുകള്‍ പിഴുതു. നാലോവറില്‍ 39 റണ്‍സ് വഴങ്ങി ഹര്‍ഷിത് റാണയും അത്രതന്നെ വിക്കറ്റുകള്‍ നേടി. പര്‍പ്പിള്‍ ക്യാപ്പിനായുള്ള മത്സരത്തില്‍ അഞ്ച് വിക്കറ്റുകളോടെ ഹര്‍ഷിത്, മുസ്താഫിസുര്‍റിന് താഴെ രണ്ടാമതെത്തി. സുനില്‍ നരെയ്നാണ് ഒരു വിക്കറ്റ്. ആദ്യ കളിയില്‍ ചെന്നൈയോട് തോറ്റ ബെംഗളൂരു, രണ്ടാം മത്സരത്തില്‍ പഞ്ചാബിനെതിരേ ജയിച്ചിരുന്നു. കൊല്‍ക്കത്തയുടെ സുനില്‍ നരെയ്ന് ഇന്ന് 500-ാമത്തെ ടി20 മത്സരമാണ് എന്ന പ്രത്യേകതയുണ്ട്. കീറണ്‍ പൊള്ളാര്‍ഡിനും ഡ്വെയ്ന്‍ ബ്രാവോയ്ക്കും ഷുഐബ് മാലിക്കിനും ശേഷം 500 ടി20 മത്സരങ്ങള്‍ കളിക്കുന്ന നാലാമത്തെ താരമാണ് സുനില്‍.







Next Story

RELATED STORIES

Share it