Cricket

ഐപിഎല്‍: സണ്‍റൈസേഴ്‌സിനെതിരേ കൊല്‍ക്കത്തയ്ക്ക് ജയം

സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത നേടി.

ഐപിഎല്‍: സണ്‍റൈസേഴ്‌സിനെതിരേ കൊല്‍ക്കത്തയ്ക്ക് ജയം
X

കൊല്‍ക്കത്ത: ഐപിഎല്‍ രണ്ടാം ദിനത്തിലെ അത്യന്തം വാശിയേറിയ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരേ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് ജയം. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത നേടി. നിതീഷ് റാണ(68), ആന്‍ഡ്രേ റസല്‍(49), റോബിന്‍ ഉത്തപ്പ(39) എന്നിവരുടെ കിടിലന്‍ ബാറ്റിങാണ് കൊല്‍ക്കത്തയ്ക്ക് ജയം സമ്മാനിച്ചത്. 47 പന്തില്‍ നിന്നാണ് നിതീഷ് റാണ 68 റണ്‍സെടുത്തത്. 19 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത ആന്‍ഡ്രേ റസലും 10 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ശുഭം ഗില്ലുമാണ് അവസാന നിമിഷങ്ങളില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ച കൊല്‍ക്കത്താ ഈഡന്‍ഗാര്‍ഡനില്‍ ആതിഥേയര്‍ക്ക് ജയം നല്‍കിയത്.

സണ്‍റൈസേഴ്‌സിനുവേണ്ടി ഷാക്കിബുല്‍ ഹസ്സന്‍, സന്ദീപ് ശര്‍മ്മ, സിദ്ധാര്‍ത്ഥ് കൗള്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങിനയക്കുകയായിരുന്നു.സണ്‍റൈസസ്‌നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 53 പന്തില്‍ 85 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോ 39 ഉം വിജയ് ശങ്കര്‍ 40 ഉം റണ്‍സെടുത്തു. ഫീല്‍ഡിങ് തിരഞ്ഞെടുത്ത കൊല്‍ക്കത്തയുടെ തീരുമാനം തെറ്റാകുന്ന തരത്തിലായിരുന്നു സണ്‍റൈസേഴ്‌സിന്റെ ബാറ്റിങ് പ്രകടനം. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ തീരുമാനം ശരിയാകുന്ന പ്രകടനമാണ് കൊല്‍ക്കത്താ ടീം പുറത്തെടുത്തത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റെസല്‍ രണ്ടും പിയൂഷ് ചൗള ഒരു വിക്കറ്റും നേടി. സ്‌കോര്‍ സണ്‍റൈസേസ്-181/3.(20 ഓവര്‍), കൊല്‍ക്കത്ത-183/4(19.4 ഓവര്‍)

Next Story

RELATED STORIES

Share it