Cricket

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യക്ക് ജയം; പരമ്പരയില്‍ ഒപ്പം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യക്ക് ജയം; പരമ്പരയില്‍ ഒപ്പം
X

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ജയം. ഓസീസ് ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ മറികടന്നു. വാഷിങ്ടണ്‍ സുന്ദറിന്റെ വെടിക്കെട്ടാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി(1-1). ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് അഭിഷേക് ശര്‍മ സമ്മാനിച്ചത്. മൂന്നോവറില്‍ ടീം 30 റണ്‍സിലെത്തി. നാലാം ഓവറില്‍ അഭിഷേകിനെ നതാന്‍ എല്ലിസ് പുറത്താക്കി. 16 പന്തില്‍ നിന്ന് 25 റണ്‍സാണ് അഭിഷേകിന്റെ സമ്പാദ്യം. പിന്നീട് ശുഭ്മാന്‍ ഗില്ലും നായകന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ടീമിനെ അമ്പത് കടത്തി. എന്നാല്‍ ഇരുതാരങ്ങളെയും ഓസീസ് ബൗളര്‍മാര്‍ കൂടാരം കയറ്റിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഗില്‍ 15 റണ്‍സെടുത്തപ്പോള്‍ സൂര്യകുമാര്‍ 24 റണ്‍സെടുത്ത് പുറത്തായി. അതോടെ ഇന്ത്യ 76-3 എന്ന നിലയിലായി.

നാലാം വിക്കറ്റില്‍ തിലക് വര്‍മയും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും സ്‌കോര്‍ നൂറുകടത്തിയെങ്കിലും എല്ലിസ് കൂട്ടുകെട്ട് പൊളിച്ച് ഓസീസിന് പ്രതീക്ഷ സമ്മാനിച്ചു. 17 റണ്‍സെടുത്ത് അക്ഷര്‍ മടങ്ങി. 13 ഓവര്‍ അവസാനിക്കുമ്പോള്‍ 126-4 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് വാഷിങ്ടണ്‍ സുന്ദര്‍ വെടിക്കെട്ട് നടത്തിയതോടെ ഇന്ത്യക്ക് പ്രതീക്ഷ കൈവന്നു. തിലക് വര്‍മ (29) പുറത്തായെങ്കിലും സുന്ദര്‍ ടീമിനെ 150 കടത്തി. പിന്നാലെ ജിതേഷ് ശര്‍മയുമായി ചേര്‍ന്ന് സുന്ദര്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. വാഷിങ്ടണ്‍ സുന്ദര്‍ 23 പന്തില്‍ നിന്ന് 49 റണ്‍സെടുത്തപ്പോള്‍ ജിതേഷ് ശര്‍മ 13 പന്തില്‍ നിന്ന് 22 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഓസീസിനായി നതാന്‍ എല്ലിസ് മൂന്നുവിക്കറ്റെടുത്തു.നേരത്തേ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണെടുത്തത്.



Next Story

RELATED STORIES

Share it