Cricket

പ്രസിദ്ധ് കൃഷ്ണയ്ക്ക് നാല് വിക്കറ്റ്; ആദ്യ ഏകദിനം ഇന്ത്യയ്ക്ക്

66 റണ്‍സിന്റെ ജയമാണ് ഇന്ത്യ അടിച്ചെടുത്തത്.

പ്രസിദ്ധ് കൃഷ്ണയ്ക്ക് നാല് വിക്കറ്റ്; ആദ്യ ഏകദിനം ഇന്ത്യയ്ക്ക്
X


പുനെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 66 റണ്‍സിന്റെ ജയമാണ് ഇന്ത്യ അടിച്ചെടുത്തത്. അരങ്ങേറ്റ മല്‍സരത്തില്‍ നാല് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണയ്‌ക്കൊപ്പം ശ്രാദ്ദുല്‍ ഠാക്കുര്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി. അരങ്ങേറ്റ മല്‍സരത്തില്‍ നാല് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും കര്‍ണ്ണാടക പേസര്‍ പ്രസിദ്ധ് സ്വന്തമാക്കി. 317 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന് 251 റണ്‍സേ നേടാനായുള്ളൂ. 42.1 ഓവറിലാണ് ഇംഗ്ലണ്ട് പതനം പൂര്‍ത്തിയായത്. ജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.


ഇംഗ്ലണ്ട് നിരയില്‍ ബെയര്‍‌സ്റ്റോ (94), ജാസണ്‍ റോയ് (46) എന്നിവര്‍ മാത്രമാണ് ഫോം കണ്ടെത്തിയത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങില്‍ 14 ഓവറില്‍ 135 റണ്‍സാണ് നേടിയത്. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിന് ആദ്യ തിരിച്ചടി നല്‍കിയതും പ്രസിദ്ധ കൃഷ്ണയായിരുന്നു. ആദ്യം ജാസണ്‍ റോയിയെയും അടുത്ത ഓവറില്‍ സ്‌റ്റോക്ക്‌സിനെയും പുറത്താക്കി പ്രസിദ്ധ് വരവറിയിച്ചു. പ്രസിദ്ധിനൊപ്പം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നേടി ശ്രാദ്ദുല്‍ ഠാക്കൂറും ഭുവനേശ്വര്‍ കുമാറും(രണ്ട് വിക്കറ്റ്) ചേര്‍ന്ന് ഇന്ത്യന്‍ ജയം അനായാസമാക്കി.


നേരത്തെ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് എടുത്തു. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. ശിഖര്‍ ധവാന്‍ (98), രാഹുല്‍(62*), ക്രുനാല്‍ പാണ്ഡെ(58*), കോഹ്‌ലി(56) എന്നിവരുടെ അര്‍ദ്ധസെഞ്ചുറി മികവിലാണ് ഇന്ത്യ പൂനെയില്‍ ശക്തി തെളിയിച്ചത്. ക്രുനാലിന്റെ ഇന്ത്യയ്ക്കായുള്ള ആദ്യ ഏകദിന അരങ്ങേറ്റമായിരുന്നു. സെഞ്ചുറിക്ക് രണ്ട് റണ്‍സ് അകലെ വച്ചാണ് ധവാന്‍ പുറത്തായത്. രോഹിത്ത് ശര്‍മ്മ 28 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ശ്രേയസ്സ് അയ്യര്‍ക്കും (6), ഹാര്‍ദ്ദിക്ക് പാണ്ഡെയ്ക്കും (1) ഇന്ന് മോശം ദിനമായിരുന്നു. ഇംഗ്ലണ്ടിനായി സ്‌റ്റോക്ക്‌സ് മൂന്നും വുഡ് രണ്ടും വിക്കറ്റ് നേടി. അടുത്ത ഏകദിനം 26ന് പൂനെയില്‍ തന്നെ നടക്കും.




Next Story

RELATED STORIES

Share it