Cricket

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ സെമി; ന്യൂസിലന്റിനെയും വീഴ്ത്തി ഇന്ത്യ

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ സെമി; ന്യൂസിലന്റിനെയും വീഴ്ത്തി ഇന്ത്യ
X

ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ സെമിയില്‍. 44 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 45.3 ഓവറില്‍ 205 റണ്‍സിന് ഓള്‍ഔട്ടായി. സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചാണ് ഇന്ത്യ വിജയം കൊയ്തത്. മാര്‍ച്ച് നാലിന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

120 പന്തില്‍ നിന്ന് ഏഴു ബൗണ്ടറിയടക്കം 81 റണ്‍സെടുത്ത കെയ്ന്‍ വില്യംസണ്‍ മാത്രമാണ് കിവീസ് നിരയില്‍ പൊരുതി നോക്കിയത്. പക്ഷേ പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് കിവീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റ് നേടി. കിവീസ് ബാറ്റ് ചെയ്ത 45.3 ഓവറില്‍ ഇന്ത്യയ്ക്കായി 37.3 ഓവറും എറിഞ്ഞത് സ്പിന്നര്‍മാരാണ്.

രചിന്‍ രവീന്ദ്ര (6), വില്‍ യങ് (22), ഡാരില്‍ മിച്ചല്‍ (17), ടോം ലാഥം (14), ഗ്ലെന്‍ ഫിലിപ്സ് (12), മൈക്കല്‍ ബ്രേസ്വെല്‍ (2) എന്നിവര്‍ക്കൊന്നും തന്നെ ഒരറ്റത്ത് നങ്കൂരമിട്ട് കളിച്ച വില്യംസ് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. 31 പന്തില്‍ 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറുടെ ഇന്നിങ്സ് പരാജയഭാരം കുറയ്ക്കാനേ ഉപകരിച്ചുള്ളൂ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. അപ്രതീക്ഷിതമായി മുന്‍നിര തകര്‍ന്നപ്പോള്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ - അക്ഷര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്.

98 പന്തില്‍ നിന്ന് രണ്ടു സിക്സും നാല് ഫോറുമടക്കം 79 റണ്‍സെടുത്ത അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 61 പന്തുകള്‍ നേരിട്ട അക്ഷര്‍ ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 42 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 98 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ (2), ആറാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ഏഴാം ഓവറില്‍ വിരാട് കോഹ് ലി (11) എന്നിവര്‍ പുറത്തായതോടെ ഇന്ത്യ മൂന്നിന് 30 റണ്‍സെന്ന നിലയിലായി. എന്നാല്‍ പിന്നീട് ഒന്നിച്ച അയ്യര്‍ - അക്ഷര്‍ സഖ്യം നിലയുറപ്പിച്ച ശേഷം ഇന്നിങ്സ് മുന്നോട്ടുനയിക്കുകയായിരുന്നു. സ്‌കോര്‍ 128 ലെത്തിയപ്പോള്‍ അക്ഷര്‍ മടങ്ങിയ ശേഷം കെ.എല്‍ രാഹുലിനെ കൂട്ടുപിടിച്ച് അയ്യര്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ വില്യം ഓറുര്‍ക്കെയുടെ പന്തില്‍ അയ്യര്‍ മടങ്ങി. വൈകാതെ 29 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത രാഹുലിനെ മിച്ചല്‍ സാന്റ്നറും പുറത്താക്കി.

ഏഴാമനായി ഇറങ്ങി 45 പന്തില്‍ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 45 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ സ്‌കോര്‍ 249 ലെത്തിച്ചത്. രവീന്ദ്ര ജഡേജ 20 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി. കിവീസിനായി മാറ്റ് ഹെന്റി അഞ്ചു വിക്കറ്റ് വീഴ്ത്തി.



Next Story

RELATED STORIES

Share it