Cricket

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി-20 ഇന്ന്; സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുമോ?

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി-20 ഇന്ന്; സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുമോ?
X

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ നാലാം മല്‍സരം ഇന്ന് (ഡിസംബര്‍ 17 ബുധനാഴ്ച) ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി ഏകാന സ്റ്റേഡിയത്തില്‍ അരങ്ങേറും. 2-1ന് മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്ക് ഒരു വിജയം നേടിയാല്‍ പരമ്പര നേട്ടം കൈവരിക്കാം. ഇന്ന് ഇന്ത്യ ജയിച്ചാല്‍ ഒരു മത്സരം കൂടി ബാക്കി നില്‍ക്കെ പരമ്പര നേടാം. അതിനാല്‍, ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഇത് ജയിക്കേണ്ട മത്സരമാണ്. അസുഖം കാരണം അവസാന രണ്ട് ട്വന്റി-20മത്സരങ്ങളില്‍ നിന്ന് അക്സര്‍ പട്ടേലിനെ ഒഴിവാക്കിയിട്ടുണ്ട്. പകരം ഷഹബാസ് അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തി.ഇന്ത്യന്‍ സമയം വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. മത്സരത്തിന്റെ തല്‍സമയ സംപ്രേഷണം ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ ലഭ്യമാണ്. ലൈവ് സ്ട്രീമിങ് ജിയോഹോട്ട്സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാകും.

സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ആറ് മല്‍സരങ്ങളിലായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്താണ്. കഴിഞ്ഞ ഒക്ടോബര്‍ 31ന് ആണ് സഞ്ജു അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഫെബ്രുവരി ആദ്യത്തില്‍ ട്വന്റി-20 ലോകകപ്പ് നടക്കുന്നതിനാല്‍ സഞ്ജുവിന് ഉടന്‍ തിരിച്ചെത്തേണ്ടതുണ്ട്.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ മികച്ച കരിയര്‍ റെക്കോഡ് ഉണ്ടായിട്ടും സഞ്ജുവിനെ ആദ്യ മൂന്ന് ട്വന്റി-20 മാച്ചുകളില്‍ അവസരം നല്‍കിയില്ല. ട്വന്റി-20 ലോകകപ്പ് പദ്ധതികളില്‍ സഞ്ജു സാംസണ്‍ ഉണ്ടോയെന്നതിന്റെ തെളിവായിരിക്കും ഇന്നത്തെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപനം. സഞ്ജുവിനെ ഇറക്കണമെങ്കില്‍ വൈസ് ക്യാപ്റ്റനും ഓപണറുമായ ശുഭ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പറും മധ്യനിര ബാറ്ററുമായ ജിതേഷ് ശര്‍മ എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടി വരും.

ലോകകപ്പിന് മുമ്പ് ഏഴ് ട്വന്റി-20 മല്‍സരങ്ങളാണ് ഇന്ത്യക്കുള്ളത്. സഞ്ജു ലോകകപ്പ് ടീമില്‍ ഉണ്ടാവണമെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇനിയുള്ള രണ്ട് മല്‍സരങ്ങളോ ന്യൂസിലന്‍ഡിനെതിരായ അഞ്ച് മല്‍സര പരമ്പരിയിലോ കളത്തിലിറങ്ങുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വേണം. അതിന് അവസരം നല്‍കാന്‍ ഗില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, കോച്ച് ഗൗതം ഗംഭീര്‍ എന്നിവര്‍ കനിയണം.

സാധ്യത ടീം

ഇന്ത്യ: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ഷഹബാസ് അഹമ്മദ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ച.ക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍.




Next Story

RELATED STORIES

Share it