Cricket

ചാംപ്യന്‍സ് ട്രോഫി; ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം; രണ്ടാം സെമിയില്‍ ന്യൂസിലന്റും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍

ചാംപ്യന്‍സ് ട്രോഫി; ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം; രണ്ടാം സെമിയില്‍ ന്യൂസിലന്റും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍
X

ലഹോര്‍: ചാംപ്യന്‍സ് ട്രോഫി രണ്ടാം സെമിഫൈനലില്‍ ഇന്ന് ന്യൂസിലന്റ് ദക്ഷിണാഫ്രിക്കയെ നേരിടും. ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചതെങ്കില്‍ ഗ്രൂപ്പ് എയില്‍ ഇന്ത്യയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ന്യൂസിലന്റിന്റെ സെമി പ്രവേശം.ലഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് 18 ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളില്‍ സ്ഥിരമായി 'കളിമറക്കുന്നവര്‍' എന്ന ചീത്തപ്പേര് തിരുത്താന്‍ ഉറച്ചാണ് ഇന്നത്തെ സെമി പോരാട്ടത്തിന് ടെംബ ബവൂമയും സംഘവും ഇന്നിറങ്ങുന്നത്. 1998ലാണ് ദക്ഷിണാഫ്രിക്ക അവസാനമായി ചാംപ്യന്‍സ് ട്രോഫി ജേതാക്കളായത്. എന്നാല്‍ അന്ന് ടൂര്‍ണമെന്റിന്റെ പേര് ഐസിസി നോക്കൗട്ട് ട്രോഫി എന്നായിരുന്നു.

ചാംപ്യന്‍സ് ട്രോഫി എന്നു പേരുമാറ്റിയ ശേഷം ഇതുവരെ കപ്പുയര്‍ത്താനുള്ള ഭാഗ്യം ദക്ഷിണാഫ്രിക്കയ്ക്ക് ഉണ്ടായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെ 7 വിക്കറ്റിനും അഫ്ഗാനിസ്താനെ 107 റണ്‍സിനും തകര്‍ത്ത് കരുത്തു തെളിയിച്ച ശേഷമാണ് ദക്ഷിണാഫ്രിക്ക സെമിയില്‍ കടന്നത്. ഹെയ്ന്റിച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, റയാന്‍ റിക്കല്‍ടന്‍ എന്നിവരടങ്ങിയ ബാറ്റിങ് നിരയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ബോളിങ്ങില്‍ കഗീസോ റബാദ, ലുംഗി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ മികച്ച ഫോമിലാണ്.

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയോടു തോല്‍വി വഴങ്ങിയെങ്കിലും ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ള ടീമുകളില്‍ മുന്‍പന്തിയിലാണ് ന്യൂസിലന്റഡ്. ചാംപ്യന്‍സ് ട്രോഫിക്കു തൊട്ടുമുന്‍പ് പാകിസ്താനില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കിവീസ് ഇന്നിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയെ പോലെ അടുത്ത കാലത്തൊന്നും ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിടാനുള്ള ഭാഗ്യം ന്യൂസിലന്റിനും ഉണ്ടായിട്ടില്ല. 2000ലാണ് കിവീസ് അവസാനമായി ടൂര്‍ണമെന്റ് ജയിക്കുന്നത്.

ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെ 60 റണ്‍സിനും ബംഗ്ലദേശിനെ 5 വിക്കറ്റിനും തോല്‍പിച്ചാണ് മിച്ചല്‍ സാന്റ്‌നറും സംഘവും സെമി ഉറപ്പിച്ചത്.വില്‍ യങ്, ടോം ലാതം, കെയ്ന്‍ വില്യംസന്‍, ഗ്ലെന്‍ ഫിലിപ്‌സ് തുടങ്ങി ബാറ്റിങ്ങില്‍ ടീമിന് കാര്യമായ ആശങ്കകളില്ല. മിച്ചല്‍ സാന്റ്‌നര്‍ നയിക്കുന്ന സ്പിന്‍ വിഭാഗത്തില്‍ പരിചയസമ്പത്തുള്ള മറ്റൊരു സ്പിന്നറുടെ അഭാവം ടീമിനെ അലട്ടുന്നുണ്ട്. എന്നാല്‍ മാറ്റ് ഹെന്റിയുടെ നേതൃത്വത്തിലുള്ള പേസ് അറ്റാക്ക് അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ കിവീസിന് കാര്യങ്ങള്‍ എളുപ്പമാകും.




Next Story

RELATED STORIES

Share it