Cricket

പ്രകോപനപരമായ ആംഗ്യങ്ങള്‍; ഹാരിസ് റൗഫിനും സാഹിബസ്ദ ഫര്‍ഹാനുമെതിരേ ബിസിസിഐ പരാതി നല്‍കി

പ്രകോപനപരമായ ആംഗ്യങ്ങള്‍; ഹാരിസ് റൗഫിനും സാഹിബസ്ദ ഫര്‍ഹാനുമെതിരേ ബിസിസിഐ പരാതി നല്‍കി
X

ദുബായ്: ഏഷ്യാകപ്പില്‍ ഈ മാസം 21ന് നടന്ന സൂപ്പര്‍ ഫോറിലെ മല്‍സരത്തില്‍ പാക് താരങ്ങളായ ഹാരിസ് റൗഫ്, സാഹിബസ്ദാ ഫര്‍ഹാന്‍ എന്നിവര്‍ പ്രകോപനപരമായ ആംഗ്യങ്ങള്‍ കാണിച്ച സംഭവത്തില്‍ ബിസിസിഐ പരാതി നല്‍കി. മല്‍സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ശേഷം ബാറ്റ് തോക്കു പലെ ഉയര്‍ത്തി കാണികള്‍ക്കു നേരെ ചൂണ്ടിയാണ് ഫര്‍ഹാന്‍ നേട്ടം ആഘോഷിച്ചത്. ഗണ്‍ ഫയറിങ് സെലിബ്രേഷന്‍ അന്ന് തന്നെ വിവാദം ആയിരുന്നു.

ഹാരിസ് റൗഫ് ഇന്ത്യന്‍ ആരാധകരെ നോക്കി 6-0 എന്നു കാണിച്ചിരുന്നു. ആറ് വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന അര്‍ഥത്തിലുള്ള കൈ ആംഗ്യങ്ങളും താരത്തിന്റെ ഭാഗത്തു നിന്നുണ്ടായി. 2022ലെ ട്വന്റി-20 ലോകകപ്പില്‍ വിരാട് കോഹ്ലി റൗഫിനെ തുടരെ രണ്ട് സിക്സുകള്‍ പായിച്ച് ഇന്ത്യയെ വിജയിപ്പിച്ചിരുന്നു. ഇക്കാര്യം ഓര്‍മപ്പെടുത്തി ആരാധകര്‍ ബൗണ്ടറിക്കരികെ ഫീല്‍ഡ് ചെയ്യുകയായിരുന്ന റൗഫ് കേള്‍ക്കെ കോഹ്ലി, കോഹ്ലി എന്നു വളിച്ചു പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് താരം വിമാനം പറക്കുന്നതും താഴെയ്ക്ക് പതിക്കുന്നതുമായ ആംഗ്യം കാണിച്ചത്.

വിഷയം ഇരു താരങ്ങളും നിഷേധിച്ചാല്‍ ഐസിസി ഇരുവരേയും വിളിപ്പിച്ചേക്കും. എലൈറ്റ് പാനല്‍ റഫറി റിച്ചി റിച്ചാര്‍ഡ്സനു മുന്നില്‍ ഹാജരായി ഇരുവരും ഇക്കാര്യത്തില്‍ മറുപടിയും നല്‍കേണ്ടി വരും.

അതിനിടെ പാകിസ്താനും പരാതിയുമായി ഐസിസിയെ സമീപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെതിരെയാണ് പിസിബി പരാതി നല്‍കിയത്. പ്രാഥമിക ഘട്ടത്തിലെ ഇന്ത്യ- പാക് പോരാട്ടം ജയിച്ച ശേഷം സൂര്യകുമാര്‍ യാദവ് പഹല്‍ഗാം ആക്രമണത്തില്‍ മരിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ജയം ഇന്ത്യന്‍ സൈന്യത്തിനു സമര്‍പ്പിക്കുന്നതായും അദ്ദേഹം കളിയ്ക്കു ശേഷം വ്യക്തമാക്കിയിരുന്നു.

സൂര്യയുടെ പ്രസ്താവന അടിമടി രാഷ്ട്രീയമാണെന്നു പാക് ബോര്‍ഡ് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ സംഭവം നടന്നു ഏഴ് ദിവസത്തിനുള്ളില്‍ പരാതി നല്‍കിയാല്‍ മാത്രമേ ഐസിസി അതു പരിഗണിക്കുകയുള്ളു. അതിനാല്‍ തന്നെ പാക് പരാതി തള്ളിപ്പോകാനാണ് സാധ്യത.





Next Story

RELATED STORIES

Share it