Cricket

ലോകകപ്പ്; അഫ്ഗാനും മറികടന്ന് പാകിസ്താന്‍ സെമിയിലേക്ക്; ആസിഫ് അലി ഹീറോ

ഏഴ് പന്തില്‍ നാല് സിക്‌സര്‍ അടിച്ച് 25 റണ്‍സ് നേടിയ ആസിഫ് അലിയാണ് ഇന്ന് പാക് വിജയത്തിന്റെ നെടുംതൂണായത്.

ലോകകപ്പ്; അഫ്ഗാനും മറികടന്ന് പാകിസ്താന്‍ സെമിയിലേക്ക്; ആസിഫ് അലി ഹീറോ
X


ദുബയ്: ട്വന്റി-20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി പാകിസ്താന്‍ സെമി ഉറപ്പിച്ചു. ഗ്രൂപ്പ് രണ്ടില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബാബറും കൂട്ടരും സെമിയിലേക്ക് കടന്നത്. ഏഴ് പന്ത് നേരിട്ട് നാല് സിക്‌സര്‍ അടിച്ച് 25 റണ്‍സ് നേടിയ ആസിഫ് അലിയാണ് ഇന്ന് പാക് വിജയത്തിന്റെ നെടുംതൂണായത്. ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ ദുബയിലെ തുടര്‍ച്ചയായ 15ാം ജയം കരസ്ഥമാക്കിയത്.


പാകിസ്താന്‍ ജയം കരസ്ഥമാക്കിയ 19ാം ഓവറില്‍ വിജയം അഫ്ഗാനിസ്താന്റെ വരുതിയിലായിരുന്നു. എന്നാല്‍ ഈ ഓവറിലാണ് ആസിഫ് അലിയുടെ വെടിക്കെട്ട് തുടങ്ങിയത്. കരീം ജന്നത്ത് എറിഞ്ഞ ഈ ഓവറില്‍ ആസിഫ് അലി അടിച്ചെടുത്തത് നാല് സിക്‌സറുകളാണ്. ഇതോടെ പാകിസ്താന്‍ ജയം ഉറപ്പിച്ചു.


148 റണ്‍സ് ലക്ഷ്യത്തിലേക്ക് കുതിച്ച പാകിസ്താനെ അഫ്ഗാന്‍ ഞെട്ടിച്ചാണ് കീഴടങ്ങിയത്. തുടക്കത്തില്‍ അവര്‍ക്ക് മുഹമ്മദ് റിസ്വാനെ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ബാബര്‍ അസമും ഫഖര്‍ സമാനും നിലയുറപ്പിക്കുകയായിരുന്നു. പാക് നിരയിലെ ടോപ് സ്‌കോറര്‍ ബാബര്‍ 51 റണ്‍സെടുത്ത് പുറത്തായി. റാഷിദ് ഖാനായിരുന്നു വിക്കറ്റ്. 30 റണ്‍സ് നേടിയ ഫഖറിനെ മുഹമ്മദ് നബി എല്‍ബിയില്‍ കുടുക്കി. ഹഫീസ് 10ഉം ശുഹൈബ് മാലിക്ക് 19 ഉം റണ്‍സെടുത്ത് പുറത്തായതോടെ പാകിസ്താന്‍ സമ്മര്‍ദ്ധത്തിലായിരുന്നു. എന്നാല്‍ പിന്നീടെത്തിയ ആസിഫ് അലി ഞൊടിയിടയില്‍ ജയം പാകിസ്താന്റെ വരുതിയിലാക്കുകയായിരുന്നു.


ടോസ് നേടിയ അഫ്ഗാനിസ്താന്‍ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു.എന്നാല്‍ അഫ്ഗാന്‍ തുടക്കം മുതലേ തകര്‍ച്ച നേരിട്ടിരുന്നു. 76 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവരുടെ പ്രധാനപ്പെട്ട ആറ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് നബിയും (35) ഗുല്‍ബാദിന്‍ നെയ്ബുമാണ് (35) അഫ്ഗാനെ കരകയറ്റിയത്.20 ഓവറില്‍ അവര്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 147 റണ്‍സ് എടുത്തത്. പാകിസ്താന്‍ ബൗളിങിന് വേണ്ടി ഇമാദ് വസിം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്, ഹസ്സന്‍ അലി, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.




Next Story

RELATED STORIES

Share it