മല്യ രാജ്യം വിട്ടതില്‍ മോദിക്കും പങ്ക്; ലുക്ക് ഔട്ട് നോട്ടിസ് മാറ്റിയത് ജയ്റ്റിലുടെ അറിവോടെയെന്ന് രാഹുല്‍ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ തട്ടിയെടുത്ത് വിവാദ വ്യവസായി വിജയ് മല്യ രാജ്യം വിട്ടതില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിഷയത്തില്‍ ജയ്റ്റ്‌ലിയും സര്‍ക്കാരും കളവു പറയുകയാണ്. 2016 മാര്‍ച്ച് ഒന്നിന് ഇരുവരും തമ്മില്‍ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ 20 മിനിറ്റ് ചര്‍ച്ച നടത്തിയതിനു കോണ്‍ഗ്രസ് രാജ്യസഭാംഗം പി.എല്‍. പുനിയ സാക്ഷിയാണ്. മാര്‍ച്ച് രണ്ടിനു മല്യ രാജ്യം വിട്ടു. രാജ്യം വിടുകയാണെന്നു ജയ്റ്റ്‌ലിയോടു മല്യ വെളിപ്പെടുത്തിയിരുന്നു. ജയ്റ്റ്‌ലി അക്കാര്യം എന്തുകൊണ്ട് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, പൊലീസ് എന്നിവയെ അറിയിച്ചില്ല?.
വിമാനത്താവളത്തില്‍ മല്യയ്‌ക്കെതിരായ ലുക്ക് ഔട്ട് നോട്ടിസ് മാറ്റി റിപ്പോര്‍ട്ട് നോട്ടിസ് ആക്കിയത് ജയ്റ്റിലിയുടെ അറിവോടെയാണ്. രാജ്യം വിടാന്‍ മല്യയെ സഹായിക്കുന്നതിനു പ്രധാനമന്ത്രിയുടെ നിര്‍ദേശം ലഭിച്ചിരുന്നോ എന്നു ജയ്റ്റ്‌ലി വ്യക്തമാക്കണം. മല്യയെ സഹായിച്ചതില്‍ സര്‍ക്കാരിനുള്ള പങ്കു പുറത്തുകൊണ്ടുവരാന്‍ നിയമപരമായ എല്ലാ കാര്യങ്ങളും കോണ്‍ഗ്രസ് ചെയ്യുമെന്നും രാഹുല്‍ വ്യക്തമാക്കി.
ജയ്റ്റ്‌ലി രാജിവച്ച് അന്വേഷണത്തെ നേരിടണം. സെന്‍ട്രല്‍ ഹാളിലെ കൂടിക്കാഴ്ച സ്ഥിരീകരിക്കാന്‍ അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും പുനിയ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top