Gulf

സോഷ്യല്‍ ഫോറം ഇടപെടലില്‍ നാലു മാസം മുമ്പ് മരണപ്പെട്ട യുപി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഉത്തര്‍ പ്രദേശ് ഗോരഖ്പൂര്‍ ജില്ലയിലെ താക്കൂര്‍പുര്‍ ഗ്രാമത്തില്‍ രാം നെയ്ന്‍ സനിചരി ദേവി ദമ്പതികളുടെ മകനായ കേദാര്‍നാഥ് പത്തു വര്‍ഷത്തോളമായി ഹായിലിലെ അല്‍ ഗായിദ് എന്ന സ്ഥലത്ത് തോട്ടം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.

സോഷ്യല്‍ ഫോറം ഇടപെടലില്‍ നാലു മാസം മുമ്പ് മരണപ്പെട്ട യുപി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
X

ഹായില്‍: നാലുമാസം മുമ്പ് ഹായിലില്‍ ജോലിസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ട ഉത്തര്‍ പ്രദേശ് സ്വദേശി കേദാര്‍നാഥിന്റെ (46) മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് പ്രസിഡന്റ് റഊഫ് കണ്ണൂര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ ചാന്‍സ് റഹ്മാന്റേയും നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു.

ഉത്തര്‍ പ്രദേശ് ഗോരഖ്പൂര്‍ ജില്ലയിലെ താക്കൂര്‍പുര്‍ ഗ്രാമത്തില്‍ രാം നെയ്ന്‍ സനിചരി ദേവി ദമ്പതികളുടെ മകനായ കേദാര്‍നാഥ് പത്തു വര്‍ഷത്തോളമായി ഹായിലിലെ അല്‍ ഗായിദ് എന്ന സ്ഥലത്ത് തോട്ടം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. രണ്ടു വര്‍ഷം മുമ്പാണ് അവധിക്കു നാട്ടില്‍ പോയി തിരികെ വന്നു ജോലിയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് തൊഴിലുടമ കേദാര്‍നാഥിനെ ഹുറൂബിലാക്കുകയും ചെയ്തിരുന്നതിനാല്‍ ജോലികൂടുതല്‍ പ്രയാസത്തിലാവുകയും ചെയ്തു.


അതിനിടെ കേദാര്‍ നാഥിന്റെ ഭാര്യ കമലാവതി ദേവി അസുഖബാധിതായി മരണപ്പെട്ട വിവരം ലഭിക്കുകയും കേദാര്‍നാഥ് മാനസികമായി തളര്‍ന്ന അവസ്ഥയിലുമായി. ഹുറൂബ് കാരണം യാത്രാ വിലക്കില്‍ പെട്ട് ഭാര്യയുടെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാനായി നാട്ടിലേക്കു പോകാന്‍ സാധിച്ചിരുന്നില്ല. തൊഴിലുടമയോട് യാത്രാവിലക്ക് മാറ്റിത്തരാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. കടുത്ത മാനസിക പ്രയാസത്തില്‍ കഴിയവെയാണ് കേദാര്‍നാഥിനെ മരണം പിടികൂടുന്നത്. ഹായിലിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന കേദാര്‍നാഥിന്റെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനായി കുടുംബത്തെ ബന്ധപ്പെട്ടെങ്കിലും സാമ്പത്തിക പരാധീനതമൂലം ആരും ഏറ്റെടുക്കാനില്ലാതെ വൈകുകയായിരുന്നു.

വളരെ പാവപ്പെട്ട കുടുംബത്തിന്റെ ഏക വരുമാനം കേദാര്‍നാഥിന്റെ ജോലിയില്‍ നിന്നുള്ള തുച്ഛമായ ശമ്പളം മാത്രമായിരുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ട സാമൂഹിക പ്രവര്‍ത്തകന്‍ ചാന്‍സ് റഹ്മാന്‍ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് പ്രസിഡണ്ട് റഊഫ് എന്‍ കെ മുഹമ്മദ് ഷാന്‍ എന്നിവരും ഇന്ത്യന്‍ എംബസിയെ സമീപിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ കേദാര്‍നാഥിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ചെലവ് ഇന്ത്യന്‍ എംബസി വഹിക്കാമേന്നേറ്റതിനാല്‍ കാര്യങ്ങള്‍ എളുപ്പമായി.

തുടര്‍ന്ന് രേഖകളും മറ്റുമായ നടപടിക്രമങ്ങള്‍ക്ക് ശേഷം റിയാദ് എയര്‍പോര്‍ട്ടിലെത്തിച്ച മൃതദേഹം ഞായറാഴ്ച രാവിലെ ലഖ്‌നോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ കൊണ്ടുപോയി. എസ്.ഡി.പി.ഐ. ഉത്തര്‍പ്രദേശ് ഘടകം ഭാരവാഹികളും ബന്ധുക്കളും ചേര്‍ന്ന് ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങി 250 കിലോമീറ്റര്‍ ദൂരത്തുള്ള താക്കൂര്‍പൂരിലെ വീട്ടിലെത്തിച്ചു സംസ്‌കരിച്ചു.

Next Story

RELATED STORIES

Share it