Gulf

ഗള്‍ഫില്‍നിന്ന് ഇന്ന് രണ്ട് പ്രത്യേക വിമാനങ്ങള്‍; ദുബയ്- കൊച്ചി, ബഹ്റൈന്‍- കോഴിക്കോട്

എല്ലാ യാത്രക്കാര്‍ക്കുമുള്ള ടിക്കറ്റുകള്‍ വിതരണംചെയ്തുകഴിഞ്ഞു. ഇന്ത്യന്‍ എംബസിയില്‍ സജ്ജീകരിച്ച എയര്‍ ഇന്ത്യയുടെ താല്‍ക്കാലിക ഓഫിസിലാണ് ടിക്കറ്റ് വിതരണംചെയ്തത്. ഗര്‍ഭിണികള്‍, ജോലിനഷ്ടപ്പെട്ടവര്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടംപിടിച്ചവരില്‍ അധികവും.

ഗള്‍ഫില്‍നിന്ന് ഇന്ന് രണ്ട് പ്രത്യേക വിമാനങ്ങള്‍; ദുബയ്- കൊച്ചി, ബഹ്റൈന്‍- കോഴിക്കോട്
X

ദുബയ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക സര്‍വീസിന്റെ ഭാഗമായി ഗള്‍ഫില്‍നിന്ന് ഇന്ന് പുറപ്പെടുന്നത് രണ്ടുവിമാനങ്ങള്‍. ദുബയില്‍നിന്ന് കൊച്ചിയിലേക്കും ബഹ്റൈനില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങള്‍. ദുബയില്‍നിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.15ന് യാത്രതിരിക്കും. ബഹ്റൈനില്‍നിന്നുള്ള രണ്ടാംവിമാനത്തില്‍ 180 മുതിര്‍ന്നവരും നാല് കുഞ്ഞുങ്ങളുമാണ് പോവുക. വൈകീട്ട് പ്രാദേശികസമയം 4.30നാണ് ബഹ്റൈന്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെടുക. ഇന്ത്യന്‍സമയം രാത്രി 11.20ന് ഇത് കോഴിക്കോട്ട് എത്തിച്ചേരും.

എല്ലാ യാത്രക്കാര്‍ക്കുമുള്ള ടിക്കറ്റുകള്‍ വിതരണംചെയ്തുകഴിഞ്ഞു. ഇന്ത്യന്‍ എംബസിയില്‍ സജ്ജീകരിച്ച എയര്‍ ഇന്ത്യയുടെ താല്‍ക്കാലിക ഓഫിസിലാണ് ടിക്കറ്റ് വിതരണംചെയ്തത്. ഗര്‍ഭിണികള്‍, ജോലിനഷ്ടപ്പെട്ടവര്‍ തുടങ്ങിയവരാണ് പട്ടികയില്‍ ഇടംപിടിച്ചവരില്‍ അധികവും. യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരെ എംബസിയില്‍നിന്ന് വിളിച്ചറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ബഹ്റൈനില്‍നിന്ന് രണ്ട് വിമാനങ്ങള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ. 13,000ത്തിലധികം പേരാണ് ഇന്ത്യന്‍ എംബസിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച ദുബയില്‍നിന്ന് കണ്ണൂരിലേക്ക് വിമാനമുണ്ട്. കൊവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണമായും പാലിച്ചാവും യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തിറക്കുക.

ഓരോ യാത്രക്കാരെയും എയ്റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മല്‍ സ്‌കാനിങ്ങിനു വിധേയരാക്കും. തുടര്‍ന്ന് വിശദമായ ആരോഗ്യപരിശോധന നടത്തിയ ശേഷം യാത്രക്കാരുടെ വിവരശേഖരണം പൂര്‍ത്തിയാക്കും. ഇതിനുശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക. പ്രകടമായ രോഗലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേക്ക് മാറ്റും. ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേക്കും മറ്റുള്ളവരെ കൊവിഡ് കെയര്‍ സെന്ററുകളിലേക്കുമാണ് അയക്കുക. ഇവര്‍ക്കെല്ലാം ആരോഗ്യവകുപ്പിന്റെ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും.

Next Story

RELATED STORIES

Share it