World

ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍സെയ്ദ് അന്തരിച്ചു

സുല്‍ത്താന്റെ മരണത്തോടനുബന്ധിച്ച് ഒമാനില്‍ മൂന്നുദിവസത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു.

ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍സെയ്ദ് അന്തരിച്ചു
X

മസ്‌ക്കത്ത്: ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍സെയ്ദ് (79) അന്തരിച്ചു. രാജ്യത്തെ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. ഏറെ നാളായി അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു. 49 വര്‍ഷമായി ഒമാന്റെ ഭരണാധികാരിയാണ്. ആധുനിക ഒമാന്റെ ശില്‍പിയായാണ് അദ്ദഹം അറിയപ്പെടുന്നത്. ഭരണത്തില്‍ 50 വര്‍ഷം തികയ്ക്കാന്‍ ഏഴുമാസം ബാക്കി നില്‍ക്കെയാണ് മരണം. ഒമാന്‍ എന്ന രാജ്യത്തെ ഇന്ന് കാണുന്ന പ്രൗഡിയിലേയ്‌ക്കെത്തിച്ചത് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ ഭരണപാടവമായിരുന്നു. സുല്‍ത്താന്റെ മരണത്തോടനുബന്ധിച്ച് ഒമാനില്‍ മൂന്നുദിവസത്തെ പൊതു അവധി പ്രഖ്യാപിക്കും. രാജ്യത്ത് 40 ദിവസത്തെ ദേശീയ ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.


49 വര്‍ഷം ഒമാന്റെ പരമാധികാരി, വികസനത്തിലേക്ക് നയിച്ച ഭരണാധികാരി, പകരംവയ്ക്കാനില്ലാത്ത രാഷ്ട്രശില്‍പി, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്ന രാജ്യത്തിന്റെ പര്യായമായിരുന്നു അതിന്റെ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ്. 49 വര്‍ഷം തുടര്‍ച്ചയായി രാഷ്ട്രപിതാവ്, പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവി തുടങ്ങി എല്ലാ സുപ്രധാന പദവികളും വഹിച്ച പരമാധികാരി. ചോദ്യം ചെയ്യപ്പെടാത്ത വിധം ഒമാനി ജനതയുടെ പ്രിയപ്പെട്ട നേതാവ് കൂടിയായി അദ്ദേഹം. പിതാവില്‍നിന്ന് 1970 മുതല്‍ ഭരണനേതൃത്വമേറ്റെടുത്തശേഷം മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച നേതാവെന്ന ബഹുമതിയും സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍സെയ്ദിന് സ്വന്തം.


1940 നവംബര്‍ 18ന് ഒമാനിലെ സലാലയിലായിരുന്നു ജനനം. അന്നത്തെ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും ശൈഖ മസൂനയുടെയും ഏകമകന്‍. ഇംഗ്ലണ്ടിലായിരുന്നു ഉപരിപഠനം. അദ്ദേഹത്തിന്റെ വിദ്യാഭ്യാസകാലയളവില്‍ ഇന്ത്യയില്‍ പഠനം നടത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ആര്‍മിയില്‍ ചേര്‍ന്ന അദ്ദേഹം ദി കാമറൂണിയന്‍സ് (സ്‌കോട്ടിഷ് റൈഫിള്‍സ്) ഒന്നാം ബറ്റാലിയനിലേക്ക് നിയമിക്കുകയും ഒരുവര്‍ഷം ജര്‍മനിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. 1966 ലാണ് അദ്ദേഹം ഒമാനിലേക്ക് മടങ്ങിയത്. 1970 ജൂലൈ 23ന് ഖാബൂസ് പിതാവ് സഈദ് ബിന്‍ തൈമൂറില്‍നിന്ന് അധികാരം പിടിച്ചെടുത്തു. ഇന്ത്യന്‍ കറന്‍സി മാറ്റി നാട്ടില്‍ സ്വന്തം കറന്‍സി കൊണ്ടുവന്നു.


ശക്തമായ നിയമവ്യവസ്ഥ ഏര്‍പ്പെടുത്തി. ഗള്‍ഫിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യത്ത് ഓരോ ഗ്രാമത്തിലും വൈദ്യുതിയും വെള്ളവും ആരോഗ്യവും വിദ്യാഭ്യാസവുമെത്തിച്ചു. 2014ല്‍ രോഗബാധിതനായ സുല്‍ത്താന്‍ ദീര്‍ഘകാലം ജര്‍മനിയില്‍ ചികില്‍സയിലായിരുന്നു. അര്‍ബുദരോഗബാധ സ്ഥിരീകരിച്ച ശേഷം കഴിഞ്ഞ ഡിസംബര്‍ 14നാണ് ഏറ്റവും ഒടുവില്‍ ചികില്‍സ കഴിഞ്ഞ് മടങ്ങിയത്. മരണം സ്വന്തം മണ്ണിലാവണമെന്നതായിരുന്നു ആഗ്രഹം. വിവാഹമോചിതനായ സുല്‍ത്താന് മക്കളില്ലായിരുന്നു. അതുകൊണ്ട് ഒമാന് പ്രഖ്യാപിത കിരീടാവകാശിയുമുണ്ടായില്ല. 1996 ലെ ചട്ടപ്രകാരം ഭരണകുടുംബത്തിന് പിന്‍ഗാമിയെ നിയമിക്കാന്‍ മൂന്നുദിവസത്തെ സമയമുണ്ട്.

Next Story

RELATED STORIES

Share it