Gulf

ജിദ്ദയില്‍ മരണപ്പെട്ട ചാലിയം സ്വദേശി മുഹമ്മദ് കബീറിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി

ജിദ്ദയില്‍ 25 വര്‍ഷത്തോളമായി സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് കബീര്‍.

ജിദ്ദയില്‍ മരണപ്പെട്ട ചാലിയം സ്വദേശി മുഹമ്മദ് കബീറിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി
X

ജിദ്ദ: ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ച കോഴിക്കോട് ചാലിയം സ്വദേശി കൊളത്തും കണ്ടി മുഹമ്മദ് കബീറിന്റെ (53) മൃതദേഹം മക്കയിലെ ജന്നതുല്‍ മഅല്ലയില്‍ മറവു ചെയ്തു. ജിദ്ദയില്‍ 25 വര്‍ഷത്തോളമായി സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് കബീര്‍. ചൊവ്വാഴ്ച രാത്രി പതിവു പോലെ സാധനങ്ങള്‍ വിതരണം ചെയ്തു വരുന്നതിനിടെ പ്രമേഹ രോഗം മൂര്‍ച്ഛിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഹൃദയാഘാതമുണ്ടായതിനാല്‍ മരണം സംഭവിക്കുകയായിരുന്നു. രാത്രി വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനാല്‍ ഭാര്യയും മകളും കുടുംബ സുഹൃത്തായ റഫീഖ് ചാലിയത്തിനെ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായറിഞ്ഞത്. കുടുംബ സമേതം ജിദ്ദ കിലോ പതിനാലിലാണ് താമസിച്ചു വരുന്നത്. ചാലിയത്തെ പരേതരായ കൊളത്തും കണ്ടി മുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ (ഫറോക്ക്, പേട്ട), മകള്‍: ഫാത്തിമ നിഷാന (ജിദ്ദ അല്‍ മവാരിദ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി).

സുലൈമാനിയ്യയിലെ ഈസ്റ്റ് ജിദ്ദ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം ഇന്നലെ രാത്രിയോടെയാണ് മക്കയില്‍ മറവു ചെയ്തത്.

രേഖകള്‍ സംബന്ധമായ കാര്യങ്ങള്‍ക്കായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആലിക്കോയ ചാലിയം, വെല്‍ഫെയര്‍ വളണ്ടിയര്‍മാരായ ഹസൈനാര്‍ മാരായമംഗലം, മസ്ഊദ് ബാലരാമപുരം, ബന്ധുവായ അബ്ദുല്‍ കബീര്‍ ചാലിയം എന്നിവര്‍ റഫീഖ് ചാലിയത്തിനൊപ്പമുണ്ടായിരുന്നു. മൃതദേഹം മക്കയില്‍ മറമാടുന്നതിന്നായി കെഎംസിസി മക്ക വെല്‍ഫെയര്‍ വളണ്ടിയര്‍മാരായ മുജീബ് പൂക്കോട്ടൂര്‍, കുഞ്ഞിമോന്‍ കാക്കിയ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it