Gulf

സൗദിയില്‍ ഹുറൂബ് സംവിധാനം പരിഷ്‌കരിച്ചു; ഇനി തൊഴിലാളിയെ ഏകപക്ഷീയമായി പിരിച്ചുവിടാനാവില്ല

ജോലിസ്ഥലത്തുനിന്ന് ഒളിച്ചോടിയതായി തൊഴിലുടമകള്‍ വ്യാജപരാതികള്‍ നല്‍കുന്ന പക്ഷം ഓണ്‍ലൈന്‍വഴി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് അവസരമൊരുക്കുന്ന പുതിയ സേവനമാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചത്. തൊഴിലാളികളുടെ സര്‍വീസ് ആനുകൂല്യങ്ങളടക്കമുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതിനും അവരെ നിയമപ്രശ്‌നങ്ങളില്‍ കുടുക്കുന്നതിനും തൊഴിലാളികളെ വ്യാജമായി ഹുറൂബാക്കുന്ന പ്രവണത ഇതോടെ അവസാനിക്കും.

സൗദിയില്‍ ഹുറൂബ് സംവിധാനം പരിഷ്‌കരിച്ചു; ഇനി തൊഴിലാളിയെ ഏകപക്ഷീയമായി പിരിച്ചുവിടാനാവില്ല
X

റിയാദ്: സൗദിയില്‍ ജോലിക്ക് ഹാജരാവാത്ത തൊഴിലാളികളെ ഒളിച്ചോട്ടക്കാരനാക്കി സ്‌പോണ്‍സര്‍ഷിപ്പ് ഒഴിയുന്ന ഹുറൂബ് സംവിധാനം തൊഴില്‍ മന്ത്രാലയം പരിഷ്‌കരിച്ചു. ജോലിസ്ഥലത്തുനിന്ന് ഒളിച്ചോടിയതായി തൊഴിലുടമകള്‍ വ്യാജപരാതികള്‍ നല്‍കുന്ന പക്ഷം ഓണ്‍ലൈന്‍വഴി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് അവസരമൊരുക്കുന്ന പുതിയ സേവനമാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചത്. തൊഴിലാളികളുടെ സര്‍വീസ് ആനുകൂല്യങ്ങളടക്കമുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതിനും അവരെ നിയമപ്രശ്‌നങ്ങളില്‍ കുടുക്കുന്നതിനും തൊഴിലാളികളെ വ്യാജമായി ഹുറൂബാക്കുന്ന പ്രവണത ഇതോടെ അവസാനിക്കും.

സൗദിയില്‍ തൊഴിലാളി ഒളിച്ചോടിയാലോ ജോലിക്ക് ഹാജരാവാതിരുന്നാലോ അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് ഒഴിയുന്നതിന് മന്ത്രാലയം ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഹുറൂബാക്കല്‍. ഇങ്ങനെ ചെയ്യുന്നതോടെ തൊഴിലാളിക്ക് പിന്നീട് സ്‌പോണ്‍സറുണ്ടാവില്ല. പോലിസില്‍ കീഴടങ്ങുകയോ മറ്റൊരു സ്‌പോണ്‍സര്‍ക്ക് കീഴിലേക്ക് നിലവിലെ സ്‌പോണ്‍സറുടെ സഹായത്തോടെ മാറുകയോ ആണ് പിന്നീടുള്ള പോംവഴി. വ്യാജമായാണ് ഹുറൂബാക്കിയതെന്ന അപേക്ഷ നല്‍കുന്നതിനു തൊഴിലാളികള്‍ക്ക് അവസരമൊരുക്കുന്നതിനും ഹുറൂബാക്കല്‍ സേവനം തൊഴിലുടമകള്‍ ദുരുപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പുതിയ സേവനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. തൊഴിലുടമകള്‍ നല്‍കുന്ന ഹുറൂബ് പരാതികളുടെ നിജസ്ഥിതി മന്ത്രാലയം ഉറപ്പുവരുത്തും. നിത്വാഖാത്ത് അനുസരിച്ച് എല്ലാ വിഭാഗം സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍വഴി തൊഴിലാളികളെ ഹുറൂബാക്കുന്ന സേവനം പ്രയോജനപ്പെടുത്താം. സ്ഥാപനത്തിനെതിരേ കേസ് നല്‍കിയ തൊഴിലാളികളെ ഹുറൂബാക്കാനാവില്ല. കൂടാതെ തൊഴിലാളികളെ ഹുറൂബാക്കുന്നതിന് അവരുടെ വര്‍ക്ക് പെര്‍മിറ്റും ഇഖാമയും കാലാവധിയുള്ളതായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കാലാവധി അവസാനിച്ചിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഹുറൂബാക്കാനാവും.

ഹുറൂബാക്കുന്നതിന് മറ്റു അനുബന്ധരേഖകളും ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്യണം. തൊഴിലാളി ജോലി ആരംഭിച്ച തിയ്യതി, അവസാനിപ്പിച്ച തിയ്യതി, അവസാനമായി ശമ്പളം കൈപ്പറ്റിയ തിയ്യതി തുടങ്ങിയ വിവരങ്ങളും ഹുറൂബ് രേഖപ്പെടുത്തുന്നതിന് മുമ്പായി തൊഴിലുടമ നല്‍കണം. നടപടികളെല്ലാം പൂര്‍ത്തിയാക്കുന്ന ഹുറൂബ് പരാതികള്‍ സ്വീകരിച്ചതായി സിസ്റ്റം അറിയിക്കുകയും തൊഴിലാളി ഒളിച്ചോടിയതായി ആഭ്യന്തരമന്ത്രാലയത്തിലെ സിസ്റ്റത്തില്‍ തൊഴിലാളിയുടെ സ്റ്റാറ്റസില്‍ മാറ്റംവരുത്തുകയും ചെയ്യും. തൊഴിലാളിയെ ഹുറൂബാക്കിയ കാര്യം സ്ഥിരീകരിച്ച് സ്ഥാപനപ്രതിനിധിക്കും തൊഴിലാളിക്കും എസ്എംഎസ്സുകള്‍ അയക്കുകയും ചെയ്യും. തൊഴിലുടമകള്‍ക്കും അവരുടെ നിയമാനുസൃത പ്രതിനിധികള്‍ക്കും ഓണ്‍ലൈന്‍ വഴി തൊഴിലാളികളെ ഹുറൂബാക്കുന്നതിനും ഹുറൂബ് റദ്ദാക്കുന്നതിനും കഴിയും.

വ്യാജമായാണ് ഹുറൂബാക്കിയതെങ്കില്‍ ഓണ്‍ലൈന്‍വഴി അതില്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് തൊഴിലാളിക്കോ തൊഴിലാളിയെ പ്രതിനിധീകരിക്കുന്നവര്‍ക്കോ സാധിക്കും. ഇതിന് തൊഴില്‍, സാമൂഹിക വികസനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് സൈറ്റില്‍ വ്യക്തികള്‍ക്കുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയാണ് ആദ്യം വേണ്ടത്. ഇതിനുശേഷം സൈറ്റില്‍ വ്യക്തികള്‍ക്കുള്ള സേവനങ്ങള്‍ക്കുള്ള ലിങ്കില്‍ പ്രവേശിച്ച് സൈഡിലെ പട്ടികയില്‍നിന്ന് വ്യാജ ഹൂറൂബ് സ്ഥാപിക്കല്‍ അപേക്ഷ സേവനം തിരഞ്ഞെടുക്കണം. ഇതോടെ ഹുറൂബാക്കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പ്രത്യക്ഷപ്പെടും. ഹുറൂബാക്കി ഒരുവര്‍ഷം പിന്നിട്ട ശേഷം വ്യാജമായാണ് ഹുറൂബാക്കിയതെന്ന് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

Next Story

RELATED STORIES

Share it