Gulf

40ാം മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയ്ക്കു തുടക്കമായി

'എല്ലായ്‌പ്പോഴും ശരിയായ ഒരു പുസ്തകമുണ്ട്' എന്ന പ്രമേയത്തില്‍ ഷാര്‍ജ ബുക് അതോറിറ്റി നവംബര്‍ 3 മുതല്‍ 13 വരെയാണ് 11 ദിവസം നീളുന്ന പുസ്തകോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്.

40ാം മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയ്ക്കു തുടക്കമായി
X

യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി ഷാര്‍ജ രാജ്യാന്തര പുസ്തക മേള ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ: ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തക മേളയായ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയറിന്റെ 40ാമത് എഡിഷന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കമായി. 'എല്ലായ്‌പ്പോഴും ശരിയായ ഒരു പുസ്തകമുണ്ട്' എന്ന പ്രമേയത്തില്‍ ഷാര്‍ജ ബുക് അതോറിറ്റി നവംബര്‍ 3 മുതല്‍ 13 വരെയാണ് 11 ദിവസം നീളുന്ന പുസ്തകോല്‍സവം സംഘടിപ്പിച്ചിരിക്കുന്നത്. യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി പുസ്തക മേള ഉദ്ഘാടനം ചെയ്തു.


ഇന്ത്യയടക്കം 83 രാജ്യങ്ങളില്‍ നിന്നുള്ള 1,632 പ്രസാധകരാണ് ഈ വര്‍ഷം പുസ്തക മേളയില്‍ പങ്കെടുക്കുന്നത്. 85 ലോകോത്തര പുസ്തകങ്ങളെ ആസ്പദമാക്കി എഴുത്തുകാര്‍, ബുദ്ധിജീവികള്‍, കവികള്‍, കലാകാരന്മാര്‍ എന്നിവരുടെ ഒരു സമ്മേളനം നടക്കും.


പുസ്തക മേളയിലെ ഈ വര്‍ഷത്തെ വിശിഷ്ടാതിഥി രാഷ്ട്രം സ്‌പെയിന്‍ ആണ്. 'സാംസ്‌കാരിക വ്യക്തിത്വ' മായി തിരഞ്ഞെടുക്കപ്പെട്ട കുവൈത്തി നോവലിസ്റ്റും ചെറുകഥാകൃത്തുമായ താലിബ് അല്‍ രിഫാഇയെ പുസ്തക മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ശൈഖ് ഡോ. സുല്‍ത്താന്‍ ആദരിച്ചു. 13 ലക്ഷം ദിര്‍ഹം സമ്മാനത്തുകയുള്ള ഷാര്‍ജ വിവര്‍ത്തന പുരസ്‌കാരമായ 'തര്‍ജുമാന്‍' ജേതാക്കളെയും വിവിധ മേഖലകളിലെ എസ്‌ഐബിഎഫ് അവാര്‍ഡ് ജേതാക്കളെയും ഇത്തിസാലാത്ത് അറബിക് ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ അവാര്‍ഡ് നേടിയവരെയും ശൈഖ് സുല്‍ത്താന്‍ ആദരിച്ചു.


ഷാര്‍ജ രാജ്യാന്തര പുസ്തക മേള ലോകത്തിലെ ഏറ്റവും മികച്ച മൂന്നെണ്ണത്തില്‍ ഒന്നാണെന്ന് ഉദ്ഘാടന ചടങ്ങിലെ മുഖ്യ പ്രഭാഷണത്തില്‍ ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അല്‍ ആമിരി പറഞ്ഞു. എമിറേറ്റിന്റെ സാംസ്‌കാരിക പദ്ധതിയുടെ ഫലങ്ങളിലുള്ള ഉറച്ച വിശ്വാസം അറബ് ലോകത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന നിലയില്‍ ഷാര്‍ജയെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അതിന് ഷാര്‍ജ ഭരണാധികാരി മുന്നോട്ടുവെച്ച ദര്‍ശനം പ്രശംസനീയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.


ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ ഉദ്ഘാടന ചടങ്ങില്‍ 'ദി സുല്‍ത്താന്‍ ഓഫ് കള്‍ചര്‍, ഡെവലപ്‌മെന്റ് ആന്റ് ഗിവിംഗ്' എന്ന ഗ്രന്ഥത്തിന്റെ ആദ്യ പകര്‍പ്പ് ഡോ. സുല്‍ത്താന്‍ അല്‍ ഖാസിമിക്ക് ഷാര്‍ജ പോലിസ് ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സര്‍റി അല്‍ ഷംസി സമ്മാനിച്ചു. ഷാര്‍ജ പോലിസിന്റെ ഭാഗമായ അക്കാദമി ഓഫ് പോലിസ് സയന്‍സസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഷാര്‍ജയിലെ ജനങ്ങളുടെ ജീവിതത്തില്‍ ശൈഖ് സുല്‍ത്താന്റെ സംരംഭങ്ങളും അതിന്റെ പോസിറ്റീവ് ഫലങ്ങളും എന്നതാണ് ഗ്രന്ഥത്തിലെ പരാമര്‍ശം.


ശൈഖ് സുല്‍ത്താന്റെ ഭരണ നൈപുണ്യത്തിന് നന്ദി പറഞ്ഞുള്ളതാണീ ഗ്രന്ഥമെന്ന് അക്കാദമി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. മുഹമ്മദ് ഖമീസ് അല്‍ ഉസ്മാനി പറഞ്ഞു.


അതേസമയം, ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ കേരളത്തിലെ മൂന്ന് മുന്‍നിര കോണ്‍ഗ്രസ് നേതാക്കളുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ 'നേരനുഭവങ്ങള്‍ ' എന്ന പുസ്തകവും മുന്‍ പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ, 'രമേശ് ചെന്നിത്തല വ്യക്തിയും ജീവിതവും' എന്ന പുസ്തകവും തൃശൂര്‍ ലോകസഭാംഗം ടി എന്‍ പ്രതാപന്റെ 'ഭ്രാന്ത് പെരുകുന്ന കാലം' എന്നീ മൂന്ന് പുസ്തകങ്ങളാണ് ഷാര്‍ജ മേളയില്‍ പ്രകാശനം ചെയ്യപ്പെടുന്നത്.


നവംബര്‍ നാലിന് വ്യാഴാഴ്ച

നവംബര്‍ നാലിന് വ്യാഴാഴ്ച രാത്രി ഒമ്പതിന് റൈറ്റേഴ്‌സ് ഫോറം ഹാളിലാണ് ടി എന്‍ പ്രതാപന്‍ എഴുതിയ 'ഭ്രാന്ത് പെരുകുന്ന കാലം' പ്രകാശനം ചെയ്യപ്പെടുക. ഭയം എങ്ങിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു, വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ ഫാസിസം ആധിപത്യം ഉറപ്പിക്കുന്നു തുടങ്ങി സമകാലീന രാഷ്ട്രീയ ഇന്ത്യയെ പ്രതാപന്‍ പുസ്തകത്തിലൂടെ തുറന്നെഴുതുന്നു. എം എന്‍ കാരശേരിയാണ് അവതാരിക എഴുതിയത്. ലിപിയാണ് പുസ്തക പ്രസാധകര്‍.


നവംബര്‍ അഞ്ചിന് വെള്ളിയാഴ്ച

നവംബര്‍ അഞ്ചിന് വെള്ളിയാഴ്ച രാത്രി ഏഴിന് റൈറ്റേഴ്‌സ് ഫോറം ഹാളിലാണ് 'രമേശ് ചെന്നിത്തല വ്യക്തിയും ജീവിതവും' എന്ന പുസ്തം പ്രകാശനം ചെയ്യുക. അഡ്വക്കേറ്റ് ഐ മൂസയാണ് പുസ്തകം എഡിറ്റ് ചെയ്തത്. ഹരിതം ബുക്‌സ് ആണ് പ്രസാധകര്‍. രമേശ് ചെന്നിത്തലയുടെ പാര്‍ലിമെന്ററി ജീവിതത്തിന്റെ ജൂബിലി ആഘോഷ വേളയില്‍ അഡ്വ. ഐ മൂസ എഡിറ്റ് ചെയ്ത പ്രസിദ്ധീകരിച്ച , 'രമേശ് ചെന്നിത്തല പാര്‍ലിമെന്ററി ജീവിതത്തിന്റെ കാല്‍ നൂറ്റാണ്ട് ' എന്ന സുവനീറിന്റെ പുസ്തക രൂപം കൂടിയാണിതെന്ന് ഹരിതം ബുക്‌സിന്റെ പ്രതാപന്‍ തായാട്ട് പറഞ്ഞു.


നവംബര്‍ ആറിന് ശനിയാഴ്ച

നവംബര്‍ ആറിന് ശനിയാഴ്ച വൈകിട്ട് ആറിന് റൈറ്റേഴ്‌സ് ഫോറം ഹാളിലാണ് വി ഡി സതീശന്റെ നേരനുഭവങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്യുക. സതീശന്റെ രാഷ്ട്രീയവും ജീവിതവും പറയുന്ന പുസ്തക പ്രസാധകര്‍ ഒലിവ് ബുക്‌സ് ആണ് . മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ടോണി ചിറ്റേട്ടുകളം ആണ് പുസ്തകം തയ്യാറാക്കിയത്.




Next Story

RELATED STORIES

Share it