Gulf

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം യാത്രാനുമതിയെന്ന് സൗദി; ബഹ്‌റയ്‌നില്‍ കുടുങ്ങിയത് ആയിരത്തോളം മലയാളികള്‍

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം യാത്രാനുമതിയെന്ന് സൗദി; ബഹ്‌റയ്‌നില്‍ കുടുങ്ങിയത് ആയിരത്തോളം മലയാളികള്‍
X

മനാമ: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രമേ കടത്തിവിടുകയുള്ളൂവെന്ന സൗദി അറേബ്യയുടെ പുതിയ തീരുമാനത്തെത്തുടര്‍ന്ന് ബഹ്‌റയ്‌നില്‍ ആയിരത്തോളം മലയാളികള്‍ കുടുങ്ങി. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം യാത്രാനുമതി നല്‍കിയാല്‍ മതിയെന്ന നിബന്ധന കിങ് ഫഹദ് കോസ്‌വേ അധികൃതര്‍ വ്യാഴാഴ്ച മുതലാണ് നടപ്പാക്കിയത്. സൗദി അറേബ്യ പ്രാബല്യത്തില്‍ വരുത്തിയ പുതിയ യാത്രാനിയന്ത്രണങ്ങള്‍ ഇവര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. സൗദിയിലേക്ക് പോവാന്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോസ്‌വേയിലെത്തിയ യാത്രക്കാരെ അധികൃതര്‍ തിരിച്ചയച്ചു.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സൗദിയിലേക്ക് ഇന്ത്യയില്‍നിന്ന് നേരിട്ട് വിമാന സര്‍വീസില്ലാത്തതിനാല്‍ ബഹ്‌റയ്ന്‍ വഴി പോവാനെത്തിയവരാണ് പ്രതിസന്ധിയിലായത്. ബഹ്‌റയ്‌നില്‍ 14 ദിവസത്തെ ക്വാറന്റൈന് ശേഷമാണ് കോസ്‌വേ വഴി ഇന്ത്യക്കാര്‍ സൗദിയിലേക്ക് പോയിക്കൊണ്ടിരുന്നത്.

എന്നാല്‍, പുതിയ നിബന്ധനയോടെ ഈ മാര്‍ഗവും അടഞ്ഞു. സൗദി റസിഡന്‍സ് വിസയുള്ളവര്‍, തൊഴില്‍, സന്ദര്‍ശക, ടൂറിസം വിസയില്‍ വരുന്നവര്‍ എന്നിവര്‍ക്കാണ് പുതിയ നിബന്ധന ബാധകം. ഇവര്‍ 72 മണിക്കൂറിനുള്ളിലെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

സൗദി അംഗീകരിച്ച ഫൈസര്‍, അസ്‌ട്രൊസനക്ക, മൊഡേണ എന്നീ വാക്‌സിനുകള്‍ രണ്ടുഡോസും ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്‌സിന്‍ ഒറ്റ ഡോസും എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ബഹ്‌റയ്‌നില്‍ സ്വകാര്യമേഖലയില്‍ വാക്‌സിനേഷന്‍ സംവിധാനമില്ല. വാക്‌സിന്‍ സ്വീകരിക്കാതെയെത്തിയവരാണ് ബഹ്‌റയ്‌നില്‍ കുടുങ്ങിപ്പോയത്.

Next Story

RELATED STORIES

Share it