Gulf

ഷാര്‍ജയില്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന 'കൂള്‍ ഓഫ് കാബിന്‍' പദ്ധതിക്ക് തുടക്കം

50 ഡിഗ്രി സെല്‍ഷ്യസിലേറെ ചൂട് അനുഭവപ്പെടുന്ന മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഏറെ ദുരിതമനുഭവിക്കുന്ന ഗള്‍ഫിലെ തൊഴിലാളികള്‍ക്ക് വളരെയധികം ആശ്വാസമാണീ പദ്ധതി.

ഷാര്‍ജയില്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന കൂള്‍ ഓഫ് കാബിന്‍ പദ്ധതിക്ക് തുടക്കം
X

ഷാര്‍ജ: നിര്‍മാണ മേഖലയിലെ മാരക ചൂടില്‍ നിന്നും തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന 'കൂള്‍ ഓഫ് കാബിന്‍' പദ്ധതിക്ക് ഷാര്‍ജ ന്യൂ ഖോര്‍ഫക്കാന്‍ റോഡില്‍ തുടക്കമായി. ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (സീവ) ചെയര്‍മാന്‍ ഡോ. റാഷിദ് അല്‍ ലീമിന്റെ ആശയം സാക്ഷാത്കരിച്ചു കൊണ്ടുള്ള പദ്ധതിക്കാണ് ഇന്നലെ തുടക്കം കുറിച്ചത്. അംവാജ് ഗ്രൂപ് ഓഫ് കമ്പനീസിന് കീഴിലുള്ള ഓഷ്യന്‍ ഓയില്‍ ഫീല്‍ഡ് കമ്പനിയാണ് സംരംഭം യാഥാര്‍ത്ഥ്യമാക്കിയത്. 50 ഡിഗ്രി സെല്‍ഷ്യസിലേറെ ചൂട് അനുഭവപ്പെടുന്ന മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഏറെ ദുരിതമനുഭവിക്കുന്ന ഗള്‍ഫിലെ തൊഴിലാളികള്‍ക്ക് വളരെയധികം ആശ്വാസമാണീ പദ്ധതി. കടുത്ത വേനല്‍ ചൂടില്‍ പലരും നിര്‍മാണ ഇടങ്ങളില്‍ സൂര്യാതപമേറ്റ് തളര്‍ന്നു വീഴാറുണ്ട്. മരണം വരെ സംഭവിക്കാവുന്ന സാഹചര്യമാണുണ്ടാവാറുള്ളത്. ഇതിന് പരിഹാരമാണ് ഡോ. റാഷിദ് അല്‍ ലീമിന്റെ ഈ നൂതനാശയം.

'കൂള്‍ ഓഫ് കാബിന്‍' പ്രൊജക്ടില്‍ 20 അടി കണ്ടെയ്‌നറില്‍ 5 കാബിനുകളാണുണ്ടാവുക. ഇതിനകത്തുള്ള 2 സ്പഌറ്റ് എസി യൂനിറ്റുകള്‍, ഒരു ചില്ലര്‍ എന്നിവ മുഖേന തൊഴിലാളികള്‍ക്ക് തണുത്ത ജലം സ്‌പ്രേ ചെയ്ത് ശരീരത്തിലേല്‍ക്കാം. ശരീരോഷ്മാവ് പെട്ടെന്ന് താഴേക്ക് പോകാതെ നിയന്ത്രിക്കുന്ന വിധത്തിലുള്ള സംവിധാനമാണ് കാബിനിലുള്ളത്. 50 ഡിഗ്രിയിലേറെ സെല്‍ഷ്യസുള്ള ദിവസം ഇതിനകത്ത് കയറി നിന്നാലുള്ള അനുഭവം വ്യത്യസ്തമായിരിക്കും. നിര്‍മാണം, ഖനനം, എണ്ണ, ഗ്യാസ് ഓപറേഷന്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണിത്.

ഈ സംരംഭം ഭാവിയില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഡോ. റാഷിദ് അല്‍ ലീം പറഞ്ഞു. ഗള്‍ഫില്‍ ആദ്യമായാണ് ഇത്തരമൊരു കൂള്‍ ഓഫ് കാബിന്‍ സംരംഭമെന്ന് ഓഷ്യന്‍ ഓയില്‍ ഫീല്‍ഡ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ഷംജി വ്യക്തമാക്കി. ഹംദ മുതല്‍ ബദിയ വരെ സ്ഥാപിക്കുന്ന അല്‍ ലീം ട്രാന്‍സ്മിഷന്‍ പൈപ് ലൈനിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയിലാണ് ഡോ. റാഷിദ് അല്‍ ലീം കൂള്‍ ഓഫ് കാബിന്‍ പദ്ധതിയെ കുറിച്ചുള്ള ആശയം പങ്കിടുന്നത്. രാഷ്ട്ര നിര്‍മാണത്തിന് പ്രധാന പങ്ക് വഹിക്കുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യ സുരക്ഷ നല്‍കേണ്ടത് ഏവരുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. വേനല്‍ക്കാലത്തെ ജീവന്‍ രക്ഷാ കാബിനുകളാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങില്‍ ഓഷ്യന്‍ ഫീല്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ മുഹമ്മദ് സിറാജ്, എം.സമീര്‍, ഓപറേഷന്‍സ് മാനേജര്‍ മാര്‍ട്ടിന്‍ ജോസഫ്, പ്രൊജക്ട്‌സ് മാനേജര്‍ സലാഉദ്ദീന്‍, കണ്‍സ്ട്രക്ഷന്‍ മാനേജര്‍ എല്‍ദോ ആന്റണി, പ്രൊജക്ട്‌സ് എഞ്ചിനീയര്‍ മുഹമ്മദ് ഉനൈസ്, ലീഡ് ഡിസൈന്‍ എഞ്ചിനീയര്‍ സി എ ഫൈസല്‍ എന്നിവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it