Gulf

കുവൈത്തില്‍ പ്രഖ്യാപിച്ച ഭാഗിക പൊതുമാപ്പ് ജനുവരി 31 വരെ നീട്ടി

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപനപശ്ചാത്തലത്തില്‍ ഈമാസം 21 മുതല്‍ ജനുവരി 2 വരെ കുവൈത്ത് വിമാനത്താവളം അടച്ചതുമൂലമുണ്ടായ സാഹചര്യത്തെത്തുടര്‍ന്നാണു നടപടി.

കുവൈത്തില്‍ പ്രഖ്യാപിച്ച ഭാഗിക പൊതുമാപ്പ് ജനുവരി 31 വരെ നീട്ടി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമലംഘകര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ താമസരേഖ നിയമവിധേയമാക്കുന്നതിനോ അനുവദിച്ച സമയപരിധി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു. ആഭ്യന്തരമന്ത്രി ഷെയ്ഖ് തമര്‍ അലിയാണു ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപനപശ്ചാത്തലത്തില്‍ ഈമാസം 21 മുതല്‍ ജനുവരി 2 വരെ കുവൈത്ത് വിമാനത്താവളം അടച്ചതുമൂലമുണ്ടായ സാഹചര്യത്തെത്തുടര്‍ന്നാണു നടപടി.

കഴിഞ്ഞ മാസമാണു 2020 ജനുവരി 1ന് മുമ്പ് താമസരേഖ അവസാനിച്ച് രാജ്യത്ത് അനധികൃതരായി കഴിയുന്നവര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ അല്ലെങ്കില്‍ താമസരേഖ നിയമവിധേയമാക്കുന്നതിനോ അവസരം നല്‍കി ആഭ്യന്തരമന്ത്രാലയം ഭാഗിക പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 1 മുതല്‍ 31 വരെയായിരുന്നു ഇതിനായി സമയപരിധി അനുവദിച്ചത്. എന്നാല്‍, ഇതിനിടയില്‍ അപ്രതീക്ഷിതമായി വിമാനത്താവളം അടച്ചതുമൂലം പലര്‍ക്കും യാത്രചെയ്യാന്‍ സാധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണു ഇപ്പോള്‍ സമയപരിധി ജനുവരി 31 വരെ നീട്ടാന്‍ ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതുതായി അനുവദിച്ച സമയപരിധിക്ക് മുമ്പായി മുഴുവന്‍ അനധികൃത താമസക്കാരും രാജ്യം വിടുകയോ താമസരേഖ നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സമയപരിധിക്ക് ശേഷം പിടിക്കപ്പെടുന്നവരെ രാജ്യത്ത് തിരിച്ച് പ്രവേശിക്കാന്‍ കഴിയാത്തവിധം വിരലടയാളം രേഖപ്പെടുത്തി നാടുകടത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it