Gulf

ഫ്രറ്റേണിറ്റി ഫോറം മെഡിക്കല്‍ ക്യാംപ് സമാപിച്ചു

കഴിഞ്ഞ മൂന്നാഴ്ചകളിലായി ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ ബവാദി, ബനീമാലിക്, റുവൈസ് ഏരിയ സമിതികള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവര്‍ക്കാണ് പരിശോധനയ്ക്ക് പ്രധാനമായും മുന്‍ഗണന നല്‍കിയത്.

ഫ്രറ്റേണിറ്റി ഫോറം മെഡിക്കല്‍ ക്യാംപ് സമാപിച്ചു
X

ജിദ്ദ: ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ജിദ്ദ നാഷണല്‍ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാംപ് സമാപിച്ചു. കഴിഞ്ഞ മൂന്നാഴ്ചകളിലായി ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ നടന്ന മെഡിക്കല്‍ ക്യാംപില്‍ ബവാദി, ബനീമാലിക്, റുവൈസ് ഏരിയ സമിതികള്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവര്‍ക്കാണ് പരിശോധനയ്ക്ക് പ്രധാനമായും മുന്‍ഗണന നല്‍കിയത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ്, ഗ്ലൂക്കോസിന്റെ അളവ്, രക്ത സമ്മര്‍ദ്ദം, ക്രിയാറ്റിനിന്‍ എന്നീ പരിശോധനകളാണ് പ്രധാനമായും നടത്തിയത്. ഇത് പ്രകാരം കൂടുതല്‍ പരിശാധനയും പരിചരണവും വേണ്ടവര്‍ക്ക് തുടര്‍ നടപടികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ക്യാംപില്‍ 200ല്‍ അധികം പേരാണ് പരിശോധനയ്ക്ക് വിധേയരായത്. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന പരിപാടി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്തും തുടര്‍ന്നും ആരോഗ്യ സേവന രംഗത്ത് വ്യാപൃതരായ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാരുടെ സേവനം വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രികളില്‍ രോഗികള്‍ക്ക് രക്തം അത്യാവശ്യമായി വരുമ്പോള്‍ രാപ്പകല്‍ ഭേദമന്യേ വളണ്ടിയര്‍മാരെ സജ്ജരാക്കുന്ന ഫ്രറ്റേണിറ്റി ഫോറം ഇതു പോലെ ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത പ്രവാസികളെ കണ്ടെത്തി സഹായിക്കുന്ന സംരംഭം വേറിട്ടതും പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് സാദിഖ് വഴിപ്പാറ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ഫോറം റീജിയണല്‍ പ്രസിഡന്റ് ഫയാസുദ്ദീന്‍ ചെന്നൈ മുഖ്യ പ്രഭാഷണം നടത്തി. കൊവിഡ് വ്യാപനം മൂലം മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകാന്‍ പ്രത്യേക കൗണ്‍സലിങ് വിങ്ങിനെ സജ്ജമാക്കിയും വൈദ്യ സഹായം ആവശ്യമായവര്‍ക്ക് സമയബന്ധിതമായി സ്വന്തം ദേഹേച്ഛ പോലും പരിഗണിക്കാതെ സന്നദ്ധസേവനം തുടര്‍ന്നു കൊണ്ടിരിക്കുന്ന ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിന് സൗകര്യം ചെയ്തു തന്ന ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജ്മന്റ് പ്രത്യേകം അഭിനന്ദനമര്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി, ഫ്രറ്റേണിറ്റി ഫോറം ബവാദി ഏരിയ പ്രസിഡന്റ് അമീന്‍ പുത്തനത്താണി, ബനീമാലിക്ക് ഏരിയ പ്രസിഡണ്ട് സാജിദ് ഫറോക്ക് , റുവൈസ് ഏരിയ പ്രസിഡണ്ട് അന്‍സാജ് അരൂര്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ പി.ആ.ഒ. അഷ്റഫ് പട്ടത്തില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ബഷീര്‍ വേങ്ങര, ഹൈദ്രോസ് പുതുപ്പറമ്പ്, നൗഫല്‍ താനൂര്‍, ഷാജഹാന്‍ കരുവാരക്കുണ്ട്, മുനീര്‍ മണലായ, സ്റ്റാഫ് നഴ്‌സ് ബിനു ജോസഫ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്യാംപ് കോഓര്‍ഡിനേറ്ററും ഫ്രറ്റേണിറ്റി ഫോറം പി ആര്‍ ഇന്‍ചാര്‍ജുമായ റാഫി ബീമാപ്പള്ളി, ലത്തീഫ് ചാലിയം സംസാരിച്ചു.

Next Story

RELATED STORIES

Share it