Gulf

നാലു പതിറ്റാണ്ടുകാലത്തെ പ്രവാസം; വൈവിധ്യങ്ങളുടെ സമ്പന്നതയുമായി സിദ്ദീഖ് ബായി മടങ്ങി

നാലു പതിറ്റാണ്ടുകാലത്തെ പ്രവാസം;  വൈവിധ്യങ്ങളുടെ സമ്പന്നതയുമായി സിദ്ദീഖ് ബായി മടങ്ങി
X

ദമ്മാം: സൗദിയിലെ സംഭവ ബഹുലമായ 40 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സിദ്ദീഖ് ബായി നാട്ടിലേക്ക് തിരിച്ചു. 1981 ഫെബ്രുവരിയില്‍ സൗദിയിലെത്തി പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ച ഇദ്ദേഹം 2020 നവംബറില്‍ പ്രവാസത്തിന്റെ 40 വര്‍ഷം പൂര്‍ത്തിയാക്കിയാണ്നാട്ടിലേക്ക് തിരിച്ചത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ സ്വദേശിയാണ്. വിവാഹ ശേഷം എറണാകുളം ആലുവയിലേക്ക് താമസം മാറിയ സിദ്ദീഖ് റഹ്‌മാനും കുടുംബവും പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത് ബാംഗ്ലൂരുള്ള തങ്ങളുടെ ഫ്‌ലാറ്റിലേക്കാണ്. ക്വാറന്റൈന്‍ ദിനങ്ങള്‍ ബാംഗ്ലൂരില്‍ കഴിഞ്ഞതിന് ശേഷമാവും ആലുവയിലേക്ക് മടങ്ങുന്നത്.


ദമ്മാമിലെ നാഷനല്‍ ട്രാവല്‍സില്‍ ഓഫിസ് ഇന്‍ ചാര്‍ജ്ജായി എത്തിയ സിദ്ദീഖ് റഹ്‌മാന്‍ മാനേജര്‍ ആയിരിക്കെയാണ് വിരമിക്കാന്‍ തീരുമാനിക്കുന്നത്. 1982ല്‍ വിവാഹിതനായ സിദ്ദീഖ് റഹ്‌മാന്‍ ആ വര്‍ഷം തന്നെ പ്രിയതമ സുല്‍ഫിയ റഹ്‌മാനെയും തന്റെ പ്രവാസ ജീവിതത്തിലേക്ക് ഒപ്പം കൂട്ടി. ഏക മകള്‍ ഫാത്തിമ റഹ്‌മാന്റെ ജനനവും +2 വരെയുള്ള പഠനവും ഇവിടെ പ്രവാസലോകത്ത് തന്നെയായിരുന്നു.

ദഹ്രാന്‍ അറാംകൊയില്‍ നാഷനല്‍ ട്രാവല്‍സിന് ഓഫിസ് ഉണ്ടായിരുന്നപ്പോള്‍ അവിടത്തെ പോയിന്റ് ഓഫ് കോണ്ടാക്റ്റ് സിദ്ദീഖ് റഹ്‌മാന്‍ ആയിരുന്നു. പ്രവാസികള്‍ക്കിടയില്‍ പൊതു ധാരയില്‍ വേണ്ടത്ര സജീവമായിരുന്നില്ലെങ്കിലും എല്ലാവരുമായും നല്ല വ്യക്തി ബന്ധവും അടുപ്പവും സൂക്ഷിക്കുന്നതില്‍ സിദ്ദീഖ് റഹ്‌മാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു.ഇപ്പോള്‍ 62 വയസ്സ് പ്രായമുള്ള സിദ്ദീഖ് റഹ്‌മാന്‍ നാട്ടിലെത്തിയാല്‍ വിശ്രമകാല ജീവിതമാണ് ആഗ്രഹിക്കുന്നത്. 1976 ല്‍ കേരള യൂമിവേഴ്സിറ്റിയില്‍ നിന്നു ബിഎസ് സി ബോട്ടണിയില്‍ ഫസ്റ്റ് ക്ലാസ്സ് മാര്‍ക്കോടെ പാസായ സിദ്ദീഖ് റഹ്‌മാന്‍ കോട്ടയം സിഎംഎസ് കോളജില്‍ എംഎസ് സിക്ക് ചേര്‍ന്നെങ്കിലുംകോഴ്‌സ് പൂര്‍ത്തീകരിക്കാനാവാതെ സ്വപ്നങ്ങള്‍ നെയ്‌തെടുത്ത് പ്രവാസത്തിന്റെ ഊഷരതയിലേക്ക് പറക്കുകയായിരുന്നു.

ട്രാവല്‍ മേഖലയിലെ മികച്ച സേവനത്തിന് വിവിധ വിമാന കമ്പനികളില്‍ നിന്നും മറ്റും പലതവണ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നാലു പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ജനങ്ങളുമായി അടുത്ത ബന്ധം സ്താപിക്കാന്‍ അവസരം നല്‍കി. വ്യക്തി ജീവിതത്തിലും തൊഴില്‍ ജീവിതത്തിലും ദേശാതിര്‍ത്തികള്‍ക്കതീതമായി പലരും നല്‍കിയ പിന്തുണയും സഹകരണവും ഓര്‍മയും വരെ നിലനില്‍ക്കുന്നതാണ്. പ്രവാസ ജീവിതത്തിനിടെ മാതൃ രാജ്യമുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ ടൂറിസം വാരാഘോഷങ്ങളില്‍ പല തവണകുടുംബ സമേതം അതിഥിയായി പങ്കെടുക്കാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമായിരുന്നു. ഇന്ത്യ, ദുബയ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെയും കേരള സംസ്ഥാന സര്‍ക്കാരിന്റെയും ടൂറിസം ഫെസ്റ്റിവലുകളില്‍ പങ്കെടുക്കാനായത് രാഷ്ട്ര നേതാക്കളുമായി അടുത്ത ബന്ധങ്ങള്‍ സ്ഥാപിക്കാനും അവസരം നല്‍കി.

ജോലി തുടക്കം മുതല്‍ ട്രാവല്‍ മേഖലയിലായതിനാല്‍ തന്നെ വിവിധ എയര്‍ ലൈനുകളുടെ സൗജന്യ സേവനം ഉപയോഗപ്പെടുത്തി കുടുംബ സമേതം വിവിധ ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും അതിലൂടെ ലഭിച്ച അനുഭവങ്ങള്‍ മറക്കാനാകാത്തതാണെന്നും സിദ്ദീഖ് റഹ്‌മാന്‍ പറയുന്നു. ലോകത്തിലെ അറിയപ്പെടുന്ന പല ടൂറിസ്റ്റ് പ്രദേശങ്ങളും സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ച തനിക്ക് പലര്‍ക്കും ഇന്നും പരിചിതമല്ലാത്ത പല രാജ്യങ്ങളിലെയുംഗ്രാമീണ ഭംഗിവരെആസ്വദിക്കാനുള്ള അപൂര്‍വ്വ ഭാഗ്യവും ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള തന്റെ അവസാനത്തെ യാത്ര 2019-2020 കാലയളവില്‍തുര്‍ക്കിയിലേക്കായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിന് ഒരാഴ്ച്ച മുമ്പായിരുന്നു യാത്ര പൂര്‍ത്തിയാക്കി മടങ്ങിയെത്തിയത്. ഇന്ന് നിലവിലില്ലാത്തതും ഒരു കാലത്ത് സജീവവുമായിരുന്ന വിവിധ വിമാനകമ്പനികളുടെ സര്‍വ്വീസുകളില്‍ തനിക്ക് യഥേഷ്ടം സഞ്ചരിക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാനം(യു എസ്), ടി ഡബ്ല്യു എ (യു എസ്), ഈസ്റ്റ് വെസ്റ്റ് (ഇന്ത്യ), കോണ്ടിനെന്റല്‍ (യു എസ്), ബ്രിട്ടീഷ് കാലിഡോണിയന്‍സ് (ബ്രിട്ടണ്‍), ഈസ്റ്റേണ്‍ എയര്‍ ലൈന്‍സ് (യു എസ്) തുടങ്ങി എയര്‍ലൈനുകളിലെ യാത്രകള്‍ പച്ചപ്പുള്ള ഓര്‍മ്മകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എയര്‍ ഇന്ത്യ അധികാരികളില്‍ നിന്നു ബെസ്റ്റ് സെയില്‍സ് ഏജന്റ് അവാര്‍ഡ് ഏറ്റുവാങ്ങുന്നു

സൗദിയിലെ സംഭവ ബഹുലമായ ജീവിതയാത്രക്കിടയില്‍ പുണ്യനഗരങ്ങള്‍ പലതവണ സന്ദര്‍ശിച്ചിരുന്നു. 2020ല്‍ പ്രവാസത്തിന് വിരാമം കുറിക്കുന്നതോടെ ഈ വര്‍ഷം ഹജ്ജ് ചെയ്യാമെന്ന് ചിന്തിച്ചിരുന്നെങ്കിലും 2019 ലെ ഹജ്ജ് നിര്‍വഹിക്കാന്‍ തീരുമാനിച്ചതും അത് ഭംഗിയായി പൂര്‍ത്തിയാക്കാനായതും കൊറോണ വരുത്തിയ തകിടം മറിച്ചിലുകള്‍ക്കിടയില്‍ വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് സിദ്ദീഖ് ബായി പറഞ്ഞു.പ്രവാസ ജീവിതത്തിനിടയില്‍ ജോലിക്ക് ശേഷം സമയം ഏറെയുണ്ടായിരുന്നെങ്കിലും രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ പരസ്യ ഇടപെടലുകള്‍ക്ക് ശ്രമിക്കാതിരുന്നത് പലവിധ കാരണങ്ങളാല്‍ ബോധപൂര്‍വ്വമായ തീരുമാനമായിരുന്നു. എന്നാല്‍ വ്യക്തിപരമായിസാധ്യമാകുന്ന സഹായങ്ങള്‍ ചെയ്യുന്നതിലും സാമൂഹിക പ്രവര്‍ത്തകരുമായി അടുപ്പം സൂക്ഷിക്കുന്നതിലും സിദ്ദീഖ് ബായി ശ്രദ്ധിച്ചിരുന്നു.

ഇടനില കച്ചവട കുടുംബാംഗമായിരുന്ന സിദ്ദീഖ് റഹ്‌മാന്റെ മാതാപിതാക്കള്‍ 20 വര്‍ഷം മുമ്പ് മരണപ്പെട്ടു. 3 സഹോദരന്മാരും 2 സഹോദരിമാരുമാണുള്ളത്. ഇതില്‍ രണ്ട് സഹോദരന്മാരും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. ഏക മകള്‍ ഫാത്തിമ റഹ്‌മാന്‍ ഭര്‍ത്താവിനും 3 മക്കള്‍ക്കുമൊപ്പം ഇപ്പോള്‍കാനഡയിലാണ്. അല്‍ ഖോബാര്‍ അല്‍ മന ആശുപത്രിയിലെ ഡോക്ടറായിരുന്ന മരുമകന്‍ ഡോ. മുഹമ്മദ് ലിബാബ് ഇപ്പോള്‍ കാനഡയില്‍ ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്നു. കോട്ടയം ജില്ലയിലെ തന്നെ അതിരമ്പുഴ സ്വദേശിനിയാണ്ഭാര്യസുല്‍ഫിയ റഹ്‌മാന്‍. 40 വര്‍ഷമായി തന്നെ ഭര്‍ത്താവിനൊപ്പം ഇവിടെയുണ്ടായിരുന്ന സുല്‍ഫിയ റഹ്‌മാന്വിവിധ ഭാഷക്കാരായ ഇന്ത്യന്‍ പ്രവാസി കുടുംബങ്ങളുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ദീര്‍ഘകാലത്തെ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് പറിച്ചു നടുന്നതില്‍ മടിയുണ്ടെന്നും നാട്ടിലെ കാലാവസ്ഥയോടും രീതികളോടും ഇണങ്ങാന്‍ സമയം ഏറെ വേണ്ടി വരുമെന്നുമാണ് സുല്‍ഫിയ റഹ്‌മാന്‍ കരുതുന്നത്. ആലുവയിലെത്തി രണ്ട് മാസം അവിടെ കൂടിയ ശേഷം രണ്ടാള്‍ക്കുംകാനഡയിലേക്ക്പോകാനും വിശ്രമ ജീവിതം അവിടെമക്കള്‍ക്കും പേരമക്കള്‍ക്കുമൊപ്പംചെലവഴിക്കാനും ആലോചനയുണ്ട്.

40 വര്‍ഷത്തിനിടയില്‍ സൗദിയില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ അഭൂതപൂര്‍ണമാണെന്നും സൗദിയുടെ ഓരോ പ്രധാന മാറ്റങ്ങളിലും അനുഭവ സാക്ഷിയാവാന്‍ കഴിഞ്ഞ ചുരുക്കം പ്രവാസികളിലൊരാളാണ് താനെന്നുംഅദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിന് സുന്ദരമായ ഊടും പാവും നെയ്തു നല്‍കിയ സൗദിയിലേക്ക് തിരികെ വരാന്‍ താല്‍പര്യമുണ്ടൊ എന്ന ചോദ്യത്തിന് തൊഴിലിനായി ഇനി ഒരു തിരിച്ച് വരവില്ലെന്നും എന്നാല്‍ മക്കയും മദീനയുമടങ്ങുന്ന പുണ്യ നഗരങ്ങളിലേക്ക് ഹജ്ജ്, ഉംറ കര്‍മ്മങ്ങള്‍ക്കായി വരാനാണ് താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Four decades of exile; Siddique Bai returned with a wealth of variety

തയ്യാറാക്കിയത്:

സിറാജുദീന്‍ വെഞ്ഞാറമൂട്

Next Story

RELATED STORIES

Share it