Gulf

കുവൈത്തില്‍ നിന്നുള്ള ആദ്യവിമാനത്തില്‍ തന്നെ ഫിറോസും നാട്ടിലേക്ക് യാത്ര തിരിച്ചു

കുവൈത്തില്‍ നിന്നുള്ള ആദ്യവിമാനത്തില്‍ തന്നെ ഫിറോസും നാട്ടിലേക്ക് യാത്ര തിരിച്ചു
X

കുവൈത്ത് സിറ്റി: ശരീരംതളര്‍ന്നു പോയ ഫിറോസിനു തുടര്‍ ചികില്‍സയ്ക്കായി കുവൈത്തില്‍ നിന്നുള്ള ആദ്യവിമാനത്തില്‍ തന്നെ നാട്ടിലേക്ക് യാത്ര തിരിക്കാനായത് ആശ്വാസമായി. മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫിറോസ്(41) ഏപ്രില്‍ 15നാണ് ശരീരം തളര്‍ന്നുപോയി ഫര്‍വനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ചികല്‍സയ്ക്കു ശേഷം ചെറിയരീതിയില്‍ ഇരിക്കാന്‍ കഴിയുമെങ്കിലും പ്രാഥമിക ആവശ്യങ്ങള്‍ പരസഹായത്തോടെ മാത്രമേ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. അസുഖം ചെറിയ തോതില്‍ ഭേദമായ ഫിറോസ് കഴിഞ്ഞ ആഴ്ചയാണു ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായത്. ഇതിനു ശേഷം സഹോദരനോടൊപ്പമായിരുന്നു താമസം.

കുവൈത്തിലെ പ്രധാന പച്ചക്കറി മാര്‍ക്കറ്റായ അല്‍ഫുര്‍ദ കമ്പനിയിലെ ഡാറ്റാ എന്‍ട്രി ജീവനക്കാനായാണ് ഫിറോസ് ജോലിചെയ്യുന്നത്. കോറോണ വന്നതിനു ശേഷമുള്ള സമ്പൂര്‍ണ ലോക്ക് ഡൗണില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ അബ്ബാസിയയിലായിരുന്നു ഫിറോസ് താമസിച്ചിരുന്നത്. അതിനാല്‍ തന്നെ ജോലിക്ക് പോവാന്‍ സാധിക്കാത്തതും അധിക മാനസിക സമ്മര്‍ദ്ദവുമാണ് ശരീരത്തളര്‍ച്ചയ്ക്കു കാരണമെന്നു സംശയിക്കുന്നു. ഭാര്യയും മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്നതാണ് ഫിറോസിന്റെ കുടുംബം.

തുടര്‍ ചികല്‍സയ്ക്കു വേണ്ടി നാട്ടില്‍ പോവാന്‍ എംബസിയിലും നോര്‍ക്കയിലും രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. വൈകിയാണെങ്കിലും സര്‍ക്കാര്‍ യാത്രക്കാരുടെ സ്വന്തം ചെലവിലെങ്കിലും യാത്രയ്ക്കു സാഹചര്യമൊരുക്കിയത് ഫിറോസിനെ പോലുള്ളവര്‍ക്ക് ഏറെ ആശ്വാസമാണ് നല്‍കുകുന്നത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം കവൈത്ത്(ഐഎസ്എഫ്), ഓവര്‍സീസ് കള്‍ച്ചറള്‍ കോണ്ഗ്രസ്(ഒഐസിസി) എന്നിവരുടെ ശ്രമഫലമായാണ് ആദ്യവിമാനത്തില്‍ തന്നെ ഫിറോസിനു യാത്ര ചെയ്യാന്‍ സാധിച്ചത്.




Next Story

RELATED STORIES

Share it