Gulf

അബൂദബിയിലെ റോഡുകളില്‍ ഒക്ടോബര്‍ മുതല്‍ ടോള്‍

ദുബയിലെ റോഡുകളില്‍ നടപ്പിലാക്കിയ സമാനമായ ടോള്‍ സംവിധാനം ഒക്ടോബര്‍ മുതല്‍ അബുദബിയിലും. തിരക്ക് പിടിച്ച പ്രവൃത്തി ദിവസങ്ങളായ ശനി മുതല്‍ വ്യാഴം വരെ 4 ദിര്‍ഹമായിരിക്കും ഒരു ടോള്‍ ഗേറ്റില്‍ നല്‍കേണ്ടി വരിക

അബൂദബിയിലെ റോഡുകളില്‍ ഒക്ടോബര്‍ മുതല്‍ ടോള്‍
X

അബൂദബി: ദുബയിലെ റോഡുകളില്‍ നടപ്പിലാക്കിയ സമാനമായ ടോള്‍ സംവിധാനം ഒക്ടോബര്‍ മുതല്‍ അബുദബിയിലും. തിരക്ക് പിടിച്ച പ്രവൃത്തി ദിവസങ്ങളായ ശനി മുതല്‍ വ്യാഴം വരെ 4 ദിര്‍ഹമായിരിക്കും ഒരു ടോള്‍ ഗേറ്റില്‍ നല്‍കേണ്ടി വരികയെന്ന് അബുദബി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഇബ്രാഹിം അല്‍ ഹമൂദി വ്യക്തമാക്കി. വെള്ളിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും രണ്ട് ദിര്‍ഹം മാത്രമായിരിക്കും. അതേ സമയം ഒരു വാഹനത്തില്‍ നിന്നും ഒരു ദിവസം എത്ര ഓടിയാലും 16 ദിര്‍ഹത്തില്‍ കൂടുതല്‍ ഈടാക്കില്ല. ശൈഖ് സായിദ് ബ്രിഡജ്, ശൈഖ് ഖലീഫ ബ്രിഡ്ജ്,മുസഫ ബ്രിഡ്ജ്, അല്‍ മഖ്ത ബ്രിഡജ് എന്നീ നാല് സ്ഥലങ്ങളിലാണ് തുടക്കത്തില്‍ ടോള്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നത്. അടുത്ത മാസം അവസാനം മുതല്‍ ഇതിനായുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങും. ടോള്‍ ഗേറ്റ് സംവിധാനം വഴി രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ ചുങ്കം അടക്കാതെ കടന്ന് പോകുകയാണങ്കില്‍ 10 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണം അല്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. ഒരു ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ നൂറും, രണ്ട് ദിവസമായാല്‍ ഇരുനൂറും, മൂന്ന് ദിവസമായാല്‍ മുന്നൂറും പിഴ നല്‍കണം. പരമാവധി പിഴ 10,000 ദിര്‍ഹമാണ്. ടോള്‍ ഗേറ്റിനെ കബളിപ്പിക്കാന്‍ വേണ്ടി നമ്പര്‍ പ്ലേറ്റില്‍ തിരിമറി നടത്തിയാല്‍ 10,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. മിലിട്ടറി, സിവില്‍ ഡിഫന്‍സ്, പബ്ലിക്ക് ബസ്സുകള്‍, മോട്ടോര്‍ സൈക്കിള്‍, ലൈസന്‍സുള്ള ടാക്‌സികള്‍, 26 പേരില്‍ കൂടുതല്‍ യാത്ര ചെയ്യുന്ന ബസ്സുകള്‍, പോലീസിന്റെയും അഭ്യന്തര മന്ത്രാലയങ്ങളുടെ വാഹനങ്ങള്‍, ഇലക്ടിക്ക് വാഹനങ്ങള്‍, ട്രെയിലറുകള്‍ എന്നീ വാഹനങ്ങള്‍ ടോള്‍ സംവിധാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it