Gulf

കുവൈത്ത് യാത്രാ വിലക്ക്: പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യത്തെത്തി 14 ദിവസം താമസിച്ച ശേഷം പ്രവേശിക്കാം

യാത്രക്കാര്‍ 72 മണിക്കൂര്‍ നേരത്തെ സാധുതയുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റ് കുവൈത്ത് വിമാനത്താവളത്തില്‍ നല്‍കേണ്ടതാണ്.

കുവൈത്ത് യാത്രാ വിലക്ക്: പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യത്തെത്തി 14 ദിവസം താമസിച്ച ശേഷം പ്രവേശിക്കാം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസം പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ 31 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ട്രാന്‍സിസ്റ്റ് വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. കുവൈത്ത് വ്യോമയാന അധികൃതര്‍ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഈ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന നിരോധന പട്ടികയില്‍ ഉള്‍പ്പെടാത്ത മറ്റൊരു രാജ്യത്ത് എത്തി അവിടെ 14 ദിവസം താമസിച്ച ശേഷം രാജ്യത്തേക്ക് പ്രവേശിക്കാവുന്നതാണ്. യാത്രക്കാര്‍ 72 മണിക്കൂര്‍ നേരത്തെ സാധുതയുള്ള പിസിആര്‍ സര്‍ട്ടിഫിക്കറ്റ് കുവൈത്ത് വിമാനത്താവളത്തില്‍ നല്‍കേണ്ടതാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യ അടക്കമുള്ള ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്ത് പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനു പിന്നാലെ ശനിയാഴ്ച 27 രാജ്യങ്ങളെക്കൂടി പ്രവേശന നിരോധിത പട്ടികയില്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ചിരുന്നു. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് ആദ്യം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.

പിന്നീട് ചൈന, ബ്രസീല്‍, കൊളംബിയ, അര്‍മേനിയ, സിറിയ, സ്‌പെയിന്‍, സിംഗപ്പൂര്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ഇറാഖ്, മെക്‌സിക്കോ, ഇന്തോനീസ്യ, ചിലി, ഈജിപ്ത്, ലെബനന്‍, ഹോങ്കോങ്, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോള്‍ഡോവ, പനാമ, പെറു, സെര്‍ബിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, കൊസോവോ മുതലായ 27 രാജ്യങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

അതേസമയം, നിലവില്‍ നിരോധിത പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ള രാജ്യങ്ങളെ ആ രാജ്യത്തെ ആരോഗ്യസ്ഥിതി വിലയിരുത്തി ഏത് സമയത്തും മാറ്റാവുന്നതും മറ്റു രാജ്യങ്ങളെ പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതുമാണെന്നും കുവൈത്ത് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലഫോണ്‍ ചര്‍ച്ചയില്‍ ഈജിപ്തിനെ, പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തില്‍ പുനപ്പരിശോധന നടത്തുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it