Gulf

ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍

സ്വാദുകളുടെയും സംസ്‌കാരങ്ങളുടെയും സമ്മേളനമായി ലുലു ഗ്രൂപ്പിന്റെ വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു. ഫിബ്രുവരി 19 മുതല്‍ മാര്‍ച്ച് 7 വരെ യുഎഇയുടെ വിവിധ എമിറേറ്റുകളിലെ ലുലു മാളുകളിലും ഹൈപര്‍ മാര്‍ക്കറ്റുകളിലുമായി മുന്നൂറിലേറെ വൈവിധ്യമാര്‍ന്ന പാചക മത്സരങ്ങളും ശില്‍പശാലകളും കലാ പരിപാടികളുമാണ് സംഘടിപ്പിക്കുക

ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍   വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍
X

ദുബയ് :സ്വാദുകളുടെയും സംസ്‌കാരങ്ങളുടെയും സമ്മേളനമായി ലുലു ഗ്രൂപ്പിന്റെ വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു. ഫിബ്രുവരി 19 മുതല്‍ മാര്‍ച്ച് 7 വരെ യുഎഇയുടെ വിവിധ എമിറേറ്റുകളിലെ ലുലു മാളുകളിലും ഹൈപര്‍ മാര്‍ക്കറ്റുകളിലുമായി മുന്നൂറിലേറെ വൈവിധ്യമാര്‍ന്ന പാചക മത്സരങ്ങളും ശില്‍പശാലകളും കലാ പരിപാടികളുമാണ് സംഘടിപ്പിക്കുക. 15 വര്‍ഷമായി വിവിധ ഫുഡ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ചു വരുന്ന ലുലു, ഇക്കുറി ഏറ്റവും വിപുലവും നൂതനവുമായ രീതിയിലാണ് വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ ഒരുക്കുന്നതെന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലീം ദുബൈ റീജ്യനല്‍ ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അബുദാബി വേള്‍ഡ് ട്രേഡ് സെന്റര്‍, അല്‍വഹ്ദഖാലിദിയമുശ്‌രിഫ് മാളുകള്‍, മദീന സായിദ് ഷോപ്പിംഗ് സെന്റര്‍, അല്‍ഐന്‍ കുവൈത്താത്ത് എന്നിവിടങ്ങളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ നടത്തിയ ഭക്ഷ്യ മേളകളുടെ വന്‍ വിജയമാണ് ഇത്തരമൊരു ഫെസ്റ്റിവല്‍ യുഎഇ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ പ്രചോദനം. 82 രാജ്യങ്ങളില്‍ നിന്നുള്ള 300 ഓളം ഭക്ഷ്യ വിഭവങ്ങള്‍ ഇന്ന് യുഎഇയില്‍ ലഭ്യമാണ്. രുചികളിലൂടെ സംസ്‌കാരങ്ങളെയും ജനങ്ങളെയും കൂടുതല്‍ അടുപ്പിക്കുകയാണ് ഇതു വഴി ലക്ഷ്യമിടുന്നത്. ഇന്ത്യന്‍, അറബിക്, ഫിലിപ്പിനോ തുടങ്ങിയ വിവിധ ദേശങ്ങളില്‍ നിന്നുള്ളതും; ബാര്‍ബെക്യൂ, ബിരിയാണി, കേക്, ഡെസേര്‍ട്ട് എന്നിങ്ങനെ വൈവിധ്യമാര്‍ന്നതുമായ വിഭവങ്ങള്‍ തയാറാക്കുന്ന മത്സരങ്ങളില്‍ വീട്ടമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും കുട്ടികള്‍ക്കുമെല്ലാം പങ്കാളികളാവാം.

സെലിബ്രിറ്റി ഷെഫുകളും പാചക വിദഗ്ധരും പങ്കെടുക്കും. ഫെസ്റ്റിവലില്‍ ജൈവ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക ഏരിയ സംവിധാനിക്കും. ഫെസ്റ്റിവലില്‍ വിലക്കുറവും 'ബയ് വണ്‍, ഗെറ്റ് വണ്‍ ഫ്രീ' പ്രമോഷനുമുണ്ടാകും. അതേസമയം, ഭക്ഷ്യ വസ്തുക്കള്‍ പാഴാക്കുന്നതിനെ കുറിച്ച് ലുലു വലിയ അളവിലുള്ള ബോധവത്കരണ പരിപാടികള്‍ നടത്തി വരാറുണ്ടെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് എം.എ സലീം മറുപടിയായി പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ബോധവത്കരണത്തിന് ലുലു നേതൃത്വം നല്‍കുന്നുണ്ട്. ദുബൈ മുനിസിപ്പാലിറ്റിയുടെ ഫുഡ് ബാങ്കിന്റെ പങ്കാളിയാണ് ലുലു. ഇതുസംബന്ധിച്ച് ബോധവത്കരണ കഌസുകള്‍ നടത്തും. ബോബി കൃഷ്ണ ഉള്‍പ്പെടെയുള്ള ദുബൈ മുനിസിപ്പാലിറ്റി വിദഗ്ധര്‍ കഌസിന് നേതൃത്വം നല്‍കും.

അക്‌ലാ അറേബ്യ (അറബ് വിഭവങ്ങള്‍), ദേശി ഢാബ, മലബാര്‍ തട്ടുകട (ഇന്ത്യന്‍), പാഗ് കൈങ് പിനോയ് (ഫിലിപ്പിനോ) ബേക് ചലഞ്ച് (കേക്, പേസ്ട്രി), ബാച്ചിലേഴ്‌സ് ഡേ ഔട് (ബാച്ചിലര്‍മാര്‍ക്ക്), കുക് വിത് മോം (അമ്മയും കുട്ടികളും ചേര്‍ന്ന്) തുടങ്ങിയവയാണ് മത്സര വിഭാഗങ്ങള്‍.

നിരവധി സമ്മാനങ്ങളാണ് മല്‍സരാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. സ്‌കോഡ കാര്‍ ആണ് മെഗാ സമ്മാനമായി ഭാഗ്യശാലിക്ക് നല്‍കുക.

മത്സരത്തില്‍ പങ്കെടുക്കാന്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലും വെബ്‌സൈറ്റ് മുഖേനെയും പേര് രജിസ്റ്റര്‍ ചെയ്യാം.

ലുലു ഗ്രൂപ് ചീഫ് കമ്യൂണികേഷന്‍സ് ഓഫീസര്‍ വി.നന്ദകുമാര്‍, ലുലു അബുദാബി റീജ്യനല്‍ ഡയറക്ടര്‍ ടി.പി അബൂബക്കര്‍, ദുബൈ മേഖലാ ഡയറക്ടര്‍ കെ.പി തമ്പാന്‍, അല്‍ ഐന്‍ റീജ്യനല്‍ ഡയറക്ടര്‍ ഷാജി ജമാലുദ്ദീന്‍, ഷാര്‍ജ റീജ്യനല്‍ ഡയറക്ടര്‍ നൗഷാദ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it