Pravasi

പ്രവാസികളുടെ മടക്ക യാത്ര തടസ്സപ്പെടുത്തുന്ന ഉത്തരവുകള്‍ പിന്‍വലിക്കണം

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവരില്‍ ഭൂരിഭാഗം പ്രവാസികളും സന്നദ്ധ സംഘടനകളുടെ സാമ്പത്തിക സഹായത്താല്‍ ആണ് ടിക്കറ്റിനുള്ള പണം കണ്ടെത്തുന്നത്.

പ്രവാസികളുടെ മടക്ക യാത്ര തടസ്സപ്പെടുത്തുന്ന ഉത്തരവുകള്‍ പിന്‍വലിക്കണം
X

മനാമ: ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കേരളത്തില്‍ എത്തുന്ന പ്രവാസികള്‍ 48 മണിക്കൂറിനുള്ളില്‍ വിദേശ രാജ്യങ്ങളില്‍ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെങ്കില്‍ മാത്രമേ നാട്ടിലേക്കു വരുവാന്‍ പാടുള്ളൂ എന്ന് ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് ബഹ്‌റയ്‌നിലെ ആലപ്പുഴ പ്രവാസി അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വരുന്നവരില്‍ ഭൂരിഭാഗം പ്രവാസികളും സന്നദ്ധ സംഘടനകളുടെ സാമ്പത്തിക സഹായത്താല്‍ ആണ് ടിക്കറ്റിനുള്ള പണം കണ്ടെത്തുന്നത്. കൊവിഡ് ടെസ്റ്റിന് നാട്ടില്‍ ചിലവഴിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി തുക ചിലവഴിക്കുകയും വേണം. 48 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് നടത്തി റിസള്‍ട്ട് സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന് ബോധ്യമില്ലാത്തതിനാലാണ് ഇത്തരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഇരുനൂറിലധികം പ്രവാസികള്‍ ഇതിനകം മരണമടയുകയും കൂടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പരമാവധി പ്രവാസികളെ നാട്ടിലെത്തിച്ച് നല്ല ചികിത്സ ലഭ്യമാക്കി ജീവന്‍ രക്ഷിക്കുന്നതിനായി പ്രവാസി സംഘടനകള്‍ ഒറ്റക്കെട്ടായി ശ്രമിക്കുമ്പോള്‍ പ്രവാസികളെ മരണത്തിലേക്ക് തള്ളി വിടുവാനേ ഇത്തരം നിബന്ധനകള്‍ വഴിയൊരുക്കുകയുള്ളു എന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ജീവിതം വഴിമുട്ടി നില്‍ക്കുന്ന പ്രവാസികളെ ഒരുതരത്തിലും നാട്ടില്‍ പ്രവേശിക്കരുതെന്ന വാശിയോടുകൂടിയ ഉത്തരവുകള്‍ തുടരെ തുടരെ പുറപ്പെടുവിക്കുന്ന ക്രൂരത ഇനിയും തുടര്‍ന്നാല്‍ മുഴുവന്‍ പ്രവാസി സംഘടനകളുടെയും യോജിച്ചുള്ള ഇടപെടലുകള്‍ക്ക് ആലപ്പുഴ പ്രവാസി അസോസിയേഷന്‍ മുന്‍കൈ എടുക്കുമെന്നും യോഗം തീരുമാനിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ് ബംഗ്ലാവില്‍ ഷെരീഫ് അധ്യക്ഷത വഹിച്ച വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പ്രവീണ്‍ മാവേലിക്കര, ജയലാല്‍ ചിങ്ങോലി, ഹാരിസ് വണ്ടാനം, ശ്രീജിത്ത് കൈമള്‍, വിജയലക്ഷ്മി പള്ളിപ്പാട്, അനീഷ് ആലപ്പുഴ, സീന അന്‍വര്‍, ജോയ് ചേര്‍ത്തല, അനില്‍ കായംകുളം, ജോര്‍ജ് അമ്പലപ്പുഴ, സുള്‍ഫിക്കര്‍ ആലപ്പുഴ എന്നിവര്‍ സംസാരിച്ചു. സജി കലവൂര്‍ അവതരിപ്പിച്ച പ്രമേയം മിഥുന്‍ ഹരിപ്പാട് പിന്താങ്ങി.

Next Story

RELATED STORIES

Share it