കണ്ണൂര്‍ കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയത്തിനു അണിയറ നീക്കം

കണ്ണൂര്‍: ഇടതുമുന്നണി ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണ സമിതിക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ അണിയറ നീക്കം. ഇടതു മുന്നണിക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ ഏക കോണ്‍ഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷ് ഒരുങ്ങുന്നതായാണു സൂചന. കെ സുധാകരനുമായി തെറ്റിപ്പിരിഞ്ഞ് പഞ്ഞിക്കയില്‍ വാര്‍ഡില്‍ നിന്നു കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ചു ജയിച്ച രാഗേഷിനെ പാര്‍ട്ടിയിലെത്തിച്ച് ഭരണം പിടിക്കാന്‍ യുഡിഎഫ് ശ്രമം നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ പി കെ രാഗേഷ് തന്റെ അനുയായികളുടെ രഹസ്യ യോഗം വിളിച്ചതായാണ് സൂചന.ഇന്നലെ രാത്രി 10 നു രാഗേഷിന്റെ വീട്ടല്‍ ചേര്‍ന്ന ഐക്യജനാധിപത്യ സംരക്ഷണ സമിതി യോഗത്തില്‍ നവംബര്‍ ഏഴിനകം ഡെപ്യൂട്ടി മേയര്‍ സ്ഥാനം രാജിവച്ച് അവിശ്വാസ പ്രമേയ നോട്ടീസ് കൊണ്ടുവരാന്‍ ധാരണയായി. കെ സുധാകരന്‍ കെ പി സി സി വര്‍ക്കിങ് പ്രസിഡന്റായതോടെ, പി കെ രാഗേഷിനെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒരു വിഭാഗം സമീപിച്ചിരുന്നു. ലീഗ് ജില്ലാ നേതൃത്വവും ഇക്കാര്യം യുഡിഎഫില്‍ ഉന്നയിച്ചിരുന്നു. നീക്കം വിജയിക്കുകയാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് യു ഡി എഫിന്റെയും കണക്കുകൂട്ടല്‍. അതു മാത്രമല്ല, പതിറ്റാണ്ടുകളോളം കണ്ണൂര്‍ നഗരസഭയായിരുന്നപ്പോഴെല്ലാം ഭരണം യുഡിഎഫിനായിരുന്നു. കോര്‍പറേഷനായി മാറിയപ്പോള്‍ കോണ്‍ഗ്രസിലെ പടലപ്പിണക്കമാണ് അപ്രതീക്ഷിത ഭരണനഷ്ടത്തിനു കാരണമായത്. ഇരു മുന്നണികള്‍ക്കും തുല്യ സീറ്റുകള്‍ ലഭിച്ചപ്പോള്‍ ഏക കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ പിന്തുണ ഭരണത്തിന് അനിവാര്യമായി . അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ രാഗേഷിനെ അനുനയിപ്പിക്കാന്‍ രംഗത്തെത്തിയിരുന്നെങ്കിലും സുധാകരന്‍ വിഭാഗം ശക്തമായി എതിര്‍ത്തു. ഡെപ്യൂട്ടി മേയര്‍ പദവി വേണമെന്ന രാഗേഷിന്റെ ആവശ്യം ലീഗും യു ഡി എഫും സമ്മതിച്ചില്ല. ഇതോടെ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നേരിട്ട് ഇടപെട്ട് പിന്തുണ തേടി. ഇതിനിടയില്‍ നടന്ന കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ രാഗേഷ് യു ഡി എഫിനെ പിന്തുണച്ചതിനാല്‍ ഒന്നൊഴികെയുള്ള അധ്യക്ഷ സ്ഥാനം യു ഡി എഫിനു ലഭിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പ് പാലിക്കില്ലെന്നായതോടെ മേയര്‍ തിരഞ്ഞെടുപ്പില്‍ രാഗേഷ് ഇടതു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് യുഡിഎഫിന്റെ മേയര്‍ സാരഥി സുമാ ബാലകൃഷ്ണനെ ഒരു വോട്ടിന് പരാജയപ്പെടുത്തി സി പി എമ്മിലെ ഇ പി ലത കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പി കെ രാഗേഷ് വിട്ടുനിന്നതിനാല്‍, നറുക്കെടുപ്പിലൂടെ ലീഗിലെ സി സമീര്‍ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ രാഗേഷ് ഇടതു മുന്നണിയെ പിന്തുണക്കാന്‍ തീരു: നിച്ചതോടെ, അവിശ്വാസ സാധ്യത മുന്നില്‍ കൊണ്ട് സി സമീര്‍ രാജിവച്ചു. പിന്നീട് രാഗേഷ് ഇടതു പിന്തുണയില്‍ ഡെപ്യൂട്ടി മേയറാ യി. രണ്ടര വര്‍ഷം പിന്നിട്ടിട്ടും കോര്‍പറേഷനില്‍ കാര്യമായ വികസനം നടപ്പാക്കാനാവാത്തതും, ഏറ്റവുമൊടുവില്‍ കോര്‍പറേഷന്റെ ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പില്‍ സി പി എം നേതാവായ കൗണ്‍സിലര്‍ അശ്ശീല സംഭാഷണം പോസ്റ്റ് ചെയ്തതു സംബന്ധിച്ച വിവാദവും രാഗേഷിനെ രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയതായാണു സൂചന.
അതേസമയം പി കെ രാഗേഷിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ലീഗ് നീക്കം തിരിച്ചറിഞ്ഞാണ് രാഗേഷിന്റെ രാജി നീക്കമെന്നും സൂചനയുണ്ട്. ചില സി പി എം കൗണ്‍സിലര്‍മാരുടെ പിന്തുണ ഉറപ്പാക്കി ലീഗ് രാഗേഷിനെതിരേ അവിശ്വാസം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.

RELATED STORIES

Share it
Top