World

കൊവിഡ് 19 മനുഷ്യരാശിയുടെ ശത്രു; ഒരുമിച്ച് പോരാടണം: ലോകാരോഗ്യസംഘടന

ഡിസംബറില്‍ ചൈനയില്‍ രോഗം റിപോര്‍ട്ട് ചെയ്തശേഷം ഏഷ്യയിലേതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ യൂറോപ്പിലാണ് റിപോര്‍ട്ട് ചെയ്തത്. അതേസമയം, ആഫ്രിക്കയില്‍ 233 കേസുകളും നാല് മരണങ്ങളും മാത്രമാണ് റിപോര്‍ട്ട് ചെയ്തത്.

കൊവിഡ് 19 മനുഷ്യരാശിയുടെ ശത്രു; ഒരുമിച്ച് പോരാടണം: ലോകാരോഗ്യസംഘടന
X

ജനീവ: കൊവിഡ്- 19 മനുഷ്യരാശിയുടെ ശത്രുവാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). കൊറോണ വൈറസ് തങ്ങള്‍ക്ക് മുന്നില്‍ അഭൂതപൂര്‍വമായ ഭീഷണിയാണെന്നും മനുഷ്യരാശിക്കെതിരായ ഒരു പൊതുശത്രുവിനെതിരേ എല്ലാ രാഷ്ട്രങ്ങളും ഒരുമിച്ച് പോരാടാനുള്ള അവസരമാണിതെന്നും ഡബ്ല്യുഎച്ച്ഒ തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു. ലോകത്ത് രണ്ടുലക്ഷത്തോളം പേര്‍ക്ക് കൊവിഡ് 19 ബാധിച്ച പശ്ചാത്തലത്തിലായിരുന്നു ഗബ്രിയേസസ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടും എണ്ണായിരത്തിലധികം പേര്‍ കൊറോണ ബാധിച്ച് മരിച്ചു.

ഡിസംബറില്‍ ചൈനയില്‍ രോഗം റിപോര്‍ട്ട് ചെയ്തശേഷം ഏഷ്യയിലേതിനേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ യൂറോപ്പിലാണ് റിപോര്‍ട്ട് ചെയ്തത്. അതേസമയം, ആഫ്രിക്കയില്‍ 233 കേസുകളും നാല് മരണങ്ങളും മാത്രമാണ് റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, സ്ഥിതിഗതികള്‍ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഒരുഘട്ടം കഴിയുമ്പോള്‍ മറ്റു രാജ്യങ്ങളിലേക്ക് വൈറസ് എങ്ങനെ വേഗത്തില്‍ പടര്‍ന്നുപിടിക്കുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. രാഷ്ട്രത്തലവന്‍മാര്‍, ആരോഗ്യമന്ത്രിമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി മാനേജ്‌മെന്റുകള്‍, വ്യവസായപ്രമുഖര്‍ എന്നിവരുമായി കൊറോണയെ സംബന്ധിച്ച് ലോകാരോഗ്യസംഘടന ദിനംപ്രതി സംസാരിക്കുന്നുണ്ട്.

തങ്ങളെ രോഗം ബാധിക്കില്ലെന്ന് ആരും കരുതരുത്. കൊവിഡ് 19 സംശയമുള്ള എല്ലാ കേസുകളും പരിശോധിക്കണമെന്നും മുന്‍കരുതലുകളെടുക്കണമെന്നും ഡബ്ല്യുഎച്ച്ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കായികമല്‍സരങ്ങള്‍, സംഗീതകച്ചേരികള്‍, മറ്റ് വലിയ സമ്മേളനങ്ങള്‍ എന്നിവ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ളയുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് വൈറസിന്റെ കാര്യത്തില്‍ യുവാക്കളും സൂക്ഷ്മത പുലര്‍ത്തണമെന്ന് ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി വിഭാഗം മേധാവി മിഷേല്‍ റയാന്‍ മുന്നറിയിപ്പ് നല്‍കി. ഇത് പ്രായമായവരുടെ മാത്രം ഒരു രോഗമല്ല. ആരോഗ്യമുള്ള ചെറുപ്പക്കാരിലും രോഗം ഗുരുതരമാവുന്നതായി കാണാറുണ്ട്. അതുകൊണ്ട് ചെറിയ രോഗലക്ഷണംപോലും സൂക്ഷ്മമായി നിരീക്ഷിച്ച് ചികില്‍സ തേടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it