Big stories

മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പെടുത്തണം; ആവശ്യവുമായി യുഎന്‍ രക്ഷാസമിതിയില്‍ ലോകരാജ്യങ്ങള്‍

യുഎന്‍ രക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ മൂന്ന് രാജ്യങ്ങളാണ് പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. മസൂദ് അസ്്ഹറിന് ആഗോള യാത്രാനിരോധനം ഏര്‍പ്പെടുത്തണം.

മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പെടുത്തണം; ആവശ്യവുമായി യുഎന്‍ രക്ഷാസമിതിയില്‍ ലോകരാജ്യങ്ങള്‍
X

ന്യൂയോര്‍ക്ക്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പെടുത്തണമെന്ന ആവശ്യവുമായി ലോകരാജ്യങ്ങള്‍ രംഗത്ത്. യുഎന്‍ രക്ഷാസമിതിയിലെ അംഗങ്ങളായ അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ മൂന്ന് രാജ്യങ്ങളാണ് പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. മസൂദ് അസ്്ഹറിന് ആഗോള യാത്രാനിരോധനം ഏര്‍പ്പെടുത്തണം. സ്വത്തുക്കള്‍ മരവിപ്പിക്കണമെന്നും ആയുധങ്ങള്‍ കണ്ടുകെട്ടണമെന്നുമാണ് ലോകരാജ്യങ്ങളുടെ ആവശ്യം. യുഎന്‍ രക്ഷാസമിതിയിലെ പ്രത്യേക സമിതിയാണ് ഈ നിര്‍ദേശം പരിശോധിച്ചുവരുന്നത്.

ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ ജെയ്‌ഷെ മുഹമ്മദിനെ നേരത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ജെയ്‌ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പെടുത്താന്‍ ചൈന തയ്യാറായിരുന്നില്ല. 2009ലാണ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ പ്രമേയം കൊണ്ടുവരാന്‍ ഇന്ത്യ നീക്കം നടത്തിയത്. 2016ല്‍ പത്താന്‍കോട്ട് ആക്രമണത്തിനുപിന്നാലെയും ഇതിനു ശ്രമിച്ചു. 2017ല്‍ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സമാനപ്രമേയം കൊണ്ടുവന്നു. പ്രമേയങ്ങള്‍ കൊണ്ടുവന്നപ്പോഴെല്ലാം രക്ഷാസമിതിയിലെ വീറ്റോ അധികാരമുപയോഗിച്ച് ചൈന എതിര്‍ക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭിയല്‍ മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാടിനെതിരെയായിരുന്നു ചൈന ഇതുവരെ നിലകൊണ്ടത്.

എന്നാല്‍, ഫ്രാന്‍സിന്റെ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായിരിക്കുന്ന നീക്കത്തിന് കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണയാണ് ലഭിക്കുന്നത്. മസൂദ് അസ്ഹറിനെ ലോകത്തെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ഫ്രാന്‍സ് ഉദ്ദേശിക്കുന്നത്. മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്തണമെന്ന പ്രമേയം ഫ്രാന്‍സ് രക്ഷാസമിതിയില്‍ അവതരിപ്പിച്ചേക്കും. 15 അംഗ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം മാര്‍ച്ച് ഒന്നിന് ഇക്വറ്റോറിയല്‍ ഗിനിയില്‍നിന്ന് ഫ്രാന്‍സ് ഏറ്റെടുക്കാനിരിക്കെയാണ് പ്രമേയമെന്നതും ശ്രദ്ധേയമാണ്. സമിതിയില്‍ വീറ്റോ അധികാരമുള്ള സ്ഥിരാംഗമാണ് ഫ്രാന്‍സ്.

Next Story

RELATED STORIES

Share it