World

അല്‍ഖോബാര്‍ ടവര്‍ ബോംബാക്രമണം: ഇരകള്‍ക്ക് ഇറാന്‍ 87.90 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് കോടതി

കിഴക്കന്‍ പ്രവിശ്യയിലെ നഗരമായ അല്‍ഖോബാറിലേ അബ്ദുല്‍ അസീസ് എയര്‍ ബേസിന്റെയും സൗദി അരാംകോയുടെയും ആസ്ഥാനമായ ഖോബാര്‍ ടവേഴ്‌സില്‍ 1996 ജൂണ്‍ 25നാണ് ആക്രമണം നടന്നത്. ഓപറേഷന്‍ സതേണ്‍ ഗ്രൂപ്പില്‍ ജോലിചെയ്യുന്ന അമേരിക്കന്‍ സൈനികരാണ് ഇവിടെ താമസിച്ചിരുന്നത്.

അല്‍ഖോബാര്‍ ടവര്‍ ബോംബാക്രമണം: ഇരകള്‍ക്ക് ഇറാന്‍ 87.90 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് കോടതി
X

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ സൗദി അറേബ്യയിലെ അല്‍ഖോബാര്‍ ടവറില്‍ 1996 ല്‍ നടന്ന ബോംബാക്രമണത്തിലെ ഇരകള്‍ക്ക് ഇറാന്‍ 87 കോടി 90 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടു. കിഴക്കന്‍ പ്രവിശ്യയിലെ നഗരമായ അല്‍ഖോബാറിലേ അബ്ദുല്‍ അസീസ് എയര്‍ ബേസിന്റെയും സൗദി അരാംകോയുടെയും ആസ്ഥാനമായ ഖോബാര്‍ ടവേഴ്‌സില്‍ 1996 ജൂണ്‍ 25നാണ് ആക്രമണം നടന്നത്. ഓപറേഷന്‍ സതേണ്‍ ഗ്രൂപ്പില്‍ ജോലിചെയ്യുന്ന അമേരിക്കന്‍ സൈനികരാണ് ഇവിടെ താമസിച്ചിരുന്നത്.

എട്ടുനിലകളുള്ള കെട്ടിടത്തിന് സമീപമുണ്ടായിരുന്ന ബോംബ് നിറച്ച ഇന്ധന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ 19 യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു സൗദി പൗരനും കൊല്ലപ്പെട്ടു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 498 പേര്‍ക്ക് പരിക്കേറ്റു. ഹിസ്ബുല്ല പ്രവര്‍ത്തകര്‍ക്ക് ഇറാന്‍ സര്‍ക്കാര്‍ സഹായം നല്‍കിയെന്നാണ് യുഎസ് കോടതിയുടെ കണ്ടെത്തല്‍. ആക്രമണത്തിനുപയോഗിച്ച സ്ഫോടകവസ്തുക്കള്‍ ലബനാനില്‍നിന്നാണ് അക്രമികള്‍ കൊണ്ടുവന്നതെന്ന് ചിക്കാഗോ നിയമസ്ഥാപനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

പിടികൂടിയ പ്രതികള്‍ ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍, ഇറാനിയന്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സ്, ഇറാനിയന്‍ രഹസ്യാന്വേഷണ സേന, സുരക്ഷാമന്ത്രാലയം എന്നിവയില്‍പെട്ടവരാണെന്നുമാണ് അമേരിക്കയുടെ അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്. ആക്രമണത്തിനില്‍ മരിച്ചവര്‍ യുനൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറിയുടെ എയര്‍ലിഫ്റ്റ് വിങ്ങില്‍ ജോലിചെയ്യുന്നവരായിരുന്നു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നീതിപീഠത്തിലേക്ക് കൊണ്ടുവരുന്നതിനായി അമേരിക്ക 50 ലക്ഷം ഡോളര്‍വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇറാന്‍ നടത്തിയ ഇത്തരമൊരു ആക്രമണത്തില്‍ പിഴ മാത്രം ചുമത്തുന്നത് പര്യാപ്തമല്ലെന്ന് സൗദി പൊളിറ്റിക്കല്‍ അനലിസ്റ്റും അന്താരാഷ്ട്ര പണ്ഡിതനുമായ ഡോ.ഹംദാന്‍ അല്‍ ഷെഹ്‌രി അറബ് ന്യൂസിനോട് പറഞ്ഞു.

സായുധര്‍ നടത്തിയ ബോംബാക്രമണത്തില്‍ സൈനികനടപടിയാണ് വേണ്ടത്. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇനി ഇറാന്‍ ആവര്‍ത്തിക്കാതിരിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ആവശ്യം. ദശലക്ഷം ഡോളറുകള്‍ വാങ്ങി ഇറാനെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണം നടന്ന് 20 വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായ കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ബോംബാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റിട്ടയേഡ് എയര്‍ഫോഴ്സ് സ്റ്റാഫ് സര്‍ജന്റ് ക്രൂ ചീഫ് ഗ്ലെന്‍ ക്രിസ്റ്റി പറഞ്ഞു. ഖോബാര്‍ ടവറില്‍ ഇറാന്‍ ചെയ്ത തിന്‍മയെ ലോകം ഓര്‍ക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഞങ്ങളുടെ അഭിഭാഷകരുടെ പരിശ്രമത്തിന്റെ ഭാഗമായി അത് പ്രാവര്‍ത്തികമാക്കാനായെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it