World

ഹോര്‍മുസില്‍ ഇന്ത്യന്‍ എണ്ണക്കപ്പലിന് നേരെ ഇറാന്‍ നാവികസേന വെടിയുതിര്‍ത്തതായി റിപോര്‍ട്ട്

കപ്പലും ജീവനക്കാരും സുരക്ഷിതര്‍

ഹോര്‍മുസില്‍ ഇന്ത്യന്‍ എണ്ണക്കപ്പലിന് നേരെ ഇറാന്‍ നാവികസേന വെടിയുതിര്‍ത്തതായി റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: ഹോര്‍മുസില്‍ ഇന്ത്യന്‍ പതാകയേന്തിയ രണ്ട് കപ്പലുകള്‍ക്കുനേരെ ഇറാന്‍ നാവികസേന വെടിയുതിര്‍ത്തതായി റിപോര്‍ട്ട്. ജഗ് അര്‍ണവ്, സന്‍മാര്‍ ഹെറാള്‍ഡ് എന്നീ രണ്ട് ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 20 ലക്ഷം ബാരല്‍ ഇറാഖി എണ്ണയുമായി നീങ്ങുകയായിരുന്ന കപ്പലിന് നേരേയായിരുന്നു ഒമാന്‍ ഉള്‍ക്കടലില്‍വെച്ച് ആക്രമണം.

ജഗ് അര്‍ണവിന് നേരെ നേരിട്ട് ആക്രമണമുണ്ടായതായും സന്‍മാര്‍ ഹെറാള്‍ഡ് എന്ന കപ്പലിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സന്‍മാര്‍ ഹെറാള്‍ഡ് എന്ന കപ്പലും ആക്രമണ സമയത്ത് ഹോര്‍മുസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ കപ്പലിന് നേരെ ആക്രമണം ഉണ്ടായില്ല. രണ്ട് കപ്പലുകളും മടങ്ങിപ്പോയെന്ന് റിപോര്‍ട്ടുകള്‍. കപ്പലും ജീവനക്കാരും സുരക്ഷിതരെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഹോര്‍മുസ് കടലിടുക്കിലെ സ്വതന്ത്രവും തടസ്സമില്ലാത്തതുമായ കപ്പല്‍ ഗതാഗതത്തിന് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകളൊന്നുമില്ലെങ്കിലും ഒമാന്‍ ഉള്‍ക്കടലില്‍ ഇന്ത്യയുടെ രണ്ട് ഡിസ്‌ട്രോയറുകളും ഒരു ഫ്രിഗേറ്റും ഒരു ടാങ്കറും നിലയുറപ്പിച്ചിട്ടുണ്ട്.

നാവിക ഉപരോധം തുടരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചിരുന്നു. ഇറാനിലേക്ക് എത്തുന്ന എല്ലാ കപ്പലുകള്‍ക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ, ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം കര്‍ശന നിയന്ത്രണത്തിലായിരിക്കുമെന്നാണ് ഇറാന്റെ വിശദീകരണം.

Next Story

RELATED STORIES

Share it