World

ജോര്‍ദാനില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ട സംഭവം; തിരിച്ചടിക്കും: ജോ ബൈഡന്‍

ജോര്‍ദാനില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ട സംഭവം; തിരിച്ചടിക്കും: ജോ ബൈഡന്‍
X

വാഷിങ്ടന്‍ ; വടക്കന്‍ ജോര്‍ദാനില്‍ സിറിയന്‍ അതിര്‍ത്തിക്കു സമീപം യുഎസ് സൈനിക ക്യാംപിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 3 യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നാണു ബൈഡന്റെ ആരോപണം.എന്നാല്‍ ആരോപണം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.

ഉത്തരവാദികളെ കണ്ടെത്തുമെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ''വളരെ മോശമായ ദിവസമായിരുന്നു. ഞങ്ങളുടെ സൈനികത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു കരുത്തരായ സൈനികരെ ഞങ്ങള്‍ക്കു നഷ്ടപ്പെട്ടു. തിരിച്ചടിക്കും'' സൗത്ത് കരോലിനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈഡന്‍ പറഞ്ഞു. ആക്രമണത്തിനു പിന്നാലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ബൈഡന്‍ ഭരണകൂടത്തെ വിമര്‍ശിച്ചു. ഇറാനെതിരെ ശക്തമായ സൈനിക തിരിച്ചടി നല്‍കണമെന്നും സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ സൈനികരുടെയും രാജ്യത്തിന്റെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

യുഎസ് സൈനിക ക്യാംപിനുനേരെയുണ്ടായ ആക്രമണത്തില്‍ 34 സൈനികര്‍ക്കാണു പരുക്കേറ്റത്. കൂടുതല്‍ പേര്‍ ചികിത്സ തേടുന്ന സാഹചര്യത്തില്‍ പരുക്കേറ്റവരുടെ എണ്ണത്തില്‍ മാറ്റമുണ്ടായേക്കാം. മികച്ച ചികിത്സയക്കായി എട്ടു സൈനികരെ ജോര്‍ദാനില്‍നിന്നും ഒഴിപ്പിച്ചതായും ഇവരുടെ ആരോഗ്യനില കുഴപ്പമില്ലാതെ തുടരുന്നതുമായാണു വിവരം.സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നാണ് ആക്രമണമുണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്. സിറിയയിലും ഇറാഖിലും പ്രവര്‍ത്തിക്കുന്ന, ഇറാന്റെ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. ഇറാഖിലും സിറിയയിലുമുള്ള യുഎസ് സൈനികരെ ഉന്നമിട്ട് ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണു മൂന്നു പേര്‍ കൊല്ലപ്പെട്ടത്. സമീപകാലത്തായി യുഎസ് സൈനികര്‍ക്കെതിരെ ഈ മേഖലയില്‍ 158 ചെറിയ ആക്രമണങ്ങള്‍ ഉണ്ടായതായാണ് കണക്ക്. ഡ്രോണുകളും റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ച് പലതവണ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അവയൊന്നും യുഎസ് സൈന്യത്തിന് കാര്യമായ നാശമുണ്ടാക്കിയിരുന്നില്ല.




Next Story

RELATED STORIES

Share it