World

ട്വന്റി-20, ടെസ്റ്റ് സീരിസ്: ന്യൂസിലന്‍ഡിലെത്തിയ പാക് ക്രിക്കറ്റ് ടീമിലെ ഏഴാമത്തെ താരത്തിനും കൊവിഡ്

നിലവില്‍ ക്രൈസ്റ്റ്ചര്‍ച്ച ഹോട്ടലിലാണ് ഇവര്‍ താമസിക്കുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍, സ്റ്റാഫ് തുടങ്ങി 53 അംഗ സംഘമാണ് ന്യൂസിലന്‍ഡില്‍ നവംബര്‍ 24നെത്തിയത്.

ട്വന്റി-20, ടെസ്റ്റ് സീരിസ്: ന്യൂസിലന്‍ഡിലെത്തിയ പാക് ക്രിക്കറ്റ് ടീമിലെ ഏഴാമത്തെ താരത്തിനും കൊവിഡ്
X

വെല്ലിങ്ടണ്‍: ട്വന്റി-20, ടെസ്റ്റ് സീരിസിനായി ന്യൂസിലന്‍ഡിലെത്തിയ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ഏഴാമത്തെ താരത്തിനും കൊവിഡ് സ്ഥിരീകരിച്ചു. ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ പാക് ക്രിക്കറ്റ് ടീമിനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ ക്രൈസ്റ്റ്ചര്‍ച്ച ഹോട്ടലിലാണ് ഇവര്‍ താമസിക്കുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍, സ്റ്റാഫ് തുടങ്ങി 53 അംഗ സംഘമാണ് ന്യൂസിലന്‍ഡില്‍ നവംബര്‍ 24നെത്തിയത്.

അന്നുതന്നെ ശേഖരിച്ച സ്രവങ്ങളുടെ പരിശോധനാഫലമാണ് ന്യൂസിലാന്‍ഡ് വ്യാഴാഴ്ച പുറത്തുവിട്ടപ്പോഴാണ് ആറ് പാക് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ 14 ദിവസത്തെ ക്വാറന്റൈനിലാണ്. മറ്റു ടീം അംഗങ്ങളും അവരുടെ താമസസ്ഥലത്തിന്റെ പരിസരത്ത് മാത്രമായി ഒതുങ്ങണം. സാമൂഹിക ഇടപെടല്‍ അനുവദിക്കില്ല. ശനിയാഴ്ച ക്രൈസ്റ്റ്ചര്‍ച്ചിലെ ഹോട്ടലില്‍ ഇവര്‍ക്ക് പരിശീലനം നടത്താന്‍ കഴിഞ്ഞില്ല.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന കൊവിവ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അന്തിമ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. ക്വാറന്റൈന്‍ കാലയളവില്‍ ഇവര്‍ക്ക് പരിശീലനത്തിന് ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയം അറിയിച്ചു. ക്വാറന്റൈന്‍ ലംഘിച്ച് നിരവധി പേര്‍ ഹോട്ടലില്‍നിന്ന് പുറത്തിറങ്ങിയതായി അധികൃതര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പാക് ക്രിക്കറ്റ് ടീമിന് അനുവദിച്ച ഇളവുകള്‍ നിര്‍ത്തലാക്കിയിരുന്നു.

നിയമലംഘനം വളരെ ഗൗരവമായാണ് കാണുന്നതെന്നും പാകിസ്താന്‍ ടീമിന് അന്തിമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ന്യൂസിലാന്റ് ആരോഗ്യ ഡയറക്ടര്‍ ജനറല്‍ ആഷ്ലി ബ്ലൂംഫീല്‍ഡ് അറിയിച്ചു. ന്യൂസിലന്‍ഡിലേക്ക് യാത്രയാവുന്നതിന് മുമ്പ് നടത്തിയ പരിശോധനയില്‍ താരങ്ങളുടെ ഫലം നെഗറ്റീവായിരുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലായി മൂന്ന് ട്വന്റി-20 മല്‍സരങ്ങളും രണ്ട് ടെസ്റ്റുമാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ആദ്യ ട്വന്റി-20 മല്‍സരം ഡിസംബര്‍ 18ന് നടക്കേണ്ടതാണ്. പാക് ടീമിലെ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മല്‍സരങ്ങള്‍ നടക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Next Story

RELATED STORIES

Share it