യമനില്‍ വിമതര്‍ പ്രസിഡന്റിന്റെ കൊട്ടാരവും സൈനിക ക്യാംപുകളും പിടിച്ചു
ശക്തമായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സന്‍ആ: ദക്ഷിണ യമനിലെ വിഘടനവാദികള്‍ സര്‍ക്കാര്‍ സൈനിക ക്യാംപുകള്‍ പൂര്‍ണമായും ഏദനിലെ പ്രസിഡന്റിന്റെ കൊട്ടാരവും പിടിച്ചെടുത്തു. ശക്തമായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
യുഎഇയുടെ പിന്തുണയുള്ള സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സായുധ സംഘമായ സെക്യൂരിറ്റി ബെല്‍റ്റാണ് പ്രസിഡന്റിന്റെ കൊട്ടാരവും ക്യാംപുകളും കൈയടക്കിയത്. പ്രസിഡന്റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയുടെ പക്ഷത്തുള്ള സൈനികര്‍ എതിര്‍പ്പൊന്നും കൂടാതെയാണ് കൊട്ടാരം വിട്ടുതന്നതെന്ന് സെക്യൂരിറ്റി ബെല്‍റ്റ് വക്താവ് പറഞ്ഞു. ഹാദി സര്‍ക്കാരിന്റെ താല്‍ക്കാലിക ആസ്ഥാനമായ ഏദനിലെ സൈനിക ക്യാംപുകള്‍ മുഴുവന്‍ വിമതര്‍ പിടിച്ചെടുത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്.
ഇതോടെ ഏദന്റെ നിയന്ത്രണം വിമതരുടെ കൈയിലായി. സതേണ്‍ ട്രാന്‍സിഷന്‍ കൗണ്‍സില്‍(എസ്ടിസി) സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹാദി സര്‍ക്കാര്‍ ആരോപിച്ചു. അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെതിരായ അട്ടിമറിയാണ് ഏദനില്‍ എസ്ടിസി നടത്തുന്നതെന്ന് വിദേശമന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
2014ല്‍ ഹൂത്തികള്‍ യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഹാദി സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലേക്കു പലായനം ചെയ്തിരുന്നു.