World

മാപ്പ് പോര; പൗരനെ കൊലപ്പെടുത്തിയതില്‍ സംയുക്ത അന്വേഷണം വേണമെന്ന് ദക്ഷിണ കൊറിയ

സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. സംയുക്ത അന്വേഷണം നടത്തി സത്യം വേഗത്തില്‍ പുറത്തുകൊണ്ടുവരണമെന്നും ദക്ഷിണ കൊറിയ ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗത്തിനുശേഷം ഡെപ്യൂട്ടി ഡയറക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാപ്പ് പോര; പൗരനെ കൊലപ്പെടുത്തിയതില്‍ സംയുക്ത അന്വേഷണം വേണമെന്ന് ദക്ഷിണ കൊറിയ
X

സോള്‍: അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് തങ്ങളുടെ പൗരനെ ഉത്തരകൊറിയന്‍ സൈന്യം കൊലപ്പെടുത്തിയ സംഭവത്തില്‍ സംയുക്ത അന്വേഷണം വേണമെന്ന് ദക്ഷിണ കൊറിയ. കൊലപാതകത്തില്‍ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്‍ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് ദക്ഷിണ കൊറിയ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. സംയുക്ത അന്വേഷണം നടത്തി സത്യം വേഗത്തില്‍ പുറത്തുകൊണ്ടുവരണമെന്നും ദക്ഷിണ കൊറിയ ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗത്തിനുശേഷം ഡെപ്യൂട്ടി ഡയറക്ടര്‍ സുഹ് ചൂ-സുക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അന്വേഷണത്തിനും പ്രസക്തമായ വിവരങ്ങള്‍ കൈമാറുന്നതിനുമായി അന്തര്‍ കൊറിയന്‍ സൈനിക ഹോട്ട്ലൈനുകള്‍ പുനസ്ഥാപിക്കണം. മരിച്ചയാളുടെ മൃതദേഹം അതാത് പ്രദേശത്തെ വെള്ളത്തില്‍ തിരയാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയന്‍ അതിര്‍ത്തിയില്‍നിന്ന് ആറ് മൈല്‍ മാറി കടലില്‍ പട്രോളിങ് നടത്തിയിരുന്ന ഫിഷറീസ് ഉദ്യോഗസ്ഥനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് ദക്ഷിണ കൊറിയ ആരോപിച്ചത്. ഉത്തര കൊറിയന്‍ സൈന്യം പിടിച്ചുകൊണ്ടുപോയ ഇദ്ദേഹത്തെ ചോദ്യം ചെയ്യലിനുശേഷം വെടിവെച്ചുകൊലപ്പെടുത്തി. പിന്നീട് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. മൃതശരീരം കത്തിക്കുമ്പോള്‍ ഉത്തര കൊറിയന്‍ സൈനികര്‍ ഗ്യാസ് മാസ്‌ക് ധരിച്ചിരുന്നു.

തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം കണ്ടെത്തിയത്. ഇക്കാര്യത്തില്‍ ഉത്തര കൊറിയ വിശദീകരണം നല്‍കണമെന്നും ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ മാപ്പ് പറഞ്ഞ് കിങ് ജോങ് ഉന്‍ ദക്ഷിണ കൊറിയയ്ക്ക് കത്തയച്ചത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന് അയച്ച കത്തിലായിരുന്നു കിങ്ങിന്റെ ഖേദപ്രകടനം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് തങ്ങളുടെ സമുദ്രാതിര്‍ത്തിയിലുണ്ടായത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നടപടിയില്‍ ദക്ഷിണ കൊറിയന്‍ പൗരന്‍ കൊല്ലപ്പെട്ടതില്‍ ഖേദിക്കുന്നതായും കിം കത്തില്‍ വ്യക്തമാക്കിയിരുന്നു. സമുദ്രാതിര്‍ത്തിയിലെത്തിയയാള്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചുചോദിച്ചിട്ടും പ്രതികരിക്കാതെ വന്നതോടെയാണ് വെടിയുതിര്‍ത്തതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it